60 പവൻ സ്വർണം, മരതകം പതിപ്പിച്ച കമ്മൽ, മാലയിലെ ഡോൺ; രങ്കണ്ണന്റെ ‘ക്ലാസി ലോക്കൽ’ വസ്ത്രത്തിന് പിന്നിൽ
Mail This Article
തൂവെള്ള ഷർട്ടും പാന്റ്സും ഇട്ട്, കൂളിങ് ഗ്ലാസും ഹെവി ആഭരണങ്ങളും ധരിച്ച് മലയാളത്തിന്റെ ഫഹദ് ഫാസിൽ രങ്കണ്ണനായി അവതരിച്ചപ്പോൾ ബോക്സ് ഓഫീസിൽ ആരാധകരുടെ ആവേശം വാനോളം ഉയർന്നു. 'എടാ മോനേ' എന്ന രങ്കണ്ണന്റെ സ്വാഗുള്ള വിളിക്കൊപ്പം ആ കഥാപാത്രത്തിന്റെ സ്റ്റൈലിങ്ങും ചർച്ചയാവുകയാണ്. മലയാള സിനിമ ഈയടുത്ത കാലത്ത് കണ്ട ഏറ്റവും സ്റ്റൈലിഷ് വേഷങ്ങളുടെ പിന്നിൽ പ്രവർത്തിച്ച കോസ്റ്റ്യൂം ഡിസൈനർ മാഷർ ഹംസയാണ് ഫഹദിന്റെ രങ്കണ്ണൻ മേക്കോവറിനു പിന്നിൽ. ഒരേ സമയം ക്ലാസിയും പക്കാ ലോക്കലുമായ ആ മേക്കോവർ വിശേഷങ്ങൾ പങ്കുവച്ച് മാഷർ ഹംസ മനോരമ ഓൺലൈനിൽ.
രങ്കണ്ണൻ ധരിച്ചത് തനി തങ്കം
രങ്കണ്ണനു വെള്ള നിറത്തിലുള്ള കോസ്റ്റ്യൂം കൊടുക്കാമെന്ന കാര്യം ആദ്യമെ ഉറപ്പിച്ചിരുന്നു. കാരണം, ബെംഗളൂരുവിൽ പോയാൽ ഈ വേഷത്തിലുള്ള ഒത്തിരി പേരെ കാണാം. വെള്ള വസ്ത്രത്തിൽ എങ്ങനെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കൊണ്ടുവരാമെന്ന ആലോചനയിലാണ് ഹെവി ജ്വല്ലറി ആക്സസറൈസ് ചെയ്യാമെന്നു തീരുമാനിച്ചത്. പക്ഷേ, ഞങ്ങൾ ഡിസൈൻ ചെയ്ത രീതിയിലുള്ള ആഭരണങ്ങൾ വൺ ഗ്രാമിൽ ചെയ്തെടുക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ട്, രങ്കണ്ണനുള്ള മുഴുവൻ ആഭരണങ്ങളും സ്വർണത്തിൽ പണിയിപ്പിച്ചെടുത്തു. ഏകദേശം 60 പവൻ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഫഹദിനായി ഒരുക്കിയത്. പല സ്ഥലങ്ങളിൽ നിന്നാണ് ഇതു ചെയ്യിപ്പിച്ചെടുത്തത്. പെൻഡന്റുകൾ, മിനിയേച്ചർ കത്തികൾ അങ്ങനെ ഓരോന്നും പ്രത്യേകം ഡിസൈൻ ചെയ്തെടുത്തു.
