ലാലിഗയിൽ റയലിന് തിരിച്ചടിയായി കിലിയൻ എംബപ്പെയ്ക്ക് ചുവപ്പുകാർഡ്; ഒടുവിൽ കാമവിംഗയുടെ ഗോളിൽ 1–0ന് ജയിച്ചു

Mail This Article
മഡ്രിഡ്∙ സൂപ്പർതാരം കിലിയൻ എംബപ്പെ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയ മത്സരത്തിൽ ഡിപോർട്ടീവോ അലാവസിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്ത് റയൽ മഡ്രിഡ്. ആവേശകരമായ മത്സരത്തിൽ 34–ാം മിനിറ്റിൽ എഡ്വാർഡോ കാമവിംഗയാണ് റയലിന്റെ വിജയഗോൾ നേടിയത്. ഫെഡറിക്കോ വാൽവെർദയുടെ പാസിൽ നിന്നായിരുന്നു ഗോൾ.
മത്സരത്തിനിടെ 38–ാം മിനിറ്റിൽ എതിർ ടീം താരത്തെ അപകടകരമായി ഫൗൾ ചെയ്തതിനാണ് എംബപ്പെയ്ക്ക് ചുവപ്പുകാർഡ് ലഭിച്ചത്. തുടർന്ന് ആദ്യപകുതിയുടെ അവസാന മിനിറ്റുകളും രണ്ടാം പകുതി പൂർണമായും 10 പേരുമായാണ് റയൽ കളിച്ചത്. അലാവസിന്റെ മനു സാഞ്ചസും 70–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടതോടെ അവരും അവസാന 20 മിനിറ്റ് 10 പേരുമായാണ് കളിച്ചത്.
മറ്റു മത്സരങ്ങളിൽ ഒസാസുന ജിറോണയെയും (2–1), വിയ്യാ റയൽ റയൽ ബെറ്റിസിനെയും (2–1), അത്‍ലറ്റിക് ക്ലബ് റയോ വയേകാനോയെയും (3–1) തോൽപ്പിച്ചു. വിജയത്തോടെ 31 കളികളിൽനിന്ന് 66 പോയിന്റുമായി റയൽ രണ്ടാം സ്ഥാനത്ത് ബാർസിലോനയുമായുള്ള അകലം നാലു പോയിന്റാക്കി കുറച്ചു. 31 മത്സരങ്ങളിൽനിന്ന് 70 പോയിന്റോടെയാണ് ബാർസ ഒന്നാമതു നിൽക്കുന്നത്.