ADVERTISEMENT

160 അടി വലുപ്പവും(ഏകദേശം ഒരു വിമാനത്തിന്റെ) 60 അടി വലുപ്പവുമുള്ള രണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ സമീപത്തുകൂടി  കടന്നുപോകുമെന്ന മുന്നറിയിപ്പുമായി നാസ. വലുപ്പം ഭയാനകമായി തോന്നുമെങ്കിലും 690,000 കിലോമീറ്റർ 3,060,000 കിലോമീറ്റർ എന്നിങ്ങനെ സുരക്ഷിതമായ അകലത്തിലൂടെയാണ് ഇരു ഛിന്നഗ്രഹങ്ങളും കടന്നുപോകുന്നത്. അതിനാൽ‍ത്തന്നെ ഭയപ്പെടേണ്ട സുരക്ഷാ ഭീഷണി ഒന്നുമില്ലെന്ന് നാസ പറയുന്നു. കാരണം ഉൽക്ക, ഛിന്നഗ്രഹം എന്നിവ ഭൂമിയുടെ സമീപത്ത്കൂടി പോകുന്നതിനു വർഷങ്ങൾക്കു മുൻപ് അവയെപ്പറ്റിയുള്ള അപഗ്രഥനം നടക്കാറുണ്ടെന്നതാണ് കാരണം.

അതേപോലെ 2 പതിറ്റാണ്ട് മുൻപ് ട്രാക് ചെയ്യുന്നതിൽനിന്നു നഷ്ടപ്പെട്ട മറ്റൊരു ഛിന്നഗ്രഹമായ 2007 എഫ്‌ടി 3 ഈ വർഷം ഒക്ടോബറിൽ ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും നാസ തള്ളിക്കളഞ്ഞിരുന്നു. ഭൂമിക്ക് സമീപമുള്ള എല്ലാ വസ്തുക്കളിലും നാസയുടെ സെന്റർ ഫോർ നിയർ ഏർത്ത് ഒബ്ജക്ട് സ്റ്റഡീസ് നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ട്.

അഥവാ ഛിന്നഗ്രഹം ഇടിക്കാനെത്തിയാൽ

ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്.ഭാവിയിൽ ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ 'പ്ലാനറ്ററി ഡിഫൻസ്' എന്ന മേഖല തന്നെ ഇപ്പോൾ പ്രചാരത്തിലായി വരുന്നുണ്ട്.ഈ മേഖലയുടെ ശ്രദ്ധേയമായ ആദ്യ കാൽവയ്പാണു ഡാർട്ട്. നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നായിരുന്ന ഡാർട്ട് അഥവാ 'ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്' എന്നു പൂർണനാമമുള്ള ദൗത്യം. ഭൗമപ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവയ്പാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു.ഭാവിയിൽ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമി ലക്ഷ്യമിട്ടെത്തിയാൽ മറുമരുന്നെന്ന നിലയിൽ ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുക എന്ന ഉദ്ദേശത്തിന്റെ ഫലമായാണു ഡാർട്ട് പിറവിയെടുത്തത്.

ആസ്റ്ററോയ്ഡിൽനിന്ന് ‘പ്ലാനറ്ററി ഡിഫൻസി’ലൂടെ ഭൂമിയെ രക്ഷിക്കുന്നതിന്റെ പ്രതീകാത്മക ചിത്രം (Image: istockphoto/Elen11)
ആസ്റ്ററോയ്ഡിൽനിന്ന് ‘പ്ലാനറ്ററി ഡിഫൻസി’ലൂടെ ഭൂമിയെ രക്ഷിക്കുന്നതിന്റെ പ്രതീകാത്മക ചിത്രം (Image: istockphoto/Elen11)

പരീക്ഷണ ഇടികൂടൽ

ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ചെറുഛിന്നഗ്രഹത്തെയാണ് ഡാർട്ട് ഇടിച്ചത്.സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിൽ ഡാർട്ട് ഈ ചെറു ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞ ടