''ഇത് സുന്ദരി അല്ലേ! ഞാനാണ് ഈ അമ്മയെ മറവു ചെയ്തത്''; അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യയാത്ര
Mail This Article
വർഷം 1999. കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ ജനുവരിയിൽ കുഴിച്ചിട്ട ഒരു മൃതദേഹം കുഴിച്ചെടുക്കാൻ റവന്യു ഉദ്യോഗസ്ഥരും പൊലീസും ഫൊറൻസിക് സർജനുമടങ്ങുന്ന വലിയൊരു സംഘം കാത്തു നിൽക്കുകയാണ്. ചെറിയൊരു മഴ. അതു വക വയ്ക്കാതെ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ബന്ധുക്കളാരും അവകാശവാദം ഉന്നയിക്കാൻ വരാതിരുന്നതിനെ തുടർന്ന് കുഴിച്ചിട്ട അജ്ഞാതമൃതദേഹം കൊലപാതകം ചെയ്യപ്പെട്ട ഖദീജ എന്ന സ്ത്രീയുടേതാണോ എന്ന സംശയത്തെ തുടർന്നാണ് നടപടി. മൃതദേഹത്തിന്റെ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ ചൂണ്ടിക്കാണിച്ച സ്ഥലത്ത് കുഴിച്ചു നോക്കിയപ്പോൾ കിട്ടിയത് രണ്ടു മൃതദേഹങ്ങൾ! എന്നാൽ അവ രണ്ടും കൊല്ലപ്പെട്ട സ്ത്രീയുടേത് ആയിരുന്നില്ല. ഒടുവിൽ നടപടികൾ അവസാനിപ്പിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ആ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. മൃതദേഹം കണ്ടെത്താതിരുന്നിട്ടും ശിക്ഷ വിധിച്ച അപൂർവം കേസുകളിൽ ഒന്നായിരുന്നു കാസർകോട്ടെ ഖദീജ വധക്കേസ്.