‘ഗ്യാസ് എന്ന് കരുതി, പരിശോധിച്ചപ്പോൾ ഹൃദയത്തില്‍ ബ്ലോക്ക്, കാത്തുനിൽക്കാതെ അമ്മ പോയി’
Mail This Article
തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടി സാഗർ സൂര്യൻ തിളങ്ങി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി അമ്മ മിനിയുടെ വിയോഗം. ജൂൺ 11–ാം തീയതി ഹൃദയാഘാതത്തെ തുടർന്ന് എല്ലാവരേയും ഞെട്ടിച്ച്, കുടംബത്തെ അനാഥമാക്കി അമ്മ പോയപ്പോൾ ഇനിയെന്ത് എന്ന വലിയൊരു ചോദ്യമായിരുന്നു സാഗറിന്റെ മനസ്സു നിറയെ. ദിവസങ്ങളെടുത്തു ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ. അമ്മയുടെ ആഗ്രഹങ്ങള്‍ക്കു വേണ്ടി, അച്ഛനും സഹോദരനും വേണ്ടി, തന്റെ സ്വപ്നങ്ങളെ ചേർത്തു പിടിച്ച് ജീവിക്കണം. സാഗർ ഇന്നതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. അമ്മയുടെ വിയോഗത്തെയും ഇനിയങ്ങോട്ടുള്ള ജീവിതത്തെക്കുറിച്ചും സാഗർ സൂര്യൻ മനസ്സ് തുറക്കുന്നു.
‘‘അമ്മയ്ക്ക് വാതസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. അതിന്റെ ചില ചികിത്സകൾ നടന്നിരുന്നു. ഈയടുത്താണ് നെഞ്ചിൽ ഗ്യാസ് കെട്ടി നിൽക്കുന്നതു പോലെ തോന്നുന്നു എന്ന് അമ്മ പറഞ്ഞത്. അങ്ങനെ സ്കാൻ ചെയ്തു നോക്കിയപ്പോൾ കുഴപ്പങ്ങളൊന്നും കണ്ടില്ല. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഇതേ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പറഞ്ഞു. തുടർന്ന് അമ്മ ഛർദിച്ചു. ഞങ്ങൾ ആശുപത്രിയിൽ കൊണ്ടു പോയി സി.ടി സ്കാൻ അടക്കമുള്ള വിശദ പരിശോധനകൾ നടത്തി. അപ്പോഴാണ് ഹൃദയത്തിൽ 50 ശതമാനത്തോളം ബ്ലോക്ക് ഉണ്ടെന്ന് അറിയുന്നത്. കാര്യങ്ങൾ വളരെ ഗുരുതരമായിരുന്നു. വാൽവുകൾ ലീക്കാണ്. സ്റ്റെന്റ് ഇട്ടാലൊന്നും പരിഹരിക്കാനാവാത്ത അവസ്ഥയിലെത്തിയിരുന്നു. മറ്റൊരു ഓപ്ഷനും വിദഗ്ധ ചികിത്സായ്ക്കുമായി അമ്മയെ അമൃതയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാൽ അപ്പോഴേക്കും ഹൃദയാഘാതം സംഭവിച്ചു. ഒന്നിനും കാത്തുനിൽക്കാതെ അമ്മ ഞങ്ങളെ വിട്ടു പോയി.
ഈ വേദനയിൽ നിന്നു തിരിച്ചുവരാൻ ഇനിയും സമയമെടുക്കും. കാരണം ഞങ്ങളുടെ കുടുംബം അങ്ങനെയായിരുന്നു. അതൊരു സാധാരണ കുടുംബം പോലെ അല്ലായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. കളിച്ചും ചിരിച്ചും സുഹൃത്തുക്കളെപ്പോലെയായിരുന്നു മുന്നോട്ടു പോയിരുന്നത്. അമ്മ പറയുന്നത് അനുസരിച്ചായിരുന്നു ജീവിതം. അമ്മയായിരുന്നു കുടുംബത്തിന്റെ കേന്ദ്രം. പിന്തുണ നൽകിയിരുന്നതും മാർഗനിർദേശം നൽകിയിരുന്നതും അങ്ങനെ ഞങ്ങളുടെ എല്ലാമെല്ലാം അമ്മയായിരുന്നു. അതാണ് നഷ്ടമായത്. ഇനിയൊരിക്കലും അതൊന്നും പഴയതു പോലെയാകില്ല. പക്ഷേ, ജീവിതത്തിലേക്ക് തിരിച്ചുവന്നേ തീരൂ. കാരണം കുടുംബത്തിന്റെ സന്തോഷമാണ് അമ്മ എന്നും ആഗ്രഹിച്ചത്. ഞങ്ങൾ നല്ല നിലയിലെത്തണമെന്നതായിരുന്നു അമ്മയുടെ സ്വപ്നം. അതെല്ലാം സാക്ഷാത്കരിക്കേണ്ടതുണ്ട്.’’
English Summary : Sagar Suryan on mothers' death