ഇതു കുട്ടിക്കളിയല്ല: കിഡ്സ് അത്ലറ്റിക്സിൽ പാലക്കാട് ജേതാക്കൾ
Mail This Article
കോലഞ്ചേരി (എറണാകുളം) ∙ പുതിയ തലമുറയെ കായികരംഗത്തോടു ചേർത്തുനിർത്താനുള്ള ആദ്യ ചുവടുവയ്പായി കിഡ്സ് അത്‌ലറ്റിക്സ്. സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച മേള, മത്സരങ്ങളുടെ വൈവിധ്യം കൊണ്ടും 4 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി. 670 കുട്ടികൾ പങ്കെടുത്ത മേളയിൽ പാലക്കാട് ജില്ലയ്ക്കാണു കിരീടം. മലപ്പുറവും കണ്ണൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
∙ കുട്ടികൾക്ക് ഒരു അപകടവും വരുത്താത്ത മൃദുവായ ഉപകരണങ്ങളാണ് ഉപയോഗിച്ചത്.
∙ ഒരോ ഇനത്തിലും ടീമിൽ 6 പേർ. പകരക്കാരായി 2 പേർ.
∙ ഫൗൾ ആയാൽ ഉറക്കെ വിളിച്ചു പറഞ്ഞു കുട്ടികളെ വിഷമിപ്പിക്കില്ല. പകരം ഫൗൾ മാർക്ക് ചെയ്ത് പോയിന്റ് കുറയ്ക്കും.
∙ ഹർഡിൽസ് ആൻഡ് സ്പ്രിന്റ് ഷട്ടിൽ റിലേ
40 മീറ്റർ ദൂരം 5 ഹർഡിലുകൾ മറികടന്ന് കുട്ടികൾ ഓടിയെത്തി അപ്പുറത്തു നിൽക്കുന്നയാൾക്ക് കൈയിലുള്ള റിങ് കൈമാറണം. ആറാമതായി ഓടുന്ന ടീമംഗം സ്റ്റാർട്ടിങ് പോയിന്റിലുള്ള പോളിൽ റിങ് ഇടണം. ആദ്യമെത്തുന്ന ടീം ജയിക്കും.
∙ ഹൂപ്സ് ത്രോ
ഹൂപ്സ് എറിയുന്ന ദൂരം കണക്കാക്കി വിജയിച്ച ടീമിനെ തിരഞ്ഞെടുക്കും.
∙ ഫോർമുല വൺ
ഏകദേശം 50–60 മീറ്റർ വരുന്ന ഒരു ലാപ് ടീമിലെ ഓരോരുത്തരും റിങ് കയ്യിൽ പിടിച്ച് ഓടണം. ഹർഡിൽ, പോൾ, ടണൽ എന്നിവ മറികടന്നു വേണം ഓരോ ലാപ്പും പൂർത്തിയാക്കാൻ. ഓരോ ലാപ്പിന്റെയും അവസാനം റിങ് ടീമിലെ അടുത്തയാൾക്ക് കൈമാറണം. ആറാമത്തെ ലാപ്പിൽ ആദ്യമെത്തുന്ന ടീം വിജയിക്കും.
∙ പുഷ്പാസ്
ഒരുകിലോ തൂക്കം വരുന്ന മെഡിക്കൽ പന്ത് നെഞ്ചിനോട് ചേർത്തു പിടിച്ച് തള്ളി ദൂരേക്ക് എറിയണം. ടീമിലെ 6 പേർക്ക് മത്സരിക്കാം. ഓരോരുത്തരുടെയും മികച്ച ദൂരം എടുത്ത് അതിന്റെ അടിസ്ഥാനത്തിലാണ് ടീമിന്റെ മൊത്തം മാർക്ക് നിശ്ചയിക്കുക.
∙ പ്രിസിഷൻ ജാവലിൻ
ജാവലിന്റെ കനം കുറഞ്ഞ മിനിയേച്ചർ രൂപം. വ്യത്യസ്ത അളവിൽ രേഖപ്പെടുത്തിയിട്ടുള്ള ചതുരക്കളങ്ങളിൽ ജാവലിൻ എറിഞ്ഞു വീഴ്ത്തണം.
∙ കോംപസ് ക്രോസ്
ഒന്നരയടി നീളവും വീതിയുമുള്ള 5 ചതുരങ്ങൾ വരച്ചിട്ടുണ്ടാകും. നടുവിലെ ചതുരത്തിൽ നിന്ന് 1,2,3,4 എന്ന ക്രമത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ചതുരക്കളങ്ങളിലേക്ക് രണ്ടുകാലും ഉറപ്പിച്ച് ചാടണം. 15 സെക്കൻഡ് സമയമാണുള്ളത്. നടുവിലത്തെ ചതുരക്കളത്തിൽ നിന്നു അടുത്തക്കളത്തിലേക്കു ചാടി തിരിച്ച് നടുവിലെ കളത്തിൽ വന്നു വേണം അടുത്ത കളത്തിലേക്കു ചാടാൻ. ക്രമം തെറ്റിയാൽ പോയിന്റ് കുറയും.
English Summary : Palakkad wins kids atheletic title