‘എല്ലാ ജീവനും ദൈവീകം’ ; നാഗപഞ്ചമി ദിനത്തിൽ കുറിപ്പുമായി സീരിയൽ താരം സായ് കിരണ്‍
Mail This Article
എല്ലാ ജീവനുകളും ദൈവീകമാണെന്നും കാരണമൊന്നുമില്ലാതെ അവയെ ഇല്ലാതാക്കാൻ മനുഷ്യർക്ക് അവകാശമില്ലെന്നും സീരയിൽ താരം സായ് കിരൺ. നാഗപഞ്ചമി ദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് സായ് ഇക്കാര്യം കുറിച്ചത്. പാമ്പുകളുമായി നിൽക്കുന്ന ഏതാനും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
ഫ്രണ്ട്സ് ഓഫ് സ്നേക്ക് സൊസൈറ്റി എന്ന സംഘടനയിൽ അംഗമായ സായ് കിരൺ പാമ്പു പിടുത്തത്തിൽ വിദഗ്ധനാണ്. ‘‘പാമ്പുകളുടേതു മാത്രമല്ല എല്ലാ ജീവനുകളും ദൈവീകമാണെന്നാണ് ഈ നാഗപഞ്ചമി വേളയിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത്. കാരണമൊന്നുമില്ലാതെ മറ്റൊന്നിന്റെ ജീവനെടുക്കാൻ നമുക്ക് യാതൊരു അവകാശവുമില്ല. നിങ്ങളുടെ കുട്ടികൾ ജീവിക്കുന്നത് പ്രധാനമായിരിക്കുന്നതുപോലെ എല്ലാ ജീവനകളും വിലപ്പെട്ടതാണ്’’– സായ് കുറിച്ചു.
ഹൈദരബാദ് സ്വദേശിയായ സായ് കിരൺ വാനമ്പാടി എന്ന സീരിയലിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായത്. ചെറുപ്പം മുതലേ പാമ്പുകളെ ഇഷ്ടമായിരുന്നവെന്ന് സായ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നാഗപഞ്ചമി ദിനത്തിൽ പാമ്പുകളെ ആരാധിക്കുന്നു. എന്നാല്‍ മറ്റുള്ള ദിവസങ്ങളിൽ പാമ്പിനെ കണ്ടാൽ തല്ലിക്കൊല്ലുന്നു. ഈ കാഴ്ച വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ഒരു കാരണവുമില്ലാതെയാണ് പാമ്പുകളെ കൊല്ലുന്നത്. ഇതിൽ വേദന തോന്നിയാണ് സായ്‌യുടെ സുഹൃത്ത് രാജ്കുമാർ ആരംഭിച്ച ഫ്രണ്ട്സ് ഓഫ് സ്നേക്ക് സൊസൈറ്റി എന്ന സംഘടനയിൽ അംഗമായത്. പാമ്പുകളെ പിടിച്ച് കാട്ടിൽ കൊണ്ടു പോയി വിടുകയാണ് സംഘടനയിലെ അംഗങ്ങൾ ചെയ്യുന്നത്. 22 വയസ്സുമുതൽ സായ് സംഘടനയിൽ പ്രവർത്തിക്കുന്നു. ഇതുവരെ മൂവായിരത്തോളം പാമ്പുകളെ പിടിച്ചിട്ടുണ്ടെന്നും സായ് വ്യക്തമാക്കിയിട്ടുണ്ട്.
ശ്രാവണ മാസത്തിലെ അഞ്ചാം ദിവസമായ ശുക്ല പക്ഷ പഞ്ചമിയാണ് നാഗ പഞ്ചമിയായി ആചരിക്കുന്നത്. യമുന നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ചു വിജയം നേടിയ ദിവസമാണ് നാഗ പഞ്ചമിയായി ആചരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. നാഗദൈവങ്ങളെ പൂജിച്ച് പ്രീതി വരുത്തുന്നതിന് ഏറ്റവും ഉചിതമായ സമയമായി ശ്രാവണമാസത്തിലെ ശുക്ല പഞ്ചമിയെ കണക്കാക്കുന്നു. ഇതേ ദിവസം തന്നെയാണ് നാഗങ്ങളുടെ മുഖ്യ ശത്രുവായി കരുതപ്പെടുന്ന പക്ഷി രാജന്റെ പ്രീതിക്കായി ഗരുഢപഞ്ചമിയും ആചരിക്കുന്നത്. നാഗങ്ങളും ഗരുഢനും തമ്മിലുള്ള വൈരം ഇല്ലാതായ ദിവസമാണിതെന്നതാണ് ഇതിനു പിന്നിലുള്ള ഐതിഹ്യം.
English Summary : Serial Actro Sai Kiran on Naga Panchami