ബൂം ബൂം ബെസേച്ചി... മോട്ടോ ജിപി ഭാരത് ഗ്രാൻപ്രിയിൽ മാർക്കോ ബെസേച്ചിക്കു കിരീടം
Mail This Article
ന്യൂഡൽഹി ∙ അതിവേഗത്തിന്റെ ട്രാക്കിൽ വിജയം ഇറ്റാലിയൻ താരം മാർക്കോ ബെസേച്ചിക്കു സ്വന്തം. ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ടിൽ നടന്ന മോട്ടോജിപി ഭാരത് ഗ്രാൻപ്രിയിൽ അരങ്ങേറിയത് ആവേശക്കാഴ്ചകൾ. തുടക്കം മുതൽ ലീഡ് നിലനിർത്തിയാണു വിആർ 46 ടീമിന്റെ മാർക്കോ ബെസേച്ചി ജേതാവായത്.
പ്രൈമ പ്രമാക് റേസിങ്ങിന്റെ സ്പാനിഷ് റൈഡർ ഓർഗേ മാർട്ടിനാണു രണ്ടാം സ്ഥാനത്ത്. മോൺസ്റ്റർ എനർജി ടീമിന്റെ ഫ്രാൻസിൽ നിന്നുള്ള റൈഡർ ഫാബിയോ ക്വാർടറാറോ മൂന്നാം സ്ഥാനത്തെത്തി. 36 മിനിറ്റ് 59.157 സെക്കൻഡിൽ റേസ് പൂർത്തിയാക്കിയ ബെസേച്ചിയുടെ സീസണിലെ മൂന്നാം വിജയമാണിത്.
ചാംപ്യൻഷിപ്പിൽ ഒന്നാമതുണ്ടായിരുന്ന ഡ്യൂക്കാട്ടിയുടെ സൂപ്പർതാരം ഫ്രാൻസെസ്കോ ബഗ്നായ അപകടത്തെത്തുടർന്നു പിൻമാറുന്നതിനും ബുദ്ധ് സർക്യൂട്ട് സാക്ഷ്യം വഹിച്ചു. 5.125 കിലോമീറ്ററുള്ള അതിവേഗ ട്രാക്കിലെ 13 കൊടുംവളവുകൾ റൈഡർമാർക്കു കടുത്ത വെല്ലുവിളിയായിരുന്നു. ഇത്തരമൊരു വളവിലാണു ബഗ്നായയ്ക്കു പിഴച്ചത്. റേസിൽ പ്രകടനം പ്രതീക്ഷിച്ചതു പോലെയായില്ലെങ്കിലും 292 പോയിന്റുമായി ബഗ്നായയാണു മോട്ടോ ജിപിയിൽ മുന്നിൽ. മാർട്ടിൻ 279 പോയിന്റുമായി രണ്ടാമതുണ്ട്. ബെസേച്ചി 248 പോയിന്റുമായി മൂന്നാമതും.
ബുദ്ധ് സർക്യൂട്ടിലെ ചൂടിനോടും പൊരുതിയാണു താരങ്ങൾ മത്സരം പൂർത്തിയാക്കിയത്. ചൂടിനെത്തുടർന്നു 24 ലാപ്പുകൾ എന്നതു 21 ആയി കുറച്ചിരുന്നു. ശനിയാഴ്ച നടന്ന സ്പ്രിന്റ് റേസിലെ ആദ്യ ലാപ്പിൽ അപകടമുണ്ടായെങ്കിലും ബെസേച്ചി അഞ്ചാമതായി റേസ് പൂർത്തിയാക്കിയിരുന്നു. ഇതു തനിക്കു പാഠമായി മാറിയെന്നും ചൂടുൾപ്പെടെ വലച്ചുവെങ്കിലും ബൈക്കിൽ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു താനെന്നും മത്സരശേഷം ബെസേച്ചി പ്രതികരിച്ചു.
ഫോർമുല വൺ കാറോട്ട മത്സരങ്ങളുടെ വേദിയായിരുന്ന ബുദ്ധ് സർക്യൂട്ട് മോട്ടോ ജിപിക്കു വേണ്ടി പ്രത്യേകം സജ്ജീകരിക്കുകയായിരുന്നു. 20 റേസുള്ള മോട്ടോജിപിയുടെ 13–ാം റേസാണ് ഇന്ത്യയിൽ നടന്നത്. ഭാരത് ഗ്രാൻപ്രിക്കു വേണ്ടി ഇന്ത്യൻ റേസ് പ്രമോട്ടർമാരായ ഫെയർസ്ട്രീറ്റ് സ്പോർട്സുമായി മോട്ടോജിപി സംഘാടകർ 7 വർഷത്തേക്കാണു കരാറായിരിക്കുന്നത്.
English Summary : Italian Marco Besecchi is the winner on the fast track