അയല വറുക്കണോ കറിവയ്ക്കണോ... അല്ലെങ്കിൽ തോരനായാലോ?
Mail This Article
അയല ഉപയോഗിച്ച് നമ്മുക്കൊരു തോരൻ ഉണ്ടാക്കിയാലോ? അയലയിൽ വളരെയധികം പ്രോട്ടീനും വിറ്റാമിൻ ബി യും അടങ്ങിയിട്ടുണ്ട്. ചോറിന് കൂടെ പറ്റിയ നല്ലൊരു തോരനാണ്. ദശക്കട്ടിയുള്ള ഏത് മീനും തോരൻ ഉണ്ടാക്കാൻ ഉപയോഗിക്കാം.
ചേരുവകൾ
- അയല - 1 വലുത്
- ചെറിയ ഉള്ളി - ഒരു പിടി
- ഇഞ്ചി - ഒരു വലിയ കഷ്ണം
- പച്ച മുളക് - 6 എണ്ണം
- തേങ്ങാ ചിരകിയത് – 1 1 /4കപ്പ്
- പുളി - ഒരു ചെറുനാരങ്ങ വലിപ്പത്തിൽ
- വെളിച്ചെണ്ണ - 1 1 /2 ടേബിൾ സ്പൂൺ
- മഞ്ഞൾ - 1/2 ടീസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- കറിവേപ്പില
- ഉപ്പ്
തയാറാക്കുന്ന വിധം
അയല ഉപ്പിട്ട് വേവിച്ചു മുള്ളു കളയുക. രണ്ടു മുതൽ അഞ്ചുവരെയുള്ള ചേരുവകൾ മിക്സിയിൽ ചതച്ചു വയ്ക്കുക. ഒരു പാത്രം ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക , ശേഷം കറിവേപ്പില ഇടുക. അരച്ചു വച്ച മിശ്രിതം ചേർത്ത് വഴറ്റുക. പച്ച ചുവ മാറിയ ശേഷം, അയല ഇട്ടു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. പുളി പിഴിഞ്ഞ് ഇതിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം. മൂന്നു മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. കുറഞ്ഞ തീയിലിട്ടു വേണം പാകം ചെയ്യാൻ. അതിനു ശേഷം മഞ്ഞൾ ചേർത്ത് ഇളക്കി യോജിപ്പിച്ചു വീണ്ടും ഒരു മിനിറ്റ് വേവിക്കുക. അവസാനം കുറച്ചു കറി വേപ്പില ഇടുക. തീ ഓഫാക്കുക. ചൂടോടെ ഉപയോഗിക്കാം. അയല തോരൻ റെഡി .