ഐ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ ഗോകുലം കേരള എഫ്‍സി; ഇന്ന് റിയൽ കശ്മീർ എഫ്സിയെ നേരിടും

Mail This Article
കോഴിക്കോട്∙ ഐ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്താൻ മോഹിച്ച് ഗോകുലം കേരള എഫ്‍സി ഇന്ന് വീണ്ടും കളത്തിൽ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റിയൽ കശ്മീർ എഫ്‍സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. അവസാന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനോട് അവരുടെ തട്ടകത്തിലേറ്റ തോൽവിയുടെ ക്ഷീണം തീർക്കുകയാണ് ഗോകുലത്തിന്റെ ലക്ഷ്യം.
13 മത്സരത്തിൽ നിന്ന് 19 പോയിന്റുള്ള ടീം പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇന്ന് ജയിക്കുകയാണെങ്കിൽ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്താൻ ഗോകുലത്തിന് കഴിയും.
അവസാന മത്സരത്തിൽ മികവ് കാട്ടിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളാണ് ഗോകുലത്തിന് തിരിച്ചടിയായത്. കിരീടപ്പോരാട്ടത്തിലേക്ക് തിരിച്ചെത്തണമെങ്കിൽ ഗോകുലത്തിന് ഇന്ന് ജയിച്ചേ തീരൂ. ഇക്കഴിഞ്ഞ നവംബറിൽ റിയൽ കശ്മീരിന്റെ തട്ടകത്തിൽ നടന്ന എവേ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.
‘‘അവസാന മത്സരത്തിലെ തോൽവിക്കു കാരണമായ തെറ്റുകൾ തിരുത്തിയിട്ടുണ്ട്. ആക്രമണം ശക്തമാക്കി തുടക്കത്തിൽത്തന്നെ കൂടുതൽ ഗോളുകൾ നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് ടീം ഇന്ന് കളത്തിലിറങ്ങുന്നത്. ജയിച്ച് മൂന്ന് പോയിന്റ് നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടീം’’ – പരിശീലകൻ അന്റോണിയോ റുവേഡ വ്യക്തമാക്കി.