ജോഫ്ര ആർച്ചര്‍ ട്വന്റി20 ലോകകപ്പ് കളിക്കും, നയിക്കാൻ ജോസ് ബട്‍ലർ തന്നെ: പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
Mail This Article
ലണ്ടൻ∙ ട്വന്റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ജോസ് ബട്‍ലർ നയിക്കുന്ന ടീമില്‍ പേസർ ജോഫ്ര ആർച്ചർ മടങ്ങിയെത്തി. ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, സാം കറൻ, വിൽ ജാക്സ്, ലിയാം ലിവിങ്സ്റ്റൻ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ട്. പരുക്കു കാരണം ഒരു വർഷത്തിലേറെ ടീമിനു പുറത്തായിരുന്ന ആര്‍ച്ചറിന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് ലോകകപ്പ് ടീമിലേക്കു നേരിട്ട് എൻട്രി നല്‍കുകയായിരുന്നു.
2019ൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരം കളിച്ച ആർച്ചര്‍ 15 ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. 2022 ൽ ഓസ്ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പ് കളിക്കാൻ 29 വയസ്സുകാരനായ താരത്തിനു സാധിച്ചിരുന്നില്ല. കഴിഞ്ഞ മാർച്ചിൽ ബംഗ്ലദേശിനെതിരായ പരമ്പരയിലാണ് ആര്‍ച്ചർ ഒടുവിൽ കളിച്ചത്. പരുക്കുമാറി തിരിച്ചുവരുന്നതിന്റെ ഭാഗമായി ബാർബഡോസിലും ഇംഗ്ലണ്ടിലും നടന്ന ക്ലബ്ബ് ക്രിക്കറ്റ് മത്സരങ്ങളിൽ ആർച്ചർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ലോകകപ്പ് കളിച്ച ഒന്‍പതു താരങ്ങളുമായാണ് നിലവിലെ ചാംപ്യൻമാരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ഇംഗ്ലണ്ടിന്റെ ട്വന്റി20 ലോകകപ്പ് ടീം– ജോസ് ബട്‍ലർ (ക്രിക്കറ്റ്), മൊയീൻ അലി, വിൽ ജാക്സ്, ജോഫ്ര ആർച്ചർ, ക്രിസ് ജോർദാൻ, ജോണി ബെയർസ്റ്റോ, ലിയാം ലിവിങ്സ്റ്റൻ, ഹാരി ബ്രൂക്ക്, ആദിൽ റാഷിദ്, സാം കറൻ, ഫിൽ സോൾട്ട്, ബെന്‍ ഡക്കറ്റ്, റീസ് ടോപ്‍ലി, ടോം ഹാർട്‍ലി, മാർക് വുഡ്.