അബ്ബാജിയുടെ ‘കുസൃതിക്കുട്ടി’ മനുഷ്യർക്കു കൂട്ടുനിന്നു! എല്ലാരെയും ചേർത്തുപിടിച്ചു; യുഎസിനെ അമ്പരപ്പിച്ച ഉസ്താദ്
Mail This Article
താളപ്പിഴകളുടെ തുടര്‍ച്ചയാണ് മനുഷ്യജീവിതം. ലോകചരിത്രവും അങ്ങനെതന്നെ. യുദ്ധങ്ങള്‍, വെട്ടിപ്പിടിക്കലുകള്‍, കൂട്ടക്കുരുതികള്‍, അധികാരപ്രമത്തരുടെ ദുരമൂത്ത തേരോട്ടങ്ങള്‍. എല്ലാ താളങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ടുള്ള അലര്‍ച്ചകള്‍, അട്ടഹാസങ്ങള്‍. ഇതിനിടയില്‍ കടുകിട താളം തെറ്റാതെ, സൗമ്യനായി, ശാന്തനായി, നന്മയുടെ നാളം വിടര്‍ത്തുന്ന ചിരിയോടെ, എപ്പോഴും നൃത്തം വയ്ക്കുന്ന മുടിയിഴകളോടെ ഒരാള്‍ ലോകമെങ്ങുമുള്ള മനുഷ്യര്‍ക്കു കൂട്ടുനിന്നു. ഉസ്താദ് സാക്കിര്‍ ഹുസൈന് ഖുറേഷി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ജീവിതത്തിന്റെ താളംതെറ്റുന്നതായുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നപ്പോള്‍ അതു തിരികെപ്പിടിക്കാനായി പത്തു വിരലുകള്‍ ചലിപ്പിച്ച തബലവാദകന്‍. ലോകത്തെ താളവാദ്യക്കാരെല്ലാം ഒരേ കുടുംബമാണെന്നു വിശ്വസിച്ച സംഗീതജ്ഞന്. അവരെല്ലാം ഒരേ ചിന്താഗതിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. എന്താണാ സാദൃശ്യം. ഒരിക്കല്‍ സാക്കിര്‍ ഹുസൈനോട് ഒരു പത്രപ്രവര്ത്തകന് ചോദിച്ചു. എല്ലാവരും തന്റെ വാദ്യത്തില്‍ പൂര്‍ണതയ്ക്കായി നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഒരിക്കലും അതു കൈവരിക്കുന്നില്ല. ആരും അതിനായുള്ള ശ്രമം ഉപേക്ഷിക്കുന്നുമില്ല. ഈ പരിശ്രമവും യാത്രയുമാണ് പ്രധാനം. ലക്ഷ്യം കൈവരിച്ചുള്ള വിശ്രമമല്ല.