സച്ചിൻ ഹൈദരാബാദിൽ, വിഷ്ണു പഞ്ചാബിൽ; മലയാളികളിൽ ‘സർപ്രൈസ് എൻട്രി’ വിഘ്നേഷ് പുത്തൂർ
Mail This Article
ജിദ്ദ∙ ഐപിഎൽ താരലേലത്തിൽ 12 കേരള താരങ്ങൾ പങ്കെടുത്തപ്പോൾ ടീമുകൾ സ്വന്തമാക്കിയത് മൂന്നു പേരെ മാത്രം. വിഷ്ണു വിനോദ് (പഞ്ചാബ് കിങ്സ്), സച്ചിൻ ബേബി (സൺറൈസേഴ്സ് ഹൈദരാബാദ്), വിഘ്നേഷ് പുത്തൂർ (മുംബൈ ഇന്ത്യൻസ്) എന്നിവരെയാണ് മെഗാലേലത്തിൽ ഫ്രാഞ്ചൈസികൾ വാങ്ങിയത്. രോഹൻ എസ്. കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനും ഐപിഎൽ കളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇവരെ ലേലത്തിൽ വിളിച്ചില്ല.
അബ്ദുൽ ബാസിത്ത്, സൽമാൻ നിസാർ എന്നിവരെയും ആരും വിളിച്ചില്ല. കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനായി സെഞ്ചറി നേടിയ വിഷ്ണു വിനോദിനെ പഞ്ചാബ് കിങ്സ് 95 ലക്ഷത്തിനാണു സ്വന്തമാക്കിയത്. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ ആദ്യ ദിവസം തന്നെ പഞ്ചാബ് വിളിച്ചെടുത്തു. മുംബൈ ഇന്ത്യൻസിൽ ഏതാനും മത്സരങ്ങൾ കളിച്ചിട്ടുള്ള വിഷ്ണുവിനെ മുംബൈ തന്നെ വാങ്ങുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
സച്ചിൻ ബേബിയെ 30 ലക്ഷത്തിന് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 35 വയസ്സുകാരനായ സച്ചിൻ ബേബിയെ അടിസ്ഥാന വിലയായ 30 ലക്ഷത്തിനാണ് ഹൈദരാബാദ് വാങ്ങിയത്. കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണിൽ കിരീടം നേടിയ ഏരീസ് കൊല്ലം സെയ്‍ലേഴ്സിന്റെ ക്യാപ്റ്റനായിരുന്നു സച്ചിൻ. ലേലത്തിലെ അപ്രതീക്ഷിത ‘എൻട്രി’യായിരുന്നു വിഘ്നേഷിന്റേത്. അവസാന അവസരത്തിൽ മുംബൈ ഇന്ത്യൻസ് 30 ലക്ഷം നൽകി മലയാളി ഓൾറൗണ്ടറെ വാങ്ങി. മലപ്പുറം സ്വദേശിയാണ് വിഘ്നേഷ് പുത്തൂർ.
തമിഴ്നാടിനു വേണ്ടി കളിക്കുന്ന മലയാളി താരം സന്ദീപ് വാരിയർ രണ്ടു വട്ടം ലേലത്തിൽ വന്നെങ്കിലും ആരും വിളിച്ചില്ല. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ ആദ്യ ദിവസം അണ്‍സോൾഡ് ആയിരുന്നു. രണ്ടാം ദിവസം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി.