നിങ്ങൾ മൈക്രോവേവ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സ്ഥിരമായി വരുത്തുന്ന ഈ തെറ്റുകൾ അറിയണം
Mail This Article
അടുക്കളയിൽ ഉപയോഗിക്കാൻ ഏറ്റവും എളുപ്പവും കാര്യക്ഷമവുമായ ഉപകരണങ്ങളിൽ ഒന്നാണ് മൈക്രോവേവ് ഓവൻ. മൈക്രോവേവ് ഓവന്‍ പോലെയുള്ള പുതുതലമുറ പാചകരീതികള്‍ ഒരുപാട് സമയം ലാഭിക്കാനും പാചകം കൂടുതല്‍ എളുപ്പമാക്കാനും സഹായിക്കുന്നുണ്ട്. മുന്‍പേ ഉണ്ടാക്കി വച്ച ഭക്ഷണം കഴിക്കും മുന്‍പേ ഒന്നോ രണ്ടോ മിനിറ്റില്‍ ചൂടാക്കി ഫ്രഷ് ആക്കി തരുന്നു എന്നതാണ് ഇതിന്‍റെ പ്രധാന മേന്മകളില്‍ ഒന്ന്. മാത്രമല്ല, പച്ചക്കറികള്‍ വേവിക്കാനും ചിക്കൻ ടിക്ക,വെജിറ്റബിൾ പുലാവ്,ഹൽവ, കേക്ക്, ബിസ്ക്കറ്റ് തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ അനായാസകരമായി ഉണ്ടാക്കാനും ഇത് സഹായിക്കുന്നു. എന്നാല്‍, ഓവന്‍ ശരിയായി ഉപയോഗിക്കാനും പരിപാലിക്കാനും അറിയുക എന്നത് പ്രധാനമാണ്.
ഭക്ഷണം മൂടി വയ്ക്കാൻ മറക്കരുത്
ഓവനിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി വയ്ക്കുമ്പോൾ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് അടച്ചു വയ്ക്കുക എന്നുള്ളത്. അടച്ചുവയ്ക്കാതെ ഇരുന്നാൽ നമ്മൾ പാകം ചെയ്യുന്ന ഭക്ഷണം കരിയാനോ ഡ്രൈ ആകാനോ ഇടയാകും. അതുകൊണ്ട് ഇനി മൈക്രോവേവിൽ വിഭവങ്ങൾ എടുത്തു വയ്ക്കുമ്പോൾ അടച്ചുവയ്ക്കാൻ മറക്കരുത്. അടപ്പ് മുറുക്കി അടയ്ക്കരുത്.
പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ഉപയോഗിക്കരുത്
ജോലി എളുപ്പമാക്കാൻ നമ്മളിൽ പലരും ചെയ്യുന്ന ഒരു കാര്യമായിരിക്കും ഓവനിൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ എല്ലാ പ്ലേറ്റുകളും പാത്രങ്ങളും മൈക്രോവേവ് സൗഹൃദമല്ലെന്ന് ഓർക്കുക. ഇനി പ്ലാസ്റ്റിക് പാത്രം തന്നെയാണ് ഉപയോഗിക്കുന്നതെങ്കിൽ അത് മൈക്രോവേവ് ഓവനിൽ ഉപയോഗിക്കാവുന്നതാണ് എന്ന് നോക്കി ഉറപ്പുവരുത്തിയതിനുശേഷം മാത്രം ചെയ്യുക. കാരണം ഭക്ഷണത്തോടൊപ്പം ചൂടാക്കുമ്പോൾ ചില പ്ലാസ്റ്റിക്കുകൾ ഉരുകുകയും ദോഷകരമായ രാസവസ്തുക്കൾ പുറത്തുവിടുകയും ചെയ്യും. ലോഹ പാത്രങ്ങൾ പോലും മൈക്രോവേവിൽ പാടില്ലയെന്നാണ് പറയുന്നത്. അടുക്കളയിലെ അപകടങ്ങൾ ഒഴിവാക്കാൻ ഗ്ലാസ്, സെറാമിക് അല്ലെങ്കിൽ മൈക്രോവേവ് സൗഹൃദ പാത്രങ്ങൾ ഉപയോഗിക്കുന്നത് ഉറപ്പാക്കുക.
മുഴുവൻ പവറും വേണ്ട
ചില സമയത്ത് ഭക്ഷണം ചൂടാക്കി എടുക്കുന്നതിനോ മുട്ട, ചോക്ലേറ്റ് ,ബട്ടർ മുതലായവ ഒക്കെ ചൂടാക്കിയെടുക്കാനും മറ്റും ഫുൾ പവർ ഉപയോഗിക്കാറുണ്ട്. സത്യത്തിൽ അവയ്ക്കൊന്നും അത്രയും ചൂട് ആവശ്യമില്ലെന്നാണ് പറയുന്നത്. മത്സ്യമാംസാദികൾ ഡിഫ്രോസ്റ്റ് ചെയ്യുമ്പോൾ പോലും കുറഞ്ഞ പവർ ഉപയോഗിക്കുക. ഓരോ പ്രാവശ്യം ഓവൻ ഉപയോഗിക്കുമ്പോൾ ഹീറ്റ് പവർ സെറ്റ് ചെയ്യാൻ ശ്രമിക്കണം.
ഇടയ്ക്ക് ഇളക്കുന്നത് നല്ലതാണ്
ഓവനിൽ വച്ച് ഭക്ഷണം ചൂടാക്കി പുറത്തേക്ക് എടുത്തു കഴിയുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും ചില ഭാഗങ്ങളിലേക്ക് ചൂട് എത്തിയിട്ടുണ്ടാകില്ല എന്ന കാര്യം. ഇതിൻറെ പ്രധാന കാരണം ഇളക്കി കൊടുക്കാത്തതുകൊണ്ടാണ്. അതുകൊണ്ട് ഭക്ഷണം ഓവനിൽ വച്ച് പാകം ചെയ്യുമ്പോൾ ഇടയ്ക്ക് ഇടവേളകൾ എടുത്ത് ഇളക്കിക്കൊടുക്കാൻ ശ്രമിക്കണം. അങ്ങനെ ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തേക്കും ചൂട് എത്തുകയും പൂർണമായും പാകം ചെയ്തു കിട്ടുകയും ചെയ്യും.
ഓവർലോഡ് ചെയ്യരുത്
സ്ഥിരമായി വരുത്തുന്ന മറ്റൊരു തെറ്റാണ് ഓവനിൽ ഓവർലോഡായി ഭക്ഷണം വയ്ക്കുന്നത്. കുറച്ചധികം ഭക്ഷണം ചൂടാക്കി എടുക്കാനുണ്ടെങ്കിൽ നമ്മളിൽ പലരും ശ്രദ്ധിക്കാതെ ചെയ്യുന്ന ഒരു തെറ്റാണ് അത് മുഴുവനായി എടുത്ത് ഓവനിലേക്ക് വയ്ക്കുക എന്നുള്ളത്. ഇനി അങ്ങനെ ചെയ്യുന്നതിന് പകരം കുറച്ചു കുറച്ചായി ചൂടാക്കി എടുക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ഭക്ഷണം എല്ലായിടത്തും ഒരുപോലെ പാകമാകാതെ വരും.