ഓർഗാനിക് വായു നൽകും സാറാ ബയോടെക്
Mail This Article
കൊച്ചി ∙ സാറാ ബയോടെക് എന്ന മലയാളി സ്റ്റാർട്ടപ് വികസിപ്പിച്ചതു ‘ജീവനുള്ള’ സാങ്കേതികവിദ്യ. വായു ശുദ്ധീകരിക്കുന്ന ഓർഗാനിക് എയർ പ്യൂരിഫയർ വികസിപ്പിക്കാൻ അവർ ഉപയോഗിക്കുന്നത് ആൽഗ അഥവാ സൂക്ഷ്മ കടൽ സസ്യങ്ങളെ. ‘ഒബീലിയ’ എന്ന പേരിൽ നിർമിച്ച ഓർഗാനിക് എയർ പ്യൂരിഫയർ ദുബായിൽ സമാപിച്ച കോപ് 28 രാജ്യാന്തര കാലാവസ്ഥാ ഉച്ചകോടി വരെയെത്തി. യുഎൻ ഫ്രെയിംവർക് കൺവൻഷൻ ഓൺ ക്ലൈമാറ്റിക് ചേഞ്ച് (യുഎൻഎഫ്സിസിസി) അംഗരാജ്യങ്ങളുടെ ഉച്ചകോടിയായ കോപ് 28 ൽ പങ്കെടുത്ത ഏക ഇന്ത്യൻ സ്റ്റാർട്ടപ്പാണു കൊച്ചി ആസ്ഥാനമായ സാറ ബയോടെക്.
ഭക്ഷ്യോൽപന്നങ്ങളായി ആൽഗ
കാർബൺ ഡയോക്സൈഡ്, ബെൻസീനും എഥിലീൻ ഗ്ലൈക്കോളും ടൊളുവിനും പോലുള്ള വൊളറ്റൈൽ ഓർഗാനിക് സങ്കരങ്ങൾ എന്നിവ സൃഷ്ടിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്. തലവേദനയും അലർജിയും ശ്വാസകോശ അസ്വസ്ഥതകളും ആശയക്കുഴപ്പവും മുതൽ മാനസിക വിഷമതകൾക്കു വരെ ഇവ കാരണമാകും. ഇവ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുത്തു വായു ശുദ്ധമാക്കാൻ ആൽഗയ്ക്കു കഴിയും. ബയോ റിയാക്ടറിൽ വളർത്തുന്ന ആൽഗ 2 ആഴ്ചയ്ക്കു ശേഷം തിരിച്ചെടുത്തു പോഷക സമൃദ്ധമായ ഭക്ഷ്യോത്പന്നങ്ങളും തയാറാക്കും. പാർക്ക് ബെഞ്ച്, ബിൽ ബോർഡ് തുടങ്ങി വിവിധ രൂപത്തിലാണു ബയോ റിയാക്ടറുകൾ തയാറാക്കുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.
2016 ൽ തൃശൂർ സഹൃദയ എൻജിനീയറിങ് കോളജിൽ ആരംഭിച്ച ഈ വിദ്യാർഥി സ്റ്റാർട്ടപ്പ് അബുദാബിയിൽ ബയോ എയർ പ്യൂരിഫയർ പ്രോട്ടോടൈപ്പ് നിർമിക്കാനുള്ള ഒരുക്കത്തിലാണെന്ന് സിഇഒ നജീബ് ബിൻ ഹനീഫ് പറഞ്ഞു.