ADVERTISEMENT

മധുര മനോജ്ഞ മുദ്രാവാക്യം കേട്ട് നാട്ടുകാർ വോട്ട് ചെയ്യുമെങ്കിൽ ഇത്തവണ ഉറപ്പാണ്, ഇടതുമുന്നണി തന്നെ അധികാരത്തിൽ വരും. കാരണം അവരുടെ തിരഞ്ഞെടുപ്പു ടാഗ്‌ലൈൻ ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഇരുമുന്നണികൾക്കും മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നു, എന്നാൽ 2016 ലെ തിരഞ്ഞെടുപ്പ് മുതലാണ് തിരഞ്ഞെടുപ്പിനു മുൻപേ തന്നെ മുന്നണിയുടെ മുദ്രയുള്ള വാക്യമായി ടാഗ്‍ലൈൻ ഉണ്ടാക്കി പ്രചാരണം തുടങ്ങിയത്: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ടാഗ്‌ലൈൻ ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്നായിരുന്നു. എൽഡിഎഫ് വന്നു, എല്ലാം ശരിയായോ എന്നത് വേറെ കാര്യം. 

ldf-assembly-elections-campaign-flex-board-file-image
(ഫയൽ ചിത്രം)

യുഡിഎഫ് അതിനെ ‘വളരണമീ നാട് തുടരണമീ ഭരണം’ എന്ന സാധാരണ ടാഗ്‍ലൈൻ കൊണ്ടു നേരിട്ടു. പക്ഷേ ജനം ആ ആഹ്വാനം കേട്ടില്ല. ആരുമത് ഓർത്തുവച്ചുമില്ല. ഇത്തവണ തുടർഭരണ സൂചന നൽകി ഇടതുമുന്നണി ടാഗ് ലൈൻ പരിഷ്കരിച്ചു. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നാക്കി. ഇതിനു ബദലായി യുഡിഎഫ് കൊണ്ടുവന്നത് ‘നാട് നന്നാകാൻ യുഡിഎഫ്’ എന്ന പതിവ് മുദ്രാവാക്യം.

പിന്നൊരു കാര്യം. പഞ്ചുളള ടാഗ് ലൈനുകൾക്ക് എപ്പോഴും ഒരു ദുര്യോഗമുണ്ട്. അവയെ ജനവും എതിർപക്ഷവും ട്രോളിക്കൊണ്ടേയിരിക്കും. അതുകൊണ്ടാണ് ‘അറപ്പാണ് എൽഡിഎഫ്’ എന്ന പാരഡിയുണ്ടായത്. അതേസമയം പഞ്ചില്ലാത്ത ടാഗ് ലൈനുകൾ ട്രോളർമാരുടെ കണ്ണിൽപോലും പെടില്ല. ‘നാടു നന്നാകാൻ യുഡിഎഫ്’ എന്ന വാക്കുവച്ച് എന്തു ട്രോളാനാണ്!

‘തിരിച്ചറിയും ജനം തിരിച്ചു വരും യുഡിഎഫ്’ എന്ന പഞ്ചുള്ള ടാഗ്‌ലൈൻ ചിലർ നിർദ്ദേശിച്ചെങ്കിലും ജ്യോതിഷപ്രകാരം നേതാക്കൾ അതിനെ നിഷ്കരുണം അരിഞ്ഞു വീഴ്ത്തിയെന്നു പിന്നാമ്പുറത്തു കേട്ടു. നാടു നന്നാക്കിക്കളയാം എന്നുകരുതി എല്ലാവരും യുഡിഎഫിന് വോട്ട് ചെയ്യുമോ എന്ന് ഇനി കാത്തിരുന്നു കാണാം.

udf-election-campaign-lex-board-file-image
(ഫയൽ ചിത്രം)

കഴിഞ്ഞ 9 നിയമസഭാ തിരഞ്ഞെടുപ്പിലും ഭരണപക്ഷം വിളിച്ച മുദ്രാവാക്യം ജനം ചെവിക്കൊണ്ടില്ല. ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ഭരണത്തുടർച്ച ഉണ്ടാകേണ്ടതായിരുന്നു. ടാഗ്‌ലൈൻ ഇല്ലെങ്കിലും 1977 മുതൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മുദ്രാവാക്യമുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്ന 77ലെ തിരഞ്ഞെടുപ്പിൽ ഇഎംഎസ് പറഞ്ഞു: ‘അടിയന്തരാവസ്ഥ അറബിക്കടലിൽ’. അതു പിന്നീട് ഇടതുമുന്നണിയുടെ മുദ്രാവാക്യമായി. അതിന് കോൺഗ്രസിന്റെ ബദൽ മുദ്രാവാക്യം ‘അക്രമ രാഷ്ട്രീയം അറബിക്കടലിൽ’ എന്നായിരുന്നു.

