അച്ചാർ കഴിച്ചിട്ടുണ്ടെങ്കിലും നെല്ലിക്ക രസം ഉണ്ടാക്കിയിട്ടുണ്ടോ? അധിക സമയം വേണ്ട!
Mail This Article
വിറ്റാമിന്‍ എ,സി തുടങ്ങിയവയുടെയും മറ്റ് ഒട്ടേറെ പോഷകഘടകങ്ങളുടെയും കലവറയാണ് നെല്ലിക്ക. കണ്ണിന്‍റെയും ത്വക്കിന്‍റെയും ആരോഗ്യത്തിനും ആമാശയം, കരൾ, തലച്ചോർ, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും നെല്ലിക്ക സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും ഓര്‍മശക്തി കൂട്ടാനും വാതരോഗങ്ങള്‍ക്കെതിരെയും ആർത്തവ ക്രമക്കേടുകൾക്ക് പരിഹാരമായുമെല്ലാം നെല്ലിക്ക ഉപയോഗിക്കാറുണ്ട്.
ദിവസവും നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ നല്ലതാണ്. പച്ചയ്ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് നെല്ലിക്ക കൊണ്ട് വിവിധ വിഭവങ്ങള്‍ തയാറാക്കി കഴിക്കാം. നെല്ലിക്ക കൊണ്ട് ഉണ്ടാക്കാവുന്ന വളരെ രുചികരമായ ഒരു വിഭവമാണ് നെല്ലിക്ക രസം. ഇത് എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
കുരുമുളക്-1 ടീസ്പൂൺ
ജീരകം-1 ടീസ്പൂൺ
പച്ചമുളക്-എണ്ണം
വെളുത്തുള്ളി–10 അല്ലികള്‍
വേവിച്ച പരിപ്പ്–¼ കപ്പ്
മഞ്ഞൾ–¼ ടീസ്പൂൺ
കായം–⅛ ടീസ്പൂൺ
ഉപ്പ്–ആവശ്യത്തിന്
താളിക്കാന്‍
നെയ്യ്–1 ടീസ്പൂൺ
കടുക്–½ ടീസ്പൂൺ
ജീരകം–1 ടീസ്പൂൺ
കറിവേപ്പില–1 തണ്ട്
തയാറാക്കുന്ന വിധം
നെല്ലിക്ക അരിഞ്ഞത് മിക്സിയിൽ എടുത്ത് അര കപ്പ് വെള്ളത്തിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് കുരുമുളക്, ജീരകം, വെളുത്തുള്ളി എന്നിവ ചേർക്കുക. ഇതു കൂടി ചേര്‍ത്ത ശേഷം മിക്സിയില്‍ ഇട്ടു ഒന്നു പള്‍സ് ചെയ്തെടുക്കുക. നന്നായി അരയരുത്. ഇത് ഒരു പാത്രത്തിൽ എടുത്ത് അതിൽ 2½ കപ്പ് വെള്ളം ചേർക്കുക.
മഞ്ഞൾ, കായപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. സ്റ്റൗ ഓണാക്കുക. സ്ഥിരത ക്രമീകരിക്കാൻ കൂടുതൽ വെള്ളത്തോടൊപ്പം ആവശ്യമായ ഉപ്പും പരിപ്പും ചേർക്കുക. അത് തിളച്ചു നുരഞ്ഞു വരുമ്പോള്‍ ഉടൻ തന്നെ സ്റ്റൗ ഓഫ് ചെയ്യുക. നെയ്യും ചേരുവകളും ഉപയോഗിച്ച് താളിച്ചത് രസത്തിൽ ചേർക്കുക. രസത്തില്‍ മല്ലിയില വിതറുക. ഇത് ചോറിനൊപ്പം കഴിക്കാവുന്നതാണ്.