കൊടുക്കലും വാങ്ങലും - ബി.എസ്. വാരിയർ എഴുതുന്നു

Mail This Article
ധനാഢ്യനല്ലെങ്കിലും ഉദാരശീലനായൊരാൾക്കു പവപ്പെട്ടയാളോടു കാരുണ്യം തോന്നി. മാസം തോറും സഹായമായി ആയിരം രൂപ നൽകിവന്നു. ഒരു തവണ 750 രൂപയേ കൊടുക്കാൻ കഴിഞ്ഞുള്ളൂ. തുക കുറഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യം വന്നു. ‘എന്റെ മകൻ കോളജിലോട്ടു കയറി. ചെലവു കൂടി. ഇനി ഇത്രയും തരാനേ കഴിയൂ’ എന്ന മറുപടി പണംപറ്റുന്നയാൾ കേട്ടു. പ്രതികരിച്ചില്ല. ഏതാനും മാസം കഴിഞ്ഞ് ഒരുതവണ 500 രൂപയേ കൊടുക്കാൻ കഴിഞ്ഞുള്ളൂ. വീണ്ടും വന്നു തുക കുറഞ്ഞതിനെപ്പറ്റി ചോദ്യം. ‘എന്റെ മകളും കോളജിലായി. ഇനിമുതൽ 500 തരാനേ കഴിയൂ’ എന്നു മറുപടി നൽകി. പണം കിട്ടിവന്നയാൾക്ക് ഇതു തീരെ പിടിച്ചില്ല. അയാൾ ചോദിച്ചു, : ‘അല്ല, നിങ്ങൾക്ക് എത്ര കുട്ടികളുണ്ട്? അവരെയെല്ലാം എന്റെ ചെലവിൽ പഠിപ്പിക്കാനാണോ പ്ലാൻ?’ സമൂഹത്തിൽ പൊതുവേ നിലനിൽക്കുന്ന മനോഭാവത്തിന്റെ സൂചന ഈ കഥയിലുണ്ട്. കുറെക്കാലം കിട്ടുന്നതെന്തും തന്റെ അവകാശമാണെന്നു ധരിക്കുക, അതിനു വിഘ്നം വന്നാൽ കയർക്കുക, സമരം ചെയ്യുക എന്ന സമീപനം. കിട്ടുന്ന സഹായം ഔദാര്യമല്ല എന്നുപറഞ്ഞ് സഹായത്തെ ചെറുതാക്കിക്കാട്ടുക എന്നതും സാധാരണം. തരുന്നയാളോട് തരുന്ന കാലംവരെ മാത്രമേ താൽപര്യമുള്ളൂ. സഹായം നിലച്ചാൽ, പണ്ടു സഹായിച്ചയാളെ തള്ളിപ്പറയും.