ADVERTISEMENT

ഒരു സ്ത്രീയുടെ ധൈര്യം എത്രത്തോളം ഉണ്ട് എന്ന് തിരിച്ചറിയണമെങ്കിൽ ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാരോട് ചോദിക്കണം. അവർ ജീവിതത്തിൽ ധൈര്യത്തോടെ എടുക്കുന്ന ചില തീരുമാനങ്ങൾ മറ്റൊരാൾക്കും സാധിക്കാത്തതായിരിക്കാം. ഈ വനിതാദിനത്തിൽ സ്വന്തം മകനും അവനെപ്പോലെയുള്ള അനേകം കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു അമ്മയെ പരിചയപ്പെടാം. ഭിന്നശേഷിയുള്ള മകനുവേണ്ടി സ്പെഷ്യൽ എജുക്കേറ്ററായി മാറിയ വ്യക്തിത്വമാണ് ഷബ്ന നജ്മുദ്ദീൻ. ഭൗതിക ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിൽ നിന്നും മാറ്റി നിർത്താതെ സാധാരണ ജീവിതം നയിക്കാൻ പ്രാപ്തമാക്കുകയാണ് മാതാപിതാക്കൾ അടക്കമുള്ളവർ ചെയ്യേണ്ടതെന്ന് ഷബ്ന മകന്റെ ജീവിതംകൊണ്ട് നമുക്ക് കാണിച്ചു തരുന്നു. മകനെ ഓർത്ത് ദുഃഖിച്ചിരിക്കാതെ അവനുവേണ്ടി അവനെ പോലെയുള്ളവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ നല്ലത് ചെയ്യണമെന്ന് ആഗ്രഹിച്ചിടത്താണ് ഷബ്ന നമ്മളിൽ നിന്നും വ്യത്യസ്ത ആകുന്നത്.

തിരൂർ എഡബ്ലിയുഎച്ച് സ്കൂളിൽ സെക്കൻഡറി വിദ്യാർഥിയാണ് ഷബ്നയുടെ മകൻ ഷാൻ. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയാണ് ഷബ്ന. ഒരിക്കൽ മകനെ ഓർത്ത് വീടിനുള്ളിൽ ഒതുങ്ങി കൂടിയിരുന്ന ഈ അമ്മ ഇന്ന് തന്നെ പോലെയുള്ള അമ്മമാർക്ക് കരുത്തും ശക്തിയുമായിരിക്കുകയാണ്.

കാഴ്ചപ്പാടുകൾ മാറണം, മാറ്റേണ്ടവർ നമ്മൾ തന്നെ

എന്റെ ഇരുപതാമത്തെ വയസ്സിലാണ് മകൻ ജനിക്കുന്നത്. എല്ലാ അമ്മമാരെയും പോലെ ഒത്തിരി ആഗ്രഹങ്ങളും സ്വപ്നങ്ങളും ആദ്യത്തെ കുഞ്ഞിനെ കുറിച്ച് ഞാനും കണ്ടിരുന്നു. മകൻ ഇങ്ങനെയൊരു അവസ്ഥയിലാണ് ജനിച്ചത് എന്നത് ആദ്യമൊക്കെ ഏറെ വിഷമം നൽകിയ കാര്യമായിരുന്നു. അവന്റെ ചെറിയ പ്രായത്തിൽ ഞാൻവിഷമിച്ചിട്ടുണ്ട്. പക്ഷേ, അവനിലൂടെ തന്നെ ലോകത്തെ മറ്റൊരു കാഴ്ചപ്പാടിൽ കാണാൻ ഞാൻ പഠിച്ചു. സമൂഹം ഇത്തരം കുട്ടികളെ അംഗീകരിക്കില്ല എന്ന തോന്നലിലാണ് മിക്ക മാതാപിതാക്കളും അവരുടെ മക്കളെ മറ്റുള്ളവരിൽ നിന്നും മറച്ചുപിടിക്കാൻ ശ്രമിക്കുന്നത്. വിശേഷ പരിപാടികളിലോ മറ്റോ പങ്കെടുക്കാൻ പോകുമ്പോൾ ഹൈപ്പർ ആക്ടിവിറ്റിയുള്ള കുട്ടികളൊക്കെ ആണെങ്കിൽ ഒരുപാട് വികൃതികൾ കാണിക്കും. മറ്റുള്ളവരുടെ ഇടയിൽ നിന്ന് അവനതൊക്കെ ചെയ്യുമ്പോൾ അവർ ചിലപ്പോൾ എടുത്തടിച്ച് പറഞ്ഞു കളയും ഇത്തരം പ്രശ്നങ്ങളുള്ള കുട്ടിയെ കൊണ്ട് വരേണ്ട കാര്യമുണ്ടോ എന്ന്. നമ്മൾ എന്നാണോ അതിനെയൊക്കെ അതിജീവിക്കാൻ തുടങ്ങുന്നത് അന്നുമുതൽ നമ്മുടെ ജീവിതം മനോഹരമാകും. നമ്മുടെയും കുഞ്ഞുങ്ങളുടെയും ജീവിതം പിന്നീട് ഏറ്റവും സുന്ദരമായ ഒരു അവസ്ഥയിലേക്ക് എത്തും.

