കേരള ബാങ്കുകൾക്കും സ്വർണം മുഖ്യം; വായ്പയിൽ മുന്നേറ്റം, ഫെഡറൽ ബാങ്കിന്റെ മാത്രം കൈവശം 65 ടൺ സ്വർണം
Mail This Article
കേരളം ആസ്ഥാനമായതും ഓഹരി വിപണിയിൽ സാന്നിധ്യമുള്ളതുമായ ബാങ്കുകളുടെ വായ്പാവിതരണത്തിൽ സ്വർണത്തിനുള്ളത് വൻ തിളക്കം. ആലുവ ആസ്ഥാനമായ മുൻനിര സ്വകാര്യബാങ്കായ ഫെഡറൽ ബാങ്കിന്റെ കൈവശം മാത്രം ജൂലൈ-സെപ്റ്റംബറിലെ കണക്കുപ്രകാരമുള്ളത് 65.59 ടൺ സ്വർണം. മൊത്തം 16.88 ലക്ഷം സ്വർണപ്പണയ വായ്പാ ഇടപാടുകാരും ബാങ്കിനുണ്ട്. ബാങ്കിന്റെ സ്വർണപ്പണയ വായ്പകൾ കഴിഞ്ഞപാദത്തിൽ 31% വാർഷിക വളർച്ചയോടെ 29,722 കോടി രൂപയിലും എത്തി. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 22,608 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺപാദത്തിലെ 27,431 കോടി രൂപയേക്കാൾ 8 ശതമാനവും അധികമാണിത്.
68.12 ശതമാനമാണ് ഫെഡറൽ ബാങ്കിൽ സ്വർണപ്പണയത്തിന്റെ എൽടിവി (ലോൺ-ടു-വാല്യു). അതായത്, ഈടുവയ്ക്കുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ 68.12% തുകയാണ് വായ്പയായി ബാങ്ക് അനുവദിക്കുന്നത്. സെപ്റ്റംബർ പാദത്തിൽ ഫെഡറൽ ബാങ്ക് 1,057 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നു. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭമാണിത്. 2023-24ലെ സമാനപാദത്തിൽ 954 കോടി രൂപയും നടപ്പുവർഷത്തെ (2024-25) ആദ്യപാദത്തിൽ 1,010 കോടി രൂപയുമായിരുന്നു ലാഭം.
ഫെഡറൽ ബാങ്കിന്റെ കിട്ടാക്കട അനുപാതത്തിലും മികച്ച കുറവുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) മുൻവർഷത്തെ സമാനപാദത്തിലെ 2.26ൽ നിന്ന് 2.09 ശതമാനത്തിലേക്ക് കുറഞ്ഞു. ഇക്കഴിഞ്ഞ ജൂൺപാദത്തിൽ ഇത് 2.11% ആയിരുന്നു. അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 0.64ൽ നിന്ന് 0.57 ശതമാനത്തിലേക്ക് വാർഷികാടിസ്ഥാനത്തിൽ കുറയ്ക്കാനും ബാങ്കിന് സാധിച്ചു. ജൂൺപാദ എൻഎൻപിഎ 0.60 ശതമാനമായിരുന്നു.
14% തിളക്കവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
തൃശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ (എസ്ഐബി) മൊത്തം വായ്പകളിൽ സെപ്റ്റംബർപാദ കണക്കുപ്രകാരം 14% സ്വർണപ്പണയ വായ്പകളാണ്. മുൻവർഷത്തെ സമാനപാദത്തിലെ 14,998 കോടി രൂപയിൽ നിന്ന് 16,609 കോടി രൂപയായി കഴിഞ്ഞപാദത്തിൽ സ്വർണ വായ്പകൾ ഉയരുകയും ചെയ്തു. കഴിഞ്ഞപാദത്തിൽ ബാങ്കിന്റെ ലാഭം 275 കോടി രൂപയിൽ നിന്ന് 325 കോടി രൂപയായി; വളർച്ച 18%. മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 4.96 ശതമാനത്തിൽ നിന്ന് 4.40 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 1.70ൽ നിന്ന് 1.31 ശതമാനത്തിലേക്ക് കുറയ്ക്കാനായതും ബാങ്കിന് നേട്ടമാണ്.
