‘എന്തെങ്കിലും മതി എന്നു പറഞ്ഞുള്ള പാട്ടുകൾ ഞാനെഴുതില്ല; ചില ഗായികമാരുടെ ഉച്ചാരണം മഹാമോശം’
Mail This Article
‘തെരുവുകളാണു നീയെങ്കിൽ അതിലെ വേഗമാണു ഞാനെന്ന്’ പ്രണയത്തെ എഴുതിയ പാട്ടെഴുത്തുകാരനാണ് അൻവർ അലി. ആരെയും കൂസാത്ത വരികളുടെ ഉടമ. സാധാരണഗതിയിൽ പാട്ടാകാനോ കവിതയാകാനോ യാതൊരു ഭാവവുമില്ലാത്ത ചില വാക്കുകൾ ചേർത്തു വരികളുടെ ഇന്ദ്രജാലം തീർക്കുന്ന കവി. ആ വാക്കുകളുടെ പിറവിയുടെ ചരിത്രം സഹൃദയരെ അമ്പരപ്പിക്കും. താളമോ ലയമോ അല്ല അൻവർ അലിയുടെ വാക്കുകൾക്കു കൂട്ട് വരുന്നത്. പലപ്പോഴും അതിന് ഈണവുമില്ല. സിനിമയിലെ പാട്ടെഴുത്തുകാരനാണെങ്കിലും കവിതയാണ് എന്നും തന്റെ മാധ്യമമെന്നു പറയുന്നു അന്‍വർ അലി. ട്യൂണിന് അനുസരിച്ച് പാട്ടെഴുതുന്നതിനെപ്പറ്റിയും പാട്ടെഴുത്തിലെ പ്രയത്നത്തെപ്പറ്റിയും അതിനു കിട്ടുന്ന പ്രതിഫലത്തെപ്പറ്റിയും സിനിമയിലെ പാട്ടുകൂട്ടിനെപ്പറ്റിയുമെല്ലാം അൻവർ അലിക്ക് പറയാനുണ്ട്. ഒപ്പം ഓരോ പാട്ടിന്റെയും പിറവിക്കു പിന്നിലെ സർഗാത്മക ഇടപെടലിനെപ്പറ്റിയും അദ്ദേഹം വാചാലനാകുന്നു. അതോടൊപ്പം സമകാലിക സാമൂഹിക–രാഷ്ട്രീയ വിഷയങ്ങളിലും കൃത്യമായ അഭിപ്രായമുണ്ട്. ജപ്പാനിലെ യുദ്ധകാലത്തു സ്‌കൂൾകുട്ടിയായിരുന്ന തെത്സുകോ കുറോയാനഗിയുടെ ‘ടോട്ടോച്ചാനെ’ മലയാളിക്കു ‘ജനാലയ്ക്ക് അരികിലെ വികൃതി പെൺകുട്ടി’യാക്കി പരിഭാഷപ്പെടുത്തിയതും അൻവർ അലിയാണ്. ‘മനോരമ ഓൺലൈനി’ന്റെ പ്രത്യേക അഭിമുഖ പരമ്പര ‘വരിയോര’ത്തിലെ അതിഥിയാവുകയാണ് അദ്ദേഹം. ആ വാക്കുകളിലേക്ക്.