ജോസ് ‘ദ് ബോസ്’, ചിന്നസ്വാമിയിൽ പെരിയ ടൈറ്റൻസ്, എട്ടു വിക്കറ്റ് വിജയം; ആർസിബിക്ക് തോൽവി

Mail This Article
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ആദ്യ തോൽവി. തുടർച്ചയായി രണ്ടു മത്സരങ്ങൾ ജയിച്ചെത്തിയ ആര്‍സിബിക്കെതിരെ എട്ടു വിക്കറ്റ് വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ബെംഗളൂരു ഉയർത്തിയ 170 റൺസ് വിജയലക്ഷ്യത്തിലേക്ക് 17.5 ഓവറില്‍ രണ്ടു വിക്കറ്റു മാത്രം നഷ്ടത്തിൽ ഗുജറാത്ത് എത്തിച്ചേർന്നു. 13 പന്തുകൾ ബാക്കിനിൽക്കെയാണ് ടൈറ്റൻസ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയത്. ഗുജറാത്തിന്റെ ജോസ് ബട്‍ലർ അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നു. 39 പന്തുകൾ നേരിട്ട താരം 73 റൺസെടുത്തു. ആറു സിക്സുകളും അഞ്ചു ഫോറുമാണു ബട്‍ലർ ബൗണ്ടറി കടത്തിയത്.
18 പന്തുകൾ നേരിട്ട ഷെർഫെയ്ൻ റുഥർഫോഡ് 30 റൺസുമായി പുറത്താകാതെനിന്നു. സായ് സുദർശൻ (36 പന്തിൽ 49), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (14 പന്തിൽ 14) എന്നിവരാണു പുറത്തായ ഗുജറാത്ത് ബാറ്റർമാർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. 40 പന്തുകൾ നേരിട്ട ലിയാം ലിവിങ്സ്റ്റൻ അഞ്ചു സിക്സറുകൾ പറത്തി 54 റൺസെടുത്തു ബെംഗളൂരുവിന്റെ ടോപ് സ്കോററായി. 18 പന്തുകൾ നേരിട്ട ടിം ഡേവിഡ് 32 റൺസാണു നേടിയത്. ജിതേഷ് ശർമ (21 പന്തിൽ 33), ഫിൽ സോൾട്ട് (13 പന്തിൽ 14) എന്നിവരാണ് ആര്‍സിബിയുടെ മറ്റു പ്രധാന സ്കോറർമാർ.
ഏഴു റൺസ് മാത്രമെടുത്ത സൂപ്പർ താരം വിരാട് കോലിയുടെ വിക്കറ്റ് രണ്ടാം ഓവറിൽ വീഴ്ത്തി അർഷാദ് ഖാനാണ് ഗുജറാത്തിന്റെ വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് സിറാജ് തെറിപ്പിച്ചു. അഞ്ചാം ഓവറിൽ സിറാജിനെ ഫിൽ സോൾട്ട് സ്റ്റേഡിയത്തിന്റെ മേൽക്കൂര വരെ നീണ്ട സിക്സർ പായിച്ചെങ്കിലും, അടുത്ത പന്തില്‍ തന്നെ ഇംഗ്ലിഷ് ഓപ്പണറുടെ വിക്കറ്റ് പിഴുത് താരം ആർസിബിക്കുള്ള മുന്നറിയിപ്പു നൽകി. സ്കോർ 42 ൽ നിൽക്കെ 12 റണ്‍സെടുത്ത രജത് പാട്ടീദാറും വീണതോടെ ആർസിബി പ്രതിരോധത്തിലായി.
ലിയാം ലിവിങ്സ്റ്റനും ജിതേഷ് ശർമയും ബാറ്റിങ്ങിനെത്തിയപ്പോഴാണ് ബെംഗളൂരുവിന്റെ സ്കോറിങ്ങിനു കുറച്ചെങ്കിലും വേഗം കൂടിയത്. എന്നാൽ ജിതേഷ് ശർമയെ സ്പിന്നർ സായ് കിഷോർ രാഹുൽ തെവാത്തിയയുടെ കൈകളിലെത്തിച്ചു. 14 ഓവറിലാണ് ആര്‍സിബി 100 പിന്നിട്ടത്. തൊട്ടുപിന്നാലെ സായ് കിഷോറിന്റെ പന്തിൽ ക്രുനാൽ പാണ്ഡ്യയും വീണു. ടിം ഡേവിഡിനെ കൂട്ടുപിടിച്ച് ലിവിങ്സ്റ്റൺ നടത്തിയ രക്ഷാപ്രവർത്തനം ആർസിബിയെ പൊരുതാവുന്ന സ്കോറിലേക്കു നയിച്ചു. എന്നാൽ അർധ സെഞ്ചറിക്കു പിന്നാലെ ലിവിങ്സ്റ്റനെ ബട്‍ലറുടെ കൈകളിലെത്തിച്ച് സിറാജ് വിക്കറ്റു നേട്ടം മൂന്നാക്കി. അവസാന ഓവറുകളിൽ തകർത്തടിച്ച ടിം ഡേവിഡ് ആർസിബിയെ സുരക്ഷിതമായ സ്കോറിലെത്തിച്ചു.