സിഎസ്ബി ബാങ്കിൽ 27 ടൺ
തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ കൈവശം സെപ്റ്റംബർപാദ പ്രകാരമുള്ളത് 27.38 ടൺ പണയസ്വർണം. സ്വർണപ്പണയ ഇടപാടുകാർ 7.16 ലക്ഷം. 73 ശതമാനമാണ് ബാങ്കിന്റെ എൽടിവി. സിഎസ്ബി ബാങ്കിന്റെ മൊത്തം വായ്പകളിൽ 44 ശതമാനവും സ്വർണപ്പണയ വായ്പകളാണ്. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 42 ശതമാനമായിരുന്നു. സ്വർണപ്പണയ വായ്പകൾ 9,403 കോടി രൂപയിൽ നിന്നുയർന്ന് 12,005 കോടി രൂപയിലുമെത്തി. ഇക്കഴിഞ്ഞ ജൂൺപാദത്തിൽ ഇത് 10,497 കോടി രൂപയായിരുന്നു.
ബാങ്കിന്റെ കഴിഞ്ഞപാദ ലാഭത്തിൽ നേരിയ വളർച്ചയേയുള്ളൂ. 133 കോടി രൂപയിൽ നിന്ന് 138 കോടി രൂപയായി. അതേസമയം, കിട്ടാക്കട അനുപാതം കൂടിയിട്ടുമുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 1.27 ശതമാനത്തിൽ നിന്ന് 1.68 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 0.33 ശതമാനത്തിൽ നിന്ന് 0.69 ശതമാനത്തിലേക്കുമാണ് കൂടിയത്.
നേട്ടത്തോടെ ധനലക്ഷ്മി ബാങ്ക്
തൃശൂർ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ സെപ്റ്റംബർപാദ കണക്കുപ്രകാരം റീട്ടെയ്ൽ വായ്പകൾ 22% ഉയർന്ന് 5,907 കോടി രൂപയായിരുന്നു. ഇതിൽ നല്ലൊരുപങ്കും സ്വർണപ്പണയ വായ്പകൾ. ബാങ്കിന്റെ കിട്ടാക്കട അനുപാതവും മെച്ചപ്പെട്ടു. മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 5.36ൽ നിന്ന് 1.12 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 1.29ൽ നിന്ന് 1.12 ശതമാനത്തിലേക്കുമാണ് കുറഞ്ഞത്. കഴിഞ്ഞപാദ ലാഭം 23.16 കോടി രൂപയിൽ നിന്ന് 25.81 കോടി രൂപയായും ഉയർന്നു.
സ്വർണത്തിളത്തിൽ ഇസാഫ് ബാങ്കും
ചെറുബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും സ്വർണ വായ്പകൾക്ക് മികച്ച ഊന്നൽ നൽകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2023-24ലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ 826 കോടി രൂപയായിരുന്നു ബാങ്കിന്റെ സ്വർണപ്പണയ വായ്പാമൂല്യം. ഇക്കുറി സമാനപാദത്തിൽ അത് 2,025 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം വായ്പകളിൽ പാതിയോളവും സ്വർണപ്പണയ വായ്പകളാണ്.
അതേസമയം, മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 2.6ൽ നിന്ന് 6.9 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 1.2ൽ നിന്ന് 2.9 ശതമാനത്തിലേക്കും കൂടി. മുൻവർഷത്തെ സമാനപാദത്തിൽ 140 കോടി രൂപയുടെ ലാഭം നേടിയ ബാങ്ക് കഴിഞ്ഞപാദത്തിൽ രേഖപ്പെടുത്തിയത് 190 കോടി രൂപയുടെ നഷ്ടവുമാണ്.