ഡെൽറ്റ ഫോറിൽ കുതിച്ചുയർന്ന ചാരഉപഗ്രഹം; എല്ലാം നിരീക്ഷിക്കുന്ന എൻആർഒ
Mail This Article
യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ വമ്പൻ റോക്കറ്റായ ഡെൽറ്റ ഫോർ ഇന്നലെ രാത്രിയോടെ അതീവ രഹസ്യ ഉപഗ്രഹമായ എൻആർഒഎൽ – 82 ബഹിരാകാശത്തെത്തിച്ചു. പതിവു പോലെ വിക്ഷേപണം നടന്നു എന്നല്ലാതെ, എന്താണ് ഉപഗ്രഹമെന്നോ അതിന്റെ ദൗത്യം എന്തായിരിക്കുമെന്നോ ഒന്നും ആർക്കും ഒരു പിടിയുമില്ല. കാരണം, എൻആർഒഎൽ –82 യുഎസിന്റെ അതീവ രഹസ്യ ബഹിരാകാശ നിരീക്ഷണ സ്ഥാപനമായ നാഷനൽ റീക്കണൈസൻസ് ഓഫിസിന്റെ ഉപഗ്രഹമാണെന്നുള്ളതാണ്.
യുഎസിന്റെ ഫെഡറൽ ഏജൻസികളെല്ലാം തന്നെ ലോകപ്രശസ്തമാണ്. എഫ്ബിഐ, സിഐഎ, ഡിഇഎ തുടങ്ങിയവയൊക്കെ മിക്കവാറും ഏതെങ്കിലും വാർത്തകളുമായൊക്കെ ബന്ധപ്പെട്ടു വാർത്തകളിൽ ഇടതടവില്ലാതെ നിറഞ്ഞു നിൽക്കാറുമുണ്ട്. എന്നാൽ എൻആർഒ ഇക്കൂട്ടത്തിൽ പെടില്ല. കഴിയുന്നതും ഒരു ലോപ്രൊഫൈലിൽ വാർത്തകളിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കാനാണു സംഘടനയ്ക്ക് ഇഷ്ടം.യുഎസിന്റെ പ്രതിരോധവകുപ്പിനു കീഴിലാണ് എൻആർഒ. കഥകളിലൊക്കെ പറയുന്ന അതീവ രഹസ്യസ്വഭാവമുള്ള ‘മെൻ ഇൻ ബ്ലാക്ക്’ എന്ന സംഘടന ഇവർ തന്നെയാണെന്ന് ചില ദുരൂഹതാസിദ്ധാന്തക്കാർ പറയാറുണ്ട്.
2006ൽ പുറത്തിറങ്ങിയ മാമ്മോത്ത് എന്ന ചിത്രത്തിൽ ഇവർ അവതരിപ്പിക്കപ്പെടുന്നതും ആ പരിവേഷത്തിലാണ്.
ബഹിരാകാശത്തു സ്ഥാപിച്ചിട്ടുള്ള ഉപഗ്രഹങ്ങൾ വഴി ചിത്രങ്ങളും വളരെ സെൻസിറ്റീവായ വിവരങ്ങളും പകർത്തി യുഎസ് സർക്കാരിനും ബന്ധപ്പെട്ട ഏജൻസികൾക്കും നൽകുന്നതാണ് എൻആർഒയുടെ പ്രധാനദൗത്യം. 1992 വരെ ഇങ്ങനെയൊരു സംഘടനയുണ്ടെന്നു പോലും യുഎസ് അംഗീകരിച്ചിരുന്നില്ല. ഇതിനൊരു പേരും നൽകിയിരുന്നില്ല. എന്നാൽ ഇന്നവർ ഇതംഗീകരിക്കുന്നു.
1960ലാണ് ഈ ഓഫിസ് ആദ്യമായി പ്രവർത്തനം തുടങ്ങുന്നത്. പ്രസിഡന്റ് ഡ്വൈറ്റ് ഐസനോവറുടെ കാലത്ത്. കൊറോണ പ്രോഗ്രാം എന്നായിരുന്നു എൻആർഓയുടെ ആദ്യ ഉപഗ്രഹസംവിധാനത്തിന്റെ പേര്. 1960–95 കാലഘട്ടത്തിലാണ് ഇതുണ്ടായിരുന്നത്. അന്നത്തെ കാലത്ത് ഇതു പോലെ സാറ്റലൈറ്റ് ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങൾ ട്രാൻസ്മിറ്റ് ചെയ്യാനുള്ള സംവിധാനം വികസിച്ചിട്ടില്ലായിരുന്നു. എടുക്കുന്ന ചിത്രങ്ങളുടെ ഫിലിം റോളുകൾ ക്യാപ്സ്യൂളുകളിലാക്കി താഴേക്കിടുകയും അവ വ്യോമസേനാവിമാനങ്ങൾ ഉപയോഗിച്ചു പിടിക്കുകയുമായിരുന്നു പതിവ്.