ഞാനൊക്കെ ഇത്തരം സാഹചര്യങ്ങളെ നേരിടാനാവാതെ ഒത്തിരി ഒതുങ്ങി പോയിട്ടുള്ള ആളായിരുന്നു. അയൽ വീടുകളിൽ പോലും മകനെയും കൊണ്ടുപോകാൻ മടിച്ചിരുന്ന സമയമുണ്ട്. പക്ഷേ, ഞാൻ മാറണം. എനിക്ക് ഇങ്ങനെയുള്ള കുഞ്ഞ് ആണെന്ന് എല്ലാവർക്കും അറിയാം പിന്നെ ഞാൻ എന്തിനു മറ്റുള്ളവരെ പേടിച്ച് എന്റെ കുഞ്ഞിനെ ഒളിപ്പിച്ചു വയ്ക്കണം. മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങൾക്കും കൂടിയുള്ളതാണ് ഈ ലോകം. അവർ ഈ സമൂഹത്തിൽ ജീവിക്കണം സാധാരണക്കാരെപ്പോലെ. അതിന് മുൻകൈയെടുക്കേണ്ടതും പരിശ്രമിക്കേണ്ടതും അവരുടെ മാതാപിതാക്കൾ തന്നെയാണ്. പ്രത്യേകിച്ച് അമ്മമാർ. അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ നമുക്ക് ചെയ്യാൻ പറ്റുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം.

എന്റെ മകൻ ഇങ്ങനെയാണ് അത് ഇനി മാറ്റാൻ സാധിക്കില്ല. ഒരുപാട് തെറപ്പികളും ചികിത്സകളും ചെയ്തതിനുശേഷമാണ് അവൻ നടക്കാനും ചെറുതായി സംസാരിക്കാനും തുടങ്ങിയത്. ഇനി അവനും ഈ സമൂഹത്തിൽ ജീവിക്കണമെന്ന് ഞാൻ തീരുമാനമെടുത്തു. ആദ്യം കുഞ്ഞിനെയോർത്ത് മാറി നിന്ന എന്നെ അവനുവേണ്ടി ജീവിക്കാൻ പ്രേരിപ്പിച്ചത് എന്റെ ഉമ്മയാണ്. ആരെങ്കിലും ഒരാൾ നമ്മളെ പിന്തുണയ്ക്കാനുണ്ടായാൽ മതി ഒറ്റയ്ക്കാണെങ്കിലും എല്ലാം ചെയ്യാൻ സാധിക്കും. എന്റെ ഉമ്മ എനിക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നതുകൊണ്ടാണ് ഷാനുവിനെ നല്ലനിലയിൽ വളർത്തിയെടുക്കാൻ സാധിച്ചത്. അവനെയും കൊണ്ട് വീട്ടിൽ അടച്ചിരിക്കാതെ പുറത്തേക്ക് ഇറങ്ങാൻ തീരുമാനിക്കുന്നതും ഉമ്മ നൽകിയ ധൈര്യത്തിന്റെ പുറത്ത് തന്നെ. ശാപമല്ല പകരം ഈ കുഞ്ഞിനെ വളർത്താൻ ദൈവം എന്നെ തിരഞ്ഞെടുത്തതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

