ചെറുനാരങ്ങ നല്ലത് വാങ്ങണോ? ഇവ ശ്രദ്ധിക്കാതെ പോകരുത്!
Mail This Article
വർഷം മുഴുവൻ പല തരം വിഭവങ്ങൾ തയാറാക്കാമെങ്കിലും മിക്കപ്പോഴും അർഹിക്കുന്ന സ്ഥാനം ലഭിക്കാത്ത 'അണ്ടർറേറ്റഡ്' പഴങ്ങളിൽ ഉൾപ്പെട്ട ഒന്നാണ് ചെറുനാരങ്ങ. അച്ചാറുകൾ തയാറാക്കാനും വീട്ടിലെ ക്ലീനിങ് ഏജൻറ് ആയും ജൂസ് അടിക്കാനുമൊക്കെ ഉപകാരപ്പെടുന്ന ചെറുനാരങ്ങ വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ലതുപോലെ നീരുള്ള, പഴുപ്പ് അധികമാകാത്തവ എങ്ങനെ തിരെഞ്ഞെടുക്കാമെന്നു നോക്കാം.
* നല്ല ചെറുനാരങ്ങ തിരെഞ്ഞെടുക്കുന്നതിന്റെ ആദ്യപടിയായി അവയ്ക്ക് ഭാരമുണ്ടോയെന്നു നോക്കാം. ഓർക്കുക, നല്ല ഭാരമുള്ള ചെറുനാരങ്ങയിൽ നീരും ധാരാളമുണ്ടാകും. ഓരോന്നും തിരഞ്ഞെടുക്കുമ്പോൾ കയ്യിലെടുത്തു നോക്കിയതിനു ശേഷം മാത്രം അവ വാങ്ങാൻ ശ്രദ്ധിക്കുക. ഒരേ വലുപ്പവും ഭാരവും ഉള്ളവ നോക്കിയെടുക്കണമെന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ.
* ചെറുനാരങ്ങ വാങ്ങുന്നതിനു മുൻപായി അവയൊന്നു ചെറുതായി അമർത്തി നോക്കാം. അങ്ങനെ ചെയ്യുമ്പോൾ മാർദ്ദവമുണ്ടെന്നു കാണുകയാണെങ്കിൽ അവയിൽ ധാരാളം നീരുണ്ടാകുമെന്നു മാത്രമല്ല, രണ്ടാമതൊന്നു ആലോചിക്കാതെ വാങ്ങുകയും ചെയ്യാം. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം അധികം ബലം പ്രയോഗിച്ച് അമർത്തി നോക്കാതിരിക്കുക എന്നതാണ്. ചെറുനാരങ്ങ പെട്ടെന്ന് ഉപയോഗശൂന്യമായി പോകാനിതിടയാക്കും.
* ഒരു ചെറുനാരങ്ങ കയ്യിലെടുക്കുമ്പോൾ അതിന്റെ മുകളിലെ തൊലിയുടെ ഘടന കൃത്യമായി പരിശോധിക്കണം. തൊലി നോക്കിയാൽ മൂത്തതാണോ എന്ന് മനസിലാക്കാൻ സാധിക്കും. നല്ലതുപോലെ മൂത്ത ചെറുനാരങ്ങ അല്ലെന്നുണ്ടെങ്കിൽ അവ വാങ്ങാതിരിക്കാം.
* തിളക്കമുള്ള, മഞ്ഞ നിറത്തിലുള്ള ചെറുനാരങ്ങയാണ് മൂപ്പെത്തിയത്. അതുകൊണ്ടുതന്നെ നിറം നോക്കി വാങ്ങുമ്പോഴും ശ്രദ്ധിക്കണം. മഞ്ഞ നിറത്തിൽ നിന്നും മാറി, ചെറിയ തവിട്ടു നിറമുണ്ടെങ്കിൽ അവ പഴുപ്പ് കൂടിയതും വളരെ പെട്ടെന്ന് തന്നെ ചീഞ്ഞു പോകാൻ സാധ്യതയുള്ളതുമാണ്. മഞ്ഞ നിറത്തിനൊപ്പം പച്ചനിറവുമുണ്ടെങ്കിൽ മൂപ്പെത്തിയിട്ടില്ല എന്നു മനസിലാക്കണം.
* കൂടുതൽ പഴുത്ത ചെറുനാരങ്ങയിൽ ചിലപ്പോൾ ചെറിയ കുത്തുകളോ പാടുകളോ കാണുവാൻ സാധ്യതയുണ്ട്. തവിട്ടു നിറത്തിലുള്ള കുത്തുകളാണെങ്കിൽ അവ കൂടുതൽ പഴുത്തതിന്റെ അടയാളമാണ്. ഇങ്ങനെയുള്ളവ മുറിക്കുമ്പോൾ ചീത്ത ഗന്ധമായിരിക്കും പുറത്തുവരുക. ഉപയോഗിക്കാതെ ഒഴിവാക്കാം.