എന്നാൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയെ അധികാരത്തിൽനിന്ന് താഴെയിറക്കിയ ശേഷം വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിമോചനസമരത്തെ ന്യായീകരിച്ച് കോൺഗ്രസ് ഉയർത്തിയ ഒരു മുദ്രാവാക്യം കാസർകോട് മുതൽ പാറശ്ശാല വരെ ഒരു പോലെ അലയടിച്ചു. ജനങ്ങളെ ആവേശം കൊള്ളിച്ചു. ‘തെക്കു തെക്കൊരു ദേശത്ത് തിരമാലകളുടെ തീരത്ത് ഫ്ളോറി എന്നൊരു ഗർഭിണിയെ ചുട്ടുകരിച്ചൊരു സർക്കാരേ... പകരം ഞങ്ങൾ ചോദിക്കും.’ എന്നതായിരുന്നു അത്.

ems-amboothiripad-kerala-communist-leader
ഇഎംഎസ് നമ്പൂതിരിപ്പാട് (ഫയൽ ചിത്രം)

77 ലെ തിരഞ്ഞെടുപ്പിൽ ഉയർന്നുകേട്ട ഒരു മുദ്രാവാക്യം ലക്ഷ്യം കണ്ടില്ലെങ്കിലും പിന്നീട് കാലങ്ങളോളം അത് ജനമനസ്സിൽ മുഴങ്ങി നിന്നു: ‘57 ൽ ഇഎംഎസ് 67 ൽ ഇഎംഎസ് എസ് 77 ലും ഇഎംഎസ്’. 77 ൽ പക്ഷേ ഇഎംഎസ് വന്നതു പ്രതിപക്ഷ നേതാവായിട്ടായിരുന്നുവെന്നു മാത്രം.

1996 ൽ ഇടതുമുന്നണി ഉയർത്തിയ ഒരു മുദ്രാവാക്യം അവരെത്തന്നെ തിരിഞ്ഞു കുത്തി. ‘കേരം തിങ്ങും കേരള നാട് കെ.ആർ. ഗൗരി ഭരിച്ചീടും’ എന്ന ക്ലാസ് മുദ്രാവാക്യം കേരളം മുഴുവൻ അലയടിച്ചു. ഇടതുമുന്നണി അധികാരത്തിൽ വന്നു പക്ഷേ ജനം പ്രതീക്ഷിച്ച പോലെ ഗൗരിയമ്മ മുഖ്യമന്ത്രിയായില്ല. അധികം വൈകാതെ ഗൗരിയമ്മ സിപിഎം വിടുകയും ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുദ്രാവാക്യവും പ്രാസം കൊണ്ട് സമ്പന്നമായിരുന്നു. ‘വഴിമുട്ടിയ കേരളം വഴികാട്ടാൻ ബിജെപി’. ബിജെപി കാട്ടിയ വഴി ഒരു മണ്ഡലത്തിലേ ജനം കണ്ടുള്ളൂ: നേമത്ത്.

എല്ലാ രാഷ്ട്രീയ പാർട്ടികളും എന്നും ഒരുപോലെ പോലെ വിളിക്കുന്ന ചില മുദ്രാവാക്യങ്ങളുണ്ട്. ‘എണ്ണാമെങ്കിൽ എണ്ണിക്കോ നാളെ കള്ളം പറയരുത്’ മറ്റൊന്ന് ‘പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ ബാലറ്റ് പേപ്പർ എടുക്കുമ്പോൾ ----- ചിഹ്നം മറക്കരുത്’

തോറ്റ എതിർ സ്ഥാനാർഥിയെ കളിയാക്കാൻ ഒരു സ്ഥിരം മുദ്രാവാക്യമുണ്ട്. ‘പെട്ടി പെട്ടി ശിങ്കാരപ്പെട്ടി. പെട്ടി തുറന്നപ്പോൾ ---- പൊട്ടി’. (പൊട്ടിയ സ്ഥാനാർഥിയുടെ പേരുകൊണ്ടു പൂരിപ്പിക്കാം).

ജനമനസ്സിൽ ഇതിലും രസകരമായ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ വേറെയും ഉണ്ടാകും. കാലത്തിനു സൂക്ഷിച്ചു വയ്ക്കാൻ ഈ തിരഞ്ഞെടുപ്പിലും പുതിയ മുദ്രാവാക്യങ്ങൾ പിറക്കും.

English Summary : Kerala Assembly Elections campaign slogans

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com