സമരത്തിനൊപ്പം സേവനവും: രാഹുൽ; 24X7 പ്രസിഡന്റായിരിക്കും: അബിൻ
Mail This Article
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി ആ സംഘടനയിൽ പടഹധ്വനികൾ മുഴങ്ങുമ്പോൾ മുഖാമുഖം നിൽക്കുന്നത് രണ്ടു യുവ നേതാക്കളാണ്: കോൺഗ്രസ് എ വിഭാഗത്തിന്റെ രാഹുൽ മാങ്കൂട്ടത്തിലും ഐ വിഭാഗത്തിന്റെ അബിൻ വർക്കി കോടിയാട്ടും. ഇരുവരും ചാനൽ ചർച്ചകളിലൂടെ സുപരിചിതരും നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുമാണ്. അടുത്ത സുഹൃത്തുക്കളായ രണ്ടു പേരും എൻഎസ്‍യുവിൽ ഒരേ പദവിയും വഹിച്ചിരുന്നു. അംഗത്വ വിതരണവും കൂടെ വോട്ടെടുപ്പും തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇരുവർക്കും വേണ്ടിയുള്ള സന്നാഹങ്ങൾ രണ്ടു വിഭാഗങ്ങളും രണ്ടും കൽപ്പിച്ച് ആരംഭിച്ചു കഴിഞ്ഞു. മികച്ച രണ്ടു മുഖങ്ങളെ അവതരിപ്പിക്കാനായി എന്നത് ഇരുവിഭാഗത്തിന്റെയു പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു. നാളെയുടെ വാഗ്ദാനങ്ങളായി കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്ന രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കി കോടിയാട്ടും മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി സംസാരിച്ചു. രാഹുലും അബിനും ‘ക്രോസ് ഫയറിൽ’.