യാത്രകൾ പോകാൻ ഇഷ്ടമുള്ള മകന്‍

യാത്ര ചെയ്യാൻ ഇഷ്ടമാണ് എങ്കിലും വീട് വിട്ട് നിൽക്കുന്ന യാത്രകളൊക്കെ അസ്വസ്‌ഥമാണ് ഷാനുവിന്. ക്രിസ്മസ് അവധിക്ക് ഡൽഹി വരെയുള്ള യാത്ര പ്ലാൻ ചെയ്തപ്പോൾ അവനെയോർത്ത് യെസ് പറയാൻ ആദ്യം മടിച്ചു. ഞങ്ങളുടെ മക്കളിൽ ചിലർ അങ്ങനെയാണ്. അവരുടെ ദിനചര്യകൾ ഇല്ലാതായാൽ വാശിയും ബഹളവുമാകും. അതൊക്കെയാണല്ലോ മറ്റുള്ളവർക്ക് അവർ ഭിന്നശേഷിക്കാരാകുന്നതും.

കുടുംബത്തിലെ എല്ലാവരും യാത്രക്ക്‌ റെഡിയായപ്പോൾ മനസ്സില്ലാ മനസ്സോടെ ഞാനും സമ്മതം മൂളി. ട്രെയിനിലാണ് യാത്ര. രണ്ടു ദിവസം പുറത്തിറങ്ങാതെ ഇരിക്കണം. എന്തായാലും പോകാൻ ഉറപ്പിച്ചു. അങ്ങനെ യാത്ര ആരംഭിച്ചു. കയറിയ പാടെ വിൻഡോ സീറ്റൊക്കെ ഉറപ്പിച്ചു അവനിരുന്നു. ഇടയ്ക്കിടെ എണീറ്റു നടന്നും ട്രെയിനിനുള്ളിലെ കച്ചവടക്കാരുമായി സംസാരിച്ചും അവൻ സമയം കളഞ്ഞു. ഭാഷ മാറിതുടങ്ങിയപ്പോൾ ചെറിയൊരു ആശങ്ക വന്നെങ്കിലും പെട്ടെന്നു തന്നെ അഡ്ജസ്റ്റ് ചെയ്തു. മലയാളം ഹിന്ദി സ്ളാങ്ങിൽ പറയാൻ തുടങ്ങി അവൻ. കൂടെയുളള യാത്രക്കാർക്കെല്ലാം ഇതൊക്കെ ഹരമായി.

shan-1

രാത്രി അവനെ ഒരു ഭാഗത്ത്‌ കിടത്തി ഞാനൊന്ന് ഉറങ്ങി പോയി. ഇടക്കൊന്നു എണീറ്റപ്പോൾ അവൻ കിടന്നിരുന്ന ബർത്തിൽ ആളെ കാണുന്നില്ല ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണ്. ഞാനൊന്ന് പുറത്തേക്ക് നോക്കിയപ്പോൾ അവൻ പുറത്തിറങ്ങി ആരോടോ സംസാരിച്ചു നിൽക്കുന്നു. ഞാൻ ഓടിച്ചെന്നു പിടിച്ചു കയറ്റി. ആ ഷോക്ക് ഇപ്പോഴും വിട്ടു മാറിയില്ലെന്നു പറയാം. പിന്നീട് ട്രെയിനിലെ എന്റെ ഉറക്കവും ഇല്ലാതായി.

ആഗ്രയിൽ ചെന്നിറങ്ങിയപ്പോൾ മുതൽ അവിടുത്തെ ഒരു പൗരനായി മാറി അവൻ. ഓരോ സ്ഥലങ്ങളിൽ പോകുക അവിടുത്തെ വിവിധ രീതിയിലുള്ള ഭക്ഷണം രുചിക്കുക എന്ന പോളിസിയില്ലേ? അതവൻ ശെരിക്കും ആസ്വദിച്ചു ചെയ്തു. അജ്മീർ ദർഗയിൽ കയറിയപ്പോൾ അവിടെയുള്ള ആളുകൾ ചെയ്യുന്നത് പോലെ തലയൊക്കെ മറച്ചു പ്രാർഥനയിൽ മുഴുകി. ഓരോ സ്ഥലവും അവിടുത്തെ കാഴ്ചകളും രീതികളും ഷാനുവിന് നന്നായി തന്നെ ആസ്വദിക്കാൻ കഴിഞ്ഞു എന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.

