ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, അപൂർവ റെക്കോർഡിൽ വിൻഡീസ് ഇതിഹാസത്തിനൊപ്പം യശസ്വി
Mail This Article
വിശാഖപട്ടണം∙ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു താരം ഇരട്ട സെഞ്ചറി നേടുകയും ബാക്കി 10 താരങ്ങളും 35 റൺസിൽ താഴെ മാത്രം നേടുകയും ചെയ്യുന്ന രണ്ടാമത്തെ ഇന്നിങ്സാണ് ഇന്നലെ ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ സംഭവിച്ചത്. 2005 അഡ്‌ലെയ്ഡ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറ (226) ഇരട്ട സെഞ്ചറി നേടിയപ്പോൾ ടീമിലെ രണ്ടാമത്തെ മികച്ച സ്കോർ ഡ്വെയ്ൻ ബ്രാവോയുടെ 34 റൺസ് ആയിരുന്നു.
ഇന്നലെ യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ചറി (209) നേടുമ്പോൾ ടീമിലെ രണ്ടാമത്തെ മികച്ച വ്യക്തിഗത സ്കോർ ശുഭ്മൻ ഗില്ലിന്റെ പേരിലാണ് (34). ടെസ്റ്റ് ക്രിക്കറ്റിൽ 150 വിക്കറ്റിനു മുകളിൽ നേടുന്ന ബോളർമാരുടെ പട്ടികയിൽ ഏറ്റവും മികച്ച ബോളിങ് ശരാശരിയുള്ള രണ്ടാമത്തെ താരമായി ജസ്പ്രീത് ബുമ്ര മാറി. 34 ടെസ്റ്റിൽ നിന്ന് 20.28 ശരാശരിയിലാണ് ബുമ്ര 152 വിക്കറ്റ് നേടിയത്. 16.42 ബോളിങ് ശരാശരിയുള്ള മുൻ ഇംഗ്ലിഷ് താരം സിഡ്നി ഫ്രാൻസിസ് ബാൺസാണ് പട്ടികയിൽ ഒന്നാമത്.
ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ജസ്പ്രീത് ബുമ്രയുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ് (6ന് 45) ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരമാണ് യശസ്വി ജയ്സ്വാൾ (22 വയസ്സും 37 ദിവസവും). വിനോദ് കാംബ്ലി (21 വയസ്സ് 32 ദിവസം), സുനിൽ ഗാവസ്കർ (21 വയസ്സ്, 277 ദിവസം) എന്നിവരാണ് ആദ്യ 2 സ്ഥാനങ്ങളിൽ.