എന്നാൽ പിന്നീട് ആർഗൺ എന്ന ഉപഗ്രഹസംവിധാനം ഉപയോഗിച്ച് അവർ 7 മാപ്പിങ് ദൗത്യങ്ങൾ വിജയകരമായി നടത്തി. പിന്നീട് ഇന്നു വരെ 150 ൽ അധികം ഉപഗ്രഹങ്ങളെ സംഘടന ബഹിരാകാശത്തേക്കയച്ചു. ഇവ നൽകുന്ന ഉപഗ്രഹവിവരങ്ങൾ ഇന്ന് അമേരിക്കൻ സൈന്യത്തിനും അനുബന്ധസേനകൾക്കും വളരെ നിർണായകമാണ്. കഴിഞ്ഞ 40 വർഷത്തിനിടെ അവർ നടത്തിയ യുദ്ധങ്ങളിലെല്ലാം എൻആർഓയുടെ വിവരങ്ങൾ വളരെയേറെ സഹായകമായി.
ഏറ്റവും നൂതനമായ സാങ്കേതികവിദ്യയുടെ കരുത്തിലാണ് എൻആർഒ പ്രവർത്തിക്കുന്നത്.1980ൽ തന്നെ ടാങ്കുകളെയും മറ്റും കൃത്യമായി ലൊക്കേറ്റ് ചെയ്യാൻ സാധിക്കുന്ന സാങ്കേതികവിദ്യ അവർക്കുണ്ടായിരുന്നു. 2012ൽ എൻആർഒ നാസയ്ക്ക് രണ്ട് സ്പേസ് ടെലിസ്കോപുകൾ സംഭാവനയായി നൽകി. സംഘടന ഉപയോഗിക്കാതെ വച്ചിരുന്ന ടെലിസ്കോപ്പുകളായിരുന്നു അവ. ഇവയുടെ ശേഷി പരിശോധിച്ച നാസ ഞെട്ടിപ്പോയി. തങ്ങളുടെ വിശ്വവിഖ്യാതമായ ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പിനെക്കാൾ ശേഷിയുള്ളവയാണ് ഇവയെന്ന് അവർ ഉടനടി തന്നെ തിരിച്ചറിഞ്ഞു. സംഭവം റിപ്പോർട്ട് ചെയ്ത ഒരു ജേണലിസ്റ്റ് ഇതെക്കുറിച്ച് ഒരു വാക്യമെഴുതി.‘ഇത്രയും ശേഷിയുള്ള ടെലിസ്കോപ്പുകൾ ഉപയോഗിക്കാതെ വച്ചു സംഭാവന നൽകിയിരിക്കുകയാണ് എൻആർഒ. അപ്പോൾ ഇവർ ഉപയോഗിക്കുന്നതിന്റെ ശേഷി എത്ര മടങ്ങാവുമെന്നു ചിന്തിക്കാൻ പോലും വയ്യ!’.
കോടിക്കണക്കിനു രൂപ ബജറ്റിൽ പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് ഇന്ന് അതിവിപുലമായ പ്രവർത്തനമേഖലകളാണ്. ലോകത്ത് സഞ്ചരിക്കുന്ന യുഎസിന്റേതല്ലാത്ത നല്ലൊരുശതമാനം മുങ്ങിക്കപ്പലുകളെപ്പോലും ഇവർ നിരീക്ഷിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. പൂർണമായും ചിട്ടയിൽ പ്രവർത്തിക്കുമ്പോഴും വിവാദങ്ങളും സംഘടനയെ വേട്ടയാടിയിട്ടുണ്ട്. ചൈനയ്ക്കും ഇറാഖിനും ഉപഗ്രഹരഹസ്യങ്ങൾ കൈമാറാൻ ശ്രമിച്ചതിന് 2001ൽ ബ്രയാൻ റിഗൻ എന്ന ഒരു എൻആർഒ ഉദ്യോഗസ്ഥൻ അറസ്റ്റിലായതു വലിയ വിവാദമുയർത്തി. ഇയാൾ പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. എപ്പോഴും ദുരൂഹതയുടെ പുകമറയിൽ നിൽക്കുന്ന ഈ സംഘടനയെപ്പറ്റി ഡാൻ ബ്രൗണിന്റെ നോവലായ ഡിസപ്ഷൻ പോയിന്റിൽ പറയുന്നുണ്ട്.
English Summary: Huge Delta IV Heavy rocket launches US spy satellite to orbit