ജ്യോതികയ്ക്ക് സർക്കാർ നൽകാനുണ്ട് അര ലക്ഷം രൂപ! കടം പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ്
Mail This Article
കൊച്ചി ∙ മഹാരാജാസ് കോളജിലെ ട്രാക്കിൽ നിന്ന് നാലാം സ്വർണം ഓടിയെടുത്തതിനു ശേഷം തുന്നൽവിട്ടു തുടങ്ങിയ തന്റെ സ്പൈക്കിലേക്ക് നോക്കി എം.ജ്യോതിക ഉയർത്തിയ ചോദ്യം കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിനോടാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇതുവരെ 10 സ്വർണവും ദേശീയ മീറ്റിൽ 2 സ്വർണവും നേടിയ ജ്യോതികയ്ക്ക് സമ്മാനത്തുകയായി സർക്കാർ നൽകാനുള്ളത് അര ലക്ഷം രൂപ! ‘ആ പണം കിട്ടിയാൽ പുതിയൊരു സ്പൈക് വാങ്ങാം. വരുന്ന ദേശീയ മീറ്റിൽ കൂടുതൽ മെഡലുകൾ ഓടിപ്പിടിക്കാം– തന്റെ കഴിവിലും കഠിനാധ്വാനത്തിലുമുള്ള ആത്മവിശ്വാസത്തിന്റെ തെളിച്ചത്തിൽ പാലക്കാട് പറളി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ജ്യോതിക പറയുന്നു.
കഴിഞ്ഞ വർഷം നടന്ന ദേശീയ സ്കൂൾ കായികമേളയിൽ നേടിയ 2 സ്വർണത്തിനുള്ള പാരിതോഷികമെന്ന നിലയിലാണ് വിദ്യാഭ്യാസ വകുപ്പ് ജ്യോതികയ്ക്ക് അര ലക്ഷം രൂപ നൽകാനുള്ളത്. ദേശീയ തലത്തിൽ സ്വർണവും വെള്ളിയും വെങ്കലവും നേടുന്ന താരങ്ങൾക്ക് യഥാക്രമം 25,000 രൂപ, 20,000, 15,000 എന്നിങ്ങനെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പാരിതോഷികം. എന്നാൽ 2 വർഷമായി ഇതു മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ 2 ദേശീയ മീറ്റുകളിലായി കേരളത്തിനായി മെഡൽനേടിയവരാണ് ഈ തുക പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്. ഇത്തവണ സംസ്ഥാന സ്കൂൾ കായികമേളയിലെ ജേതാക്കൾക്കുള്ള കാഷ് പ്രൈസ് വേദിയിൽ തന്നെ വിതരണം ചെയ്ത് മാതൃക കാട്ടിയെങ്കിലും മുൻ ദേശീയ ജേതാക്കളുടെ കാര്യത്തിൽ വകുപ്പ് മിണ്ടുന്നില്ല.
സുവർണതാരം
സംസ്ഥാന സ്കൂൾ കായികമേളയിൽ ഇത്തവണ സീനിയർ പെൺകുട്ടികളുടെ 200 മീറ്റർ, 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ് എന്നിവയിൽ സ്വർണം നേടിയ ജ്യോതിക 4–400 റിലേയിൽ സ്വർണം നേടിയ പാലക്കാട് ടീമിലും അംഗമായിരുന്നു. തുടർച്ചയായ രണ്ടാം സ്കൂൾ മീറ്റിലാണ് ജ്യോതിക 4 സ്വർണം നേടുന്നത്. രണ്ടു തവണയും വ്യക്തിഗത ചാംപ്യനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിനു പുറമേ 2022ൽ 2 സ്വർണവും 2 വെള്ളിയും നേടിയതോടെ സംസ്ഥാന സ്കൂൾ കായികമേളയിൽ ജ്യോതികയുടെ ആകെ നേട്ടം 10 സ്വർണവും 2 വെള്ളിയും.