കന്നഡയിലെ രങ്ക 'ഡോൺ' ആയപ്പോൾ
രങ്കണ്ണന് ഒരു സ്പെഷൽ പെൻഡന്റ് ചെയ്യിപ്പിച്ചിരുന്നു. രംഗ എന്ന് കന്നഡയിൽ എഴുതിയ പെൻഡന്റ് ആയിരുന്നു അത്. അങ്ങനെയാണ് പ്ലാൻ ചെയ്തത്. അതു ചെയ്തു കഴിഞ്ഞു കൊണ്ടു വന്നു ഫഹദിന്റെ കഴുത്തിലിട്ടപ്പോൾ പലരും വായിച്ചത് 'ഡോൺ' എന്നാണ്. കന്നഡിയിൽ 'രംഗ' എന്നെഴുതിയത് കാണുമ്പോൾ ഇംഗ്ലിഷിൽ ഡോൺ എന്നു തോന്നുമെന്ന് അപ്പോഴാണ് ഞങ്ങൾ തിരിച്ചറിയുന്നത്. അങ്ങനെ രസകരമായ ഒരു ട്വിസ്റ്റുണ്ടായി. രങ്കണ്ണന്റെ ഷൂ കലക്ഷൻ ഒരു സീനിൽ കാണിക്കുന്നുണ്ട്. അതെല്ലാം വൈറ്റാണ്. പക്ഷേ, ആ കഥാപാത്രം സ്ഥിരം ധരിക്കുന്നത് അഡിഡാസിന്റെ റണ്ണിങ് ഷൂസാണ്. അതിൽ ആ കഥാപാത്രത്തിന്റെ കംഫർട്ടാണ് നോക്കിയത്.
ആ ചെയിൻ സൂക്ഷിക്കാമോ?
ഫഹദിന് രങ്കണ്ണന്റെ വേഷവും സ്റ്റൈലിങ്ങും നന്നായി ഇഷ്ടപ്പെട്ടിരുന്നു. ആ കഥാപാത്രത്തെ തന്നെ അദ്ദേഹം ഏറെ ആസ്വദിച്ചാണ് ചെയ്തത്. ഷോട്ടിനു മുമ്പ് കഴുത്തിലെ ചെയിനുകൾ ഒന്നു മുൻപിലോട്ട് ഇടാനും സീനിന്റെ മൂഡ് അനുസരിച്ച് സ്റ്റൈൽ ചെയ്യാനും രസകരമായി പ്രദർശിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മരതകം പതിപ്പിച്ച ഒരു ചെയിൻ ഉണ്ടായിരുന്നു. അതിലാണ് മിനിയേച്ചർ കത്തിയൊക്കെ ഇട്ട് സ്റ്റൈൽ ചെയ്തത്. ആ ചെയിൻ ഈ സിനിമയുടെ ഓർമയ്ക്കായി സൂക്ഷിക്കണമെന്ന് ഞാൻ ഫഹദ് ഇക്കയോടു പറഞ്ഞിരുന്നു. ഈ കഥാപാത്രത്തിനു വേണ്ടി അദ്ദേഹം കാതു കുത്തി. മരതകം പതിപ്പിച്ച കമ്മലാണ് കാതിൽ ധരിച്ചത്. ഗ്രീൻ ക്വാളിസാണല്ലോ രങ്കണ്ണൻ ഉപയോഗിക്കുന്നത്. അതിനു മാച്ച് ചെയ്യുന്നതിനാണ് അങ്ങനെ പ്ലാൻ ചെയ്തത്. റാഡോയുടെ വിന്റേജ് ക്ലാസിക് മോഡലിലുള്ള ഗോൾഡൻ വാച്ചും കൊടുത്തു.