ഞങ്ങളെ പോലുള്ള പല അമ്മമാരും യാത്രകളും പരിപാടികളും ഒഴിവാക്കുന്നത് ഈ കുട്ടികളുടെ ദിനചര്യകൾ മാറും, അവർ അസ്വസ്ഥരാകും അതിലൊക്കെ ഉപരി മറ്റുള്ളവർക്ക് ശല്യമാകും എന്ന് പേടിച്ചാണ്.അതൊക്കെ മാറ്റി നിർത്തി ഇവരെയും കൊണ്ടൊന്നു പുറത്തിറങ്ങി നോക്കൂ. ഏറ്റവും നല്ല അനുഭവങ്ങൾ അവർ നമുക്ക് സമ്മാനിക്കും. ഡൽഹി യാത്ര ഏറ്റവും നന്നായി ആസ്വദിച്ചത് അവനായിരുന്നു. അവൻ യാത്രകൾ ആസ്വദിച്ചു തുടങ്ങിയതിൽ സന്തോഷവതിയായി ഞാനും.

സമൂഹത്തിലെ മാറ്റങ്ങൾക്ക് കാരണവും ഞങ്ങൾ തന്നെയാണ്

പണ്ടൊക്കെ സ്പെഷ്യൽ എജുക്കേഷൻ മേഖലയിലേക്ക് ഇറങ്ങുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല സ്പെഷ്യൽ എജുക്കേഷൻ കൊടുക്കാനും പഠിപ്പിക്കാനും നിരവധിപേർ മുന്നോട്ടുവരുന്നു. ആദ്യമൊക്കെ സ്പെഷ്യൽ എഡ്യൂക്കേഷൻ പഠിക്കാൻ പോകുന്നവർ ചുരുക്കമായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ മാറി. സ്പെഷ്യൽ എജുക്കേഷനു വേണ്ട സ്കൂളുകൾ വരെ എല്ലായിടത്തുമുണ്ട്. മകനുവേണ്ടിയാണ് ഞാൻ സ്പെഷ്യൽ എജുക്കേറ്ററായി മാറിയത്. അവന്റെ കാര്യങ്ങൾ നോക്കാനും അവനെ പഠിപ്പിക്കാനും ആ സമയത്ത് കൂടുതൽ സൗകര്യങ്ങൾ ഇല്ലായിരുന്നു. ഇന്ന് കാലം മാറിയപ്പോൾ നമ്മുടെ കാഴ്ചപ്പാടുകളും മാറുന്നുണ്ട്. ഇന്ന് ആരും ഭിന്നശേഷിക്കാരെ തുറിച്ചു നോക്കുന്നില്ല. അവരെ അംഗീകരിക്കാൻ നമ്മൾ പഠിച്ചു തുടങ്ങിയിരിക്കുന്നു.

സംഘടനാ പ്രവർത്തനത്തിലൂടെ സ്പെഷ്യൽ എജുക്കേറ്ററിലേക്ക്

മകൻ ഷാനുവിന് 9 വയസ്സുള്ളപ്പോഴാണ് ഷബ്ന മാനസിക വൈകല്യം നേരിടുന്ന കുട്ടികളുടെ സംഘടന പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നത്. പഞ്ചായത്ത് തലത്തിൽ ഇത്തരം കുട്ടികൾക്കായി ഒരു സംഘടനയുണ്ടെന്നും അതിൽ പ്രവർത്തിക്കണമെന്നും ഷബ്നയെ അറിയിച്ചത് പഞ്ചായത്ത് പ്രസിഡന്റാണ്. മടിയോടെയാണ് ഷബ്ന സംഘടനയിലേക്ക് എത്തിയതെങ്കിലും അവിടെ പരിചയപ്പെട്ട മറ്റു മാതാപിതാക്കളുടെ ജീവിതം തന്റെ ചിന്താഗതിയും മാറ്റിമറിച്ചുവെന്ന് ഷബ്ന പറയുന്നു. തന്നെപ്പോലെ നിരവധി അമ്മമാർ. അവരൊക്കെ മക്കൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവർ. ഇങ്ങനെയൊരു അവസ്ഥ വന്നതിൽ സങ്കടപ്പെടുന്നവരുമുണ്ട്. എന്നാൽ മുന്നോട്ടു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവരും ഉണ്ടായിരുന്നു ആ സംഘടനയിൽ. അവരെ കണ്ടപ്പോൾ ഇതിൽ പ്രവർത്തിച്ചു നോക്കാം എന്ന് തോന്നി. അപ്പോഴാണ് ഇതുപോലെ ബുദ്ധിമുട്ടുള്ള ഒരുപാട് കുഞ്ഞുങ്ങളും അമ്മമാരും വീടുകളിൽ ഒതുങ്ങി കഴിയുന്നുണ്ടെന്നും അവരെ പുറത്തേക്ക് കൊണ്ടുവരാൻ പരിശ്രമിക്കണമെന്നു മനസ്സിലാക്കിയതെന്നും ഷബ്ന പറഞ്ഞു.

‘അങ്ങനെ ഞാൻ പുറത്തേക്കിറങ്ങാൻ തുടങ്ങി. മകനെയും കൂടെ കൂട്ടും. കല്യാണവീടുകളിലും മറ്റു വിശേഷപരിപാടികളിലും പങ്കെടുക്കാൻ ചെല്ലുമ്പോൾ മറ്റുള്ളവർ ചോദിക്കുമ്പോൾ തിരിച്ചു മറുപടി കൊടുക്കാൻ ഞാനും തീരുമാനിച്ചു. ബസ്സിൽ യാത്ര ചെയ്യാനാരംഭിച്ചു. അങ്ങനെ നാട്ടിലുള്ളവരും അയൽവാസികളും എല്ലാം ഷാനുവിനെ അംഗീകരിച്ചു തുടങ്ങി. അവന്റെ അവസ്ഥയെ മനസ്സിലാക്കിക്കൊണ്ട് ഒപ്പം നിൽക്കാൻ പലരും മുന്നോട്ടു വന്നു. ഒരു അമ്മ എന്ന നിലയിൽ എന്റെ മകന് ചെയ്തു കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമായിരുന്നു അത്.

വനിതാദിനത്തിൽ ആദരിക്കപ്പെടുന്ന ഒത്തിരി പേരുണ്ടാകും. എന്നാൽ ഞങ്ങളെപ്പോലുള്ള കുറച്ച് സ്ത്രീകളും ഈ സമൂഹത്തിലുണ്ട്. മക്കൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്ന അമ്മമാർ. ഞങ്ങളുടെ കുട്ടികൾ ഇങ്ങനെയായി പോയി എന്ന് കരുതി സങ്കടപ്പെടാതെ അവർക്കുവേണ്ടി എന്തും ചെയ്യാൻ തയാറായിട്ടു നിൽക്കുന്നവരാണ്. എന്നെ സംബന്ധിച്ച് ഭിന്നശേഷി കുട്ടികളുടെ അമ്മമാർ ഏറ്റവും ധൈര്യവതികളാണ്. ആ കുഞ്ഞിനെ വളർത്തുന്നതിന്റെ കൂടെ എന്തിനേയും നേരിടാൻ അവർ കരുത്ത് ആർജ്ജിച്ചെടുക്കുന്നു. എന്റെ മകൻ കാരണമാണ് എനിക്ക് ഇന്ന് ഇതൊക്കെ ചെയ്യാൻ കഴിയുന്നത്. ഷാനുവിന്റെ ഉമ്മ എന്ന അറിയപ്പെടാനാണ് എനിക്ക് ഇഷ്ടം. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്നെപ്പോലെ ഓരോ അമ്മമാരും അവരുടെ മക്കളെ കുറിച്ച് ഓർത്ത് അഭിമാനിക്കട്ടെ.

English Summary:

Shabna Najmuddin: A Mother's Courage in the Face of Disability

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com