തൂവെള്ള ഗൗണിൽ വധുവായി അണിഞ്ഞൊരുങ്ങിയ സുബി, നെഞ്ചുപൊട്ടി ആരാധകർ
Mail This Article
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഫെബ്രുവരി 22നാണ് സുബി സുരേഷ് അന്തരിച്ചത്. സുബിയുടെ മരണത്തിന് പിന്നാലെ ഏറെ ആഗ്രഹത്തോടെ തുടങ്ങിയ യൂട്യൂബ്, ഫേസ്ബുക്ക് ഹാൻഡിലുകൾ വീണ്ടും ഉപയോഗിക്കുമെന്നും നേരത്തെ എടുത്ത വിഡിയോകൾ അപ്‍ലോഡ് ചെയ്യുമെന്നും സഹോദരൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സുബിയുടെ സമൂഹമാധ്യമ പേജിൽ പങ്കുവെച്ച ചിത്രമാണ് നൊമ്പരമാകുന്നത്.
വിവാഹവേഷത്തിൽ അണിഞ്ഞൊരുങ്ങിയ സുബിയുടെ ചിത്രമാണ് ആരാധകരുടെ ഉള്ളുലയ്ക്കുന്നത്. വെള്ള നിറത്തിലുള്ള ഗൗണിൽ കയ്യിൽ പൂക്കളുമായി നിൽക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചത്. ‘മാലാഖമാർ നമ്മെ സന്ദർശിക്കുമ്പോൾ ചിറകുകളുടെ ശബ്ദം കേൾക്കുകയോ തൂവൽ സ്പർശം അനുഭവിക്കുകയോ ചെയ്യുന്നില്ല. പക്ഷേ, അവർ നമ്മുടെ ഹൃദയത്തിൽ സൃഷ്ടിക്കുന്ന സ്നേഹത്താൽ അവരുടെ സാമീപ്യം നമ്മൾ അറിയുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് ഇതിനോടകം നിരവധി കമന്റുകളാണ്.
സുബിയുെട വിവാഹത്തിനായി ആരാധകർ നീണ്ട കാലമായി കാത്തിരിപ്പിലായിരുന്നു. വിവാഹിതയാകാൻ താൽപര്യമില്ലെന്നായിരുന്നു സുബിയുടെ ആദ്യ നിലപാട്. എന്നാൽ വിവാഹിതയാകാൻ പോകുന്നു എന്ന വിവരം അടുത്തിടെ സുബി തുറന്നു പറഞ്ഞിരുന്നു. പ്രതിശ്രുത വരൻ രാഹുലിനെയും പരിചയപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹത്തിന് മുമ്പേ എല്ലാവരെയും കണ്ണീരിലാഴ്ത്തി സുബി എല്ലാവരെയും വിട്ട് പോകുകയായിരുന്നു.
Content Summary: Subi Suresh Bridal Look Photo