ഗുകേഷ് ലോക ചാംപ്യനാകുമ്പോൾ ഒരു പങ്ക് വിശ്വനാഥൻ ആനന്ദിനും അദ്ദേഹത്തിന്റെ അക്കാദമിക്കും അവകാശപ്പെട്ടത്; ‘ആനന്ദ’ലബ്ധി!
Mail This Article
പതിനെട്ടാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ശേഷം ഒരിക്കൽ കേരളത്തിലൂടെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു വിശ്വനാഥൻ ആനന്ദ്. അടുത്തിരുന്നൊരാൾ ആനന്ദിനോടു ചോദിച്ചു: എന്താണു ജോലി? ‘ഞാനൊരു ചെസ് കളിക്കാരനാണെ’ന്ന് ആനന്ദ്. അതു കേട്ടതും അയാൾ ഉപദേശിച്ചു: ‘അതൊന്നും ഒട്ടും ഉറപ്പുള്ള ജോലിയല്ല. വിശ്വനാഥൻ ആനന്ദിനൊക്കെയേ ചെസ് കൊണ്ടു ജീവിക്കാൻ പറ്റൂ’. മുന്നിലിരിക്കുന്നത് ആനന്ദാണെന്ന് ആ പാവത്തിന് അറിയില്ലായിരുന്നു.
പുതിയ ലോകചാംപ്യൻ ദൊമ്മരാജു ഗുകേഷിന് ഒരിക്കലും ഈ ചോദ്യം കേൾക്കേണ്ടി വന്നിട്ടുണ്ടാകില്ല. അതിനു നാം ആനന്ദിനോടു കടപ്പെട്ടിരിക്കുന്നു. ചെസ് ജീവിതമാണെന്നും അതുകൊണ്ടു ജീവിക്കാൻ പറ്റുമെന്നും ഇന്ത്യയെ പഠിപ്പിച്ചത് അദ്ദേഹമാണല്ലോ. ഒരു സ്കൂളിന്റെയും ഭാഗമാകാതെയും വൻ സൗകര്യങ്ങളില്ലാതെയും ചാംപ്യനാകാമെന്നു തെളിയിച്ചു എന്നതാണ് ആനന്ദ് നൽകിയ ഏറ്റവും വലിയ സംഭാവന. 55–ാം വയസ്സിലും ആനന്ദ് ജിപിഎസ് പോലെ ഇന്ത്യൻ ചെസിനെ വഴിനടത്തുന്നു.
ആറാം വയസ്സിൽ അമ്മയിൽനിന്നു പഠിച്ച കരുനീക്കങ്ങളിൽനിന്ന് ലോകചാംപ്യനിലേക്കുള്ള ആനന്ദിന്റെ വളർച്ച പാടിപ്പതിഞ്ഞ കഥയായി. ആനന്ദിനാൽ പ്രചോദിതരായി ചെസിലേക്ക് ആയിരങ്ങൾ മാർഗം കൂടി. കശ്മീർ തൊട്ടു കന്യാകുമാരി വരെ ചെസ് ബോർഡുകൾ നിരന്നു. ട്രാക്കിലെ പി.ടി.ഉഷയെക്കാൾ, ക്രീസിലെ സച്ചിനെക്കാൾ വലിയ പ്രചോദനമായിരുന്നു ചെസ് ബോർഡിലെ ആനന്ദ്. ഉഷയ്ക്കു മുൻപ് മിൽഖാ സിങ്ങുണ്ടായിരുന്നു; സച്ചിനു മുൻപു കപിലും ഗാവസ്കറും. ആനന്ദിനു മുൻപ് അങ്ങനെയൊരാളില്ലായിരുന്നു.
നിശ്ചയദാർഢ്യത്തിന്റെയും സമ്പൂർണ സമർപ്പണത്തിന്റെയും മുനക്കൂർപ്പുള്ള ഒറ്റക്കരുവായിരുന്നു അത്. അഞ്ചുവട്ടം ലോകചാംപ്യനായ ശേഷവും വിശ്രമത്തിലേക്കു കടക്കാതെ, കരുനീക്കങ്ങളും മനോനീക്കങ്ങളും പുതുതലമുറയ്ക്കു പകരുകയായിരുന്നു ആനന്ദ്. ആനന്ദ് യുവതലമുറയ്ക്ക് അപ്രാപ്യനല്ലായിരുന്നു. ഏതു നിമിഷവും അവർക്കു സമീപിക്കാമായിരുന്നു. ഏറ്റവും പുതിയ താരങ്ങളുടെ വരെ ശൈലി നിരീക്ഷിക്കുകയും തിരുത്തേണ്ടതു കൃത്യമായി ചൂണ്ടിക്കാട്ടുകയും നല്ല വാക്കുകൾകൊണ്ടു പ്രചോദിപ്പിക്കുകയും ചെയ്തു. സ്ട്രെയ്റ്റ് ഡ്രൈവിലെ പിഴവു തിരുത്താൻ ഒരു യുവ ക്രിക്കറ്റർക്കു സച്ചിനെ കിട്ടിയെന്നു വരില്ല. പക്ഷേ കിങ്സ് ഇന്ത്യൻ ഡിഫൻസിനെക്കുറിച്ചുള്ള സംശയം പരിഹരിക്കാൻ ആനന്ദ് കയ്യകലത്തുണ്ട്.
2020ൽ തുടങ്ങിയ വെസ്റ്റ് ബ്രിജ്–ആനന്ദ് ചെസ് അക്കാദമി ഇന്ത്യൻ ചെസിനു പുതിയ കരുത്തായി. ഫിഡെയുടെ മുൻനിര റാങ്കിങ്ങിൽ ഇത്രയും ഇന്ത്യക്കാർ പോരെന്നും വലിയ അവസരങ്ങൾ മുതലെടുക്കാൻ നമ്മൾ പിന്നിലാണെന്നുമുള്ള ചിന്തയാണ് ആനന്ദിനെ അക്കാദമിയിലേക്ക് എത്തിച്ചത്. നിഹാൽ സരിൻ, ആർ.പ്രഗ്നാനന്ദ, ആർ.വൈശാലി, ഡി.ഗുകേഷ് തുടങ്ങിയവരെല്ലാം ആ കളരിയിൽ പയറ്റിത്തെളിഞ്ഞവരാണ്. വ്ലാഡിമിർ ക്രാംനിക്കിനെപ്പോലുള്ള വൻ താരങ്ങൾ അവിടെ പരിശീലനം നൽകാനെത്തി. ആനന്ദുള്ളതുകൊണ്ടു മാത്രമാണ് അതു സാധ്യമായത്.
ഒരു വലിയ മത്സരത്തിൽ സമ്മർദത്തിനു കീഴ്പ്പെടാതെ, തന്ത്രങ്ങൾ നിരന്തരം പുതുക്കി, വീഴ്ചകളിൽനിന്നു പോലും എങ്ങനെ വിജയം കൈപ്പിടിയിലൊതുക്കാമെന്നുള്ള വിലയേറിയ പാഠങ്ങളാണ് ആനന്ദടക്കമുള്ളവർ പകർന്നത്. നിർണായക മുഹൂർത്തങ്ങളിൽ പതറിപ്പോകുന്ന ഇന്ത്യൻ മനോനിലയ്ക്കൊരു പരിഹാരമായിരുന്നു അത്. ഡിങ് ലിറനുമായുള്ള ലോകചാംപ്യൻ പോരാട്ടത്തിനു യോഗ്യത നേടിയ ശേഷം ഗുകേഷ് പറഞ്ഞു: ‘വിഷി സാർ എനിക്കു വലിയൊരു പ്രചോദനമാണ്. അദ്ദേഹത്തിന്റെ അക്കാദമിയിൽനിന്ന് ഒരുപാടു ഗുണം കിട്ടി. അദ്ദേഹമില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ എത്തിയതിന് അടുത്തൊന്നും എത്തില്ലായിരുന്നു. അതിന് അദ്ദേഹത്തോട് ശരിക്കും നന്ദിയുണ്ട്’.
ഗുരുമുഖത്തുനിന്നു പഠിക്കാത്തവർ ജയിക്കാത്ത കാലമാണ് ചെസിൽ ഇപ്പോഴുള്ളത്. ചെൻ ലിക്സിങ്ങെന്ന ഇതിഹാസ പരിശീലകനു കീഴിലാണു ഡിങ് ലിറൻ പഠിച്ചതെങ്കിൽ സാക്ഷാൽ ഗാരി കാസ്പറോവാണ് മാഗ്നസ് കാൾസന്റെ മികവിനെ മിനുക്കിയെടുത്തത്. ദൊമ്മരാജു ഗുകേഷിലൂടെ, ആനന്ദിന്റെ സ്കൂളിൽനിന്ന് ഇതാ ലോക ചാംപ്യൻ പിറന്നിരിക്കുന്നു. ആനന്ദ് ആദ്യമായി ലോക ചെസ് കിരീടം നേടിയത് 2000 ഡിസംബർ 24ന് ആയിരുന്നു. ആ നേട്ടത്തിന് കാൽനൂറ്റാണ്ടു തികയാൻ 12 ദിവസം മാത്രം ബാക്കിനിൽക്കെ ഗുകേഷിലൂടെ ഒരിക്കൽക്കൂടി കിരീടം ഇന്ത്യയിലെത്തുന്നു.
മിഖായിൽ ബോട്‌വിന്നിക്കിന്റെ സ്കൂളിൽ പഠിച്ചിറങ്ങിയ അനറ്റൊലി കാർപോവും ഗാരി കാസ്പറോവും വ്ലാഡിമിർ ക്രാംനിക്കുമെല്ലാം ചേർന്നുനടത്തിയ റഷ്യൻ ചെസ് വിപ്ലവത്തിന്റെ ചരിത്രമറിയാവുന്നവർക്ക് ഗുകേഷ് ഇന്ത്യൻ വിപ്ലവത്തിന്റെ ആദ്യ കാഹളം മാത്രം; ഇന്ത്യൻ ചെസിലെ ‘ആനന്ദ് ആർമി’ മാർച്ച് തുടങ്ങിയിട്ടേയുള്ളൂ.