സെറ്റിലെ സ്വർണം സൂക്ഷിപ്പ്
ഫഹദ് ഇക്കയുടെ പേഴ്സനൽ മാനേജർ ഷുക്കൂറിനായിരുന്നു ആഭരണങ്ങളുടെ ചുമതല. എല്ലാം ഒരു ബോക്സിലാക്കി അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുകയായിരുന്നു. സെറ്റിൽ വരുമ്പോൾ അദ്ദേഹം ആ ബോക്സ് കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റിനെ ഏൽപ്പിക്കും. ഷൂട്ടു കഴിഞ്ഞു തിരിച്ചു പോകുമ്പോൾ, അതുപോലെ തന്നെ നമ്മൾ അതു തിരികെ കൊടുക്കും. കോസ്റ്റ്യൂം വാനിൽ ഇത്രയും സ്വർണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലല്ലോ. ഷൂട്ട് കഴിഞ്ഞപ്പോൾ അത്രയും സ്വർണം പ്രൊഡക്ഷനെ തിരികെ ഏൽപ്പിച്ചു.
സമീർ ഇക്കയുടെ ഇൻപുട്ട്, അമ്പുക്കയുടെ സപ്പോർട്ട്
ബേസിക് കാര്യങ്ങൾ മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ. അതിൽ സ്റ്റാൻഡ് ഔട്ട് ചെയ്യാനാണ് ശ്രമിച്ചത്. കോസ്റ്റ്യൂമിൽ സമീർ ഇക്കയുടെ (സമീർ താഹിർ) വലിയ സംഭാവനകളുണ്ട്. ഞങ്ങൾ കുറച്ചു കാലം സിനിമയ്ക്കു വേണ്ടി ബെംഗളൂരുവിൽ ഒരുമിച്ചു താമസിച്ചിരുന്നു. കുട്ടിയുടെ കോസ്റ്റ്യൂം ചെയ്തപ്പോൾ സമീർ ഇക്കയാണ് എന്നോടു പറഞ്ഞത്, ഏറ്റവും സ്വാഗ് (swag) കുട്ടിയുടെ വേഷത്തിലാകണമെന്ന്! പക്കാ ഇറ്റാലിയൻ ഫിറ്റിലുള്ള സ്യൂട്ടാണ് കുട്ടിക്ക് കൊടുത്തത്. കൂട്ടത്തിൽ ഏറ്റവും സ്റ്റൈലിഷ് ആ കഥാപാത്രമായിരിക്കണമെന്ന നിർദേശമുണ്ടായിരുന്നു. അമ്പാന്റെ കഥാപാത്രത്തിനു വേണ്ടി പല റഫറൻസുകൾ കാണിച്ചപ്പോൾ സമീർ ഇക്കയാണ് വിക്രമന്റെ റഫറൻസ് പറഞ്ഞു തന്നത്. പിന്നെ, എന്തിനും അമ്പുക്ക (അൻവർ റഷീദ്) കട്ട സപ്പോർട്ടായിരുന്നു.
മത്സരിച്ചു പണിയെടുത്തു
രാത്രിയിലൊക്കെ കുറെ സീനുകൾ ഉള്ളതുകൊണ്ട് വെള്ള വസ്ത്രം വലിയ വെല്ലുവിളി ആയിരുന്നു. വെറ്റിന്റെ ഡെപ്ത് കുറവുള്ള തുണിയാണ് ഫഹദിന്റെ കോസ്റ്റ്യൂമിനായി തിരഞ്ഞെടുത്തത്. ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ കാണിക്കുന്ന ഫഹദിന്റെ ലുക്ക് ഒരു റെട്രോ റഫറൻസിലാണ് ചെയ്തത്. ജാക്കറ്റ് പ്രത്യേകം ചെയ്യിപ്പിച്ചെടുത്തു. പ്രൈമറി നിറങ്ങളിലാണ് അതിലെ കളേഴ്സിന്റെ ലൈനുകൾ ചെയ്തിരിക്കുന്നത്. ആ ഹെയർ സ്റ്റൈലും മ്യൂസികും സ്റ്റൈലിങ്ങും എഡിറ്റും എല്ലാം വരുമ്പോൾ സംഭവം കളറായി. മത്സരിച്ചു പണിയെടുക്കുക എന്നു പറയില്ലേ, അതാണ് ഈ സിനിമയിൽ സംഭവിച്ചത്.