പുതിയ ‘മാസ്റ്റർ ബ്ലാസ്റ്റർ’

Mail This Article
കൊച്ചി∙ ഐഎസ്എലിലെ ‘ബെസ്റ്റ് ഫീലിങ്’ ഏതാണെന്നു ചോദിച്ചാൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ ഉത്തരം പെനൽറ്റി ബോക്സും കടന്നു ഗാലറിയിലെത്തും. സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനായി ഉയർന്നിരുന്ന ‘സച്ചിൻ, സച്ചിൻ’ ആരവങ്ങൾ സ്വന്തം പേരിനോടു ചേർത്ത് ആരാധകർ വിളിക്കുന്നതാണു സച്ചിൻ സുരേഷിന്റെ ആത്മവിശ്വാസം കൂട്ടുന്ന ‘ബെസ്റ്റ് ഫീലിങ്’.
അപ്പോൾ ആ പെനൽറ്റി സേവുകളോ? ആരാധകർക്ക് ആ സേവുകൾ ‘ബെസ്റ്റ് ഫീലിങ്’ ആയെങ്കിലും സച്ചിനെ അറിയുന്നവർക്ക് അതിലത്ര അതിശയമില്ല. കുട്ടിക്കാലം മുതൽ സച്ചിന്റെകൂടെയുള്ള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ടി.ജി.പുരുഷോത്തമന്റെ വാക്കുകളിലുണ്ട് അതിനുള്ള ഉത്തരം. ‘ജൂനിയർ തലം മുതലുള്ള ഒഫീഷ്യൽ ടൂർണമെന്റുകളെടുത്താൽ, എന്റെ അറിവിൽ ഈസ്റ്റ് ബംഗാളിനെതിരെയാണ് സച്ചിൻ ആദ്യമായൊരു ഫീൽഡ് പെനൽറ്റി വഴങ്ങുന്നത്’ !
തുടർച്ചയായ 2 മത്സരങ്ങളിൽ പെനൽറ്റി തടുത്തിട്ടു ടീമിനെ രക്ഷിച്ച ഇരുപത്തിരണ്ടുകാരൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ‘മാസ്റ്റർ ബ്ലാസ്റ്റർ’ ആണെന്ന് ഉറപ്പിക്കുന്നവരിൽ പുരുഷോത്തമൻ മുതൽ ക്യാപ്റ്റൻ അഡ്രിയൻ ലൂണ വരെയുണ്ട്. ഡിയേഗോ മൗറീഷ്യോയും ക്ലെയ്റ്റൻ സിൽവയും പോലുള്ള വമ്പൻമാരുടെ പെനൽറ്റി കിക്കുകൾ നേരിട്ടതിനെക്കുറിച്ചു ചോദിച്ചാൽ സച്ചിനും ഉറപ്പുള്ളൊരു മറുപടി തരും– ‘ആ നിമിഷം ടെൻഷനൊന്നും തോന്നിയില്ല. മനസ്സിൽ പറഞ്ഞു, സേവ് ചെയ്യാൻ പറ്റും. പെനൽറ്റി തട്ടുമെന്നൊരു കോൺഫിഡൻസ് ഉണ്ടായിരുന്നു’. ആ മിന്നൽ സേവുകളുടെ ക്രെഡിറ്റ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിങ് കോച്ച് സ്ലാവൻ പ്രോഗോവെക്കിക്കാണു ശിഷ്യൻ സമർപ്പിക്കുന്നത്. ‘എങ്ങനെയാണ് അവർ പെനൽറ്റി അടിക്കുക എന്നതൊക്കെ സ്ലാവൻ അനലൈസ് ചെയ്തിട്ടുണ്ടായിരുന്നു. കറക്ട് ജഡ്ജ്മെന്റ് കൂടിയായതോടെ സെറ്റ് ആയി’.
പന്തിലേക്കുള്ള ‘ഡൈവിങ്ങുകളുടെ’ തുടക്കം വീട്ടിനുള്ളിൽ നിന്നാണെന്നാണ് തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിയായ സച്ചിന്റെ പക്ഷം. ആദ്യ ഗുരു അച്ഛൻ സുരേഷാണ്. ‘അച്ഛനും ഗോൾകീപ്പറായിരുന്നു. അച്ഛനു പ്രഫഷനൽ താരമാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സാധിച്ചില്ല. ആ കാര്യം പിന്നെ എന്നിലൂടെ നേടണമെന്നായി.
കുട്ടിക്കാലത്തു തന്നെ എനിക്കൊരു ഫുട്ബോൾ വാങ്ങിത്തന്ന ആളാണ് അച്ഛൻ. കുട്ടിക്കാലം തൊട്ടേ എന്നെ ഗ്ലൗസ് ധരിപ്പിച്ച് അച്ഛന്റെ സെവൻസ് ടീമിനൊപ്പം കൂട്ടും. അങ്ങനെ മനസ്സിൽ കയറിയതാണ് ഈ കളി ’. ഏഴാം വയസ്സിൽ പറപ്പൂർ സെപ്റ്റ് അക്കാദമിയിലെത്തിയതോടെ ഫുട്ബോളിന്റെ വഴി ഗൗരവമായെടുത്ത സച്ചിൻ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിൽ തിളങ്ങിയാണ് ഐഎസ്എലിന്റെ കളത്തിലെത്തിയത്.
പത്തിലും പ്ലസ്ടുവിനും ‘എ പ്ലസ്’ നേടിയ സച്ചിൻ ഐഎസ്എലിന്റെ പരീക്ഷയിലും ആ തിളക്കം ആവർത്തിക്കുമ്പോഴും മനസ്സിൽ മുറുകെപ്പിടിക്കുന്നതു ബ്ലാസ്റ്റേഴ്സിന്റെ ‘ഹെഡ്മാസ്റ്റർ’ ഇവാൻ വുക്കോമനോവിച്ചിന്റെയൊരു ഉപദേശമാണ് – ‘നല്ല സേവുകൾ. അവ ടീമിനെ തുണച്ചു. അതു കഴിഞ്ഞു. ഇനി നമ്മളായി നിൽക്കുക. അടുത്ത കളി ഫോക്കസ് ചെയ്യുക’.