ADVERTISEMENT

വീടുകളില്‍ ഭംഗിക്കായി വളര്‍ത്തുന്ന അലങ്കാരച്ചെടികളാണ് മുള്‍ച്ചെടികള്‍. ഇവ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ടോ? കള്ളിമുള്‍ച്ചെടികളുടെ ഇലയും കായുമെല്ലാം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. ഒപൻ്റിയ അഥവാ 'പ്രിക്ക്ളി പെയര്‍ കാക്റ്റസ്' എന്ന് വിളിക്കപ്പെടുന്ന ഒരിനം കള്ളിമുള്‍ച്ചെടിയുടെ പ്രത്യേക ഇനം ഭക്ഷണാവശ്യത്തിനായി ചൈനയടക്കമുള്ള ഒട്ടേറെ രാജ്യങ്ങളില്‍ വ്യാപകമായി കൃഷി ചെയ്യുന്നു.

1167093867
Image credit:Funtay/Istock

പുരാതന ഗ്രീക്ക് നഗരമായ ഓപസിന്റെ പേരിലാണ് ഈ കള്ളിച്ചെടിക്ക് പേര് നൽകിയിരിക്കുന്നത്. ഇതിന്‍റെ ഒപൻ്റിയ ഫിക്കസ് ഇൻഡിക്ക, ഇന്ത്യൻ ഫിഗ് ഒപൻ്റിയ, ഫിഗ് ഒപൻ്റിയ എന്നെല്ലാം വിളിക്കപ്പെടുന്ന ഒരു വെറൈറ്റിയാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. വാണിജ്യപരമായി വളരെയധികം പ്രാധാന്യമുള്ള ഈ കള്ളിച്ചെടി ലോകത്തിന്‍റെ വിവിധഭാഗങ്ങളിലെ വരണ്ട പ്രദേശങ്ങളില്‍ വലിയ പാടങ്ങളില്‍ വളര്‍ത്തുന്നു.

പൂക്കളും കായ്കളും

ഒപൻ്റിയ ചെടികൾ വെള്ള, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിൽ പൂക്കുന്നു. വടക്കൻ അർദ്ധഗോളത്തിൽ വേനൽക്കാലത്തിൻ്റെ തുടക്കത്തിൽ, മെയ് തുടക്കത്തോടെ പൂക്കൾ ആദ്യം പ്രത്യക്ഷപ്പെടും, ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സമയത്ത് പഴങ്ങൾ പാകമാകും.

843484850
Image credit: LarisaBlinova/Istock

മധുരമുള്ള തണ്ണിമത്തന് സമാനമായ രുചിയാണ് ഇവയ്ക്ക്. വളരെ ഉയര്‍ന്ന അളവില്‍ വിറ്റാമിൻ സി അടങ്ങിയ ഈ പഴങ്ങളുടെ കടും ചുവപ്പ്/പർപ്പിൾ അല്ലെങ്കിൽ വെള്ള/മഞ്ഞ കലർന്ന മാംസത്തിൽ ധാരാളം ചെറിയ വിത്തുകൾ അടങ്ങിയിട്ടുണ്ട്. ഇവ സാധാരണയായി കളയാറില്ല, പഴത്തോടൊപ്പം കഴിക്കുകയാണ് പതിവ്. വിത്തില്ലാത്ത ഇനങ്ങളും ഈയിടെയായി കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. ഫ്രിജിൽ മണിക്കൂറുകളോളം തണുപ്പിച്ച ശേഷമാണ് പഴങ്ങൾ സാധാരണയായി കഴിക്കുന്നത്. പഴങ്ങളുടെ തൊലി നീക്കം ചെയ്ത് വേണം കഴിക്കാന്‍. 

മദ്യവും മറ്റു വിഭവങ്ങളും

ഈ പഴങ്ങള്‍ ഉപയോഗിച്ച് ജാമുകളും ജെല്ലികളും സാലഡുകളും സൂപ്പുകളും, ബ്രെഡുകൾ, മധുരപലഹാരങ്ങൾ, പാനീയങ്ങൾ, മിഠായികൾ എന്നിവയുമെല്ലാം ഉണ്ടാക്കുന്നു. മെക്‌സിക്കൻ ജനത ഒപൻ്റിയ പഴം ഉപയോഗിച്ച് 'കൊളോഞ്ചെ' എന്ന മദ്യം നിര്‍മിക്കുന്നു. മാൾട്ടയിൽ, മിക്കവാറും എല്ലാ വയലുകളിലും കാടുകയറി വളരുന്ന ഈ പഴമുപയോഗിച്ച് 'ബജ്ത്ര' എന്ന് പേരുള്ള മദ്യവും ഉണ്ടാക്കുന്നുണ്ട്. 

പഴം മാത്രമല്ല, ഇതിന്‍റെ ഇലകളും ഭക്ഷണമായി കഴിക്കുന്നു. ഇളം ഇലകള്‍ ഉപയോഗിച്ച് 'നോപാലിറ്റോസ്' എന്നറിയപ്പെടുന്ന ഒരു കറി ഉണ്ടാക്കുന്നു. ഇവ നീളത്തില്‍ അരിഞ്ഞു  മുട്ടയും ക്യാപ്സിക്കവും ചേർത്ത് തോരന്‍ പോലെ വിളമ്പുന്നു. കൂടാതെ ചിക്കനുമായി ചേര്‍ത്തുള്ള വിഭവങ്ങളും ഇവ കൊണ്ട് ഉണ്ടാക്കുന്നു. 

ദേശങ്ങളുടെ കഥ പറയുന്ന ചെടി

ഭക്ഷണത്തിനായി ഉപയോഗിക്കുന്ന വെറുമൊരു പഴം മാത്രമല്ല ഇത്. പല രാജ്യങ്ങളും ദേശീയപ്രാധാന്യമുള്ള ഒരു ചെടിയായാണ് ഇതിനെ കണക്കാക്കുന്നത്. മെക്സിക്കോയുടെ പതാകയിൽ ഈ ചെടിയും പഴങ്ങളും ചിത്രീകരിച്ചിരിക്കുന്നത് കാണാം. 1995 മെയ് മാസം മുതല്‍ ടെക്സാസിന്‍റെ  ഔദ്യോഗികസംസ്ഥാന സസ്യമാണ് പ്രിക്ലി പിയർ കള്ളിച്ചെടി. 

1429913706
Image credit: TETYANA LYAPI/Istock

ഇസ്രായേലിൽ ജനിച്ച ജൂതന്മാരെ കാണിക്കാന്‍ ഈ ചെടിയുടെ ഹീബ്രു നാമമായ 'സബ്ര' എന്ന വാക്ക് ഉപയോഗിക്കുന്നു. പുറമേ പരുക്കനും അകമേ മൃദുലവും എന്നാണ് ഈ വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പാലസ്തീന്‍റെ ദേശീയ ചിഹ്നങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. എറിത്രിയയിൽ പ്രാദേശികമായി ഇത് ബെൽസ് എന്നറിയപ്പെടുന്നു. 

ലിബിയയിൽ, ഇത് ഒരു ജനപ്രിയ വേനൽക്കാല പഴമാണ്. സെന്‍റ് ഹെലീനയില്‍ ഇതിനെ 'തുങ്കി' എന്ന് വിളിക്കുന്നു. ഇതേ പേരില്‍ ഒരു മദ്യവും ഇവിടെയുണ്ട്.

English Summary:

Cactus Delicacies Recipes and Drinks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com