ചാള്‍സ് രാജാവിന്‍റെ പ്രതിമയില്‍ ചോക്‌ലേറ്റ് കേക്ക് തേച്ച് പ്രതിഷേധം

Mail This Article
വിന്‍സന്‍റ് വാന്‍ഗോഗിന്‍റെ ചിത്രത്തിന് പിന്നാലെ ചാള്‍സ് രാജാവിന്‍റെ മെഴുക് പ്രതിമയും അലങ്കോലമാക്കി ബ്രിട്ടനിലെ തീവ്രപരിസ്ഥിതി വാദികള്‍. ലണ്ടനിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ വച്ചിരിക്കുന്ന ചാള്‍സ് മൂന്നാമന്‍ രാജാവിന്‍റെ മെഴുക് പ്രതിമയാണ് ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ സംഘടനയില്‍പ്പെട്ട പരിസ്ഥിതി വാദികള്‍ ചോക്‌ലേറ്റ് കേക്ക് തേച്ച് അലങ്കോലമാക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇതേ സംഘത്തിലെ പരിസ്ഥിതി വാദികള്‍ നഗരത്തിലെ നാഷനല്‍ ഗാലറിയിലുള്ള വിന്‍സന്‍റ് വാന്‍ഗോഗിന്‍റെ പ്രശസ്ത ചിത്രമായ സണ്‍ഫ്ളവേഴ്സിൽ തക്കാളി സൂപ്പ് ഒഴിച്ചത്.
പുതിയ എണ്ണ, വാതക പര്യവേഷണ ലൈസന്‍സുകളും അനുമതികളും ഗവണ്‍മെന്‍റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പരിസ്ഥിതിവാദികള്‍ തുടര്‍ച്ചയായ പ്രതീകാത്മക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. മാഡം തുസാഡ്സ് മ്യൂസിയത്തിലെ രാജകുടുംബത്തിന്‍റെ ഡിസ്പ്ലേയ്ക്ക് അരികിലെത്തിയ രണ്ട് പ്രതിഷേധക്കാര്‍ തങ്ങളുടെ പുറമേയുള്ള വസ്ത്രമൂരി, സംഘടനയുടെ പേര് പതിപ്പിച്ച ടി–ഷര്‍ട്ട് പ്രദര്‍ശിപ്പിച്ച ശേഷം പെട്ടെന്ന് കേക്ക് എടുത്ത് പ്രതിമയുടെ മുഖത്തേക്ക് എറിയുകയായിരുന്നു.
സുരക്ഷാ ജീവനക്കാര്‍ സംഭവത്തോട് പെട്ടെന്ന് പ്രതികരിച്ച് സാഹചര്യം നിയന്ത്രണവിധേയമാക്കിയതായി മ്യൂസിയം അധികൃതര്‍ അറിയിച്ചു. ഈ വിഷയം മെട്രോപോളിറ്റന്‍ പോലീസ് കൈകാര്യം ചെയ്യുകയാണെന്നും താത്ക്കാലികമായി രാജകുടുംബത്തിന്‍റെ മെഴുക് പ്രതിമകള്‍ ഇരിക്കുന്ന ഭാഗം മാത്രം അടച്ചിടുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മെട്രോപൊളിറ്റന്‍ പൊലീസ് ഇതുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണിൽ ജസ്റ്റ് സ്റ്റോപ്പ് ഓയിലിന്‍റെ തന്നെ പ്രവര്‍ത്തകര്‍ ഗ്ലാസ്ഗോയിലെ കെല്‍വിന്‍ഗ്രോവ് ആര്‍ട്ട് ഗാലറയില്‍ സമാന പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെ ഒരു ഡസനോളം പ്രശസ്ത ചിത്രങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായി. ഇറ്റലിയിലും ജർമനിയിലും സാന്ദ്രോ ബോട്ടിസെല്ലിയുടെയും പാബ്ലോ പിക്കാസോയുടെയും ചിത്രങ്ങള്‍ക്ക് നേരെ പരിസ്ഥിതിവാദികളുടെ പ്രകടനം അരങ്ങേറിയിരുന്നു. ഫ്രാൻസ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലും പരിസ്ഥിതി വിഷയങ്ങളുടെ നേർക്ക് ജനശ്രദ്ധ ആകർഷിക്കാൻ ഇത്തരത്തിൽ മ്യൂസിയങ്ങളെയും ആർട്ട് ഗാലറികളെയും ലക്ഷ്യമിട്ടുള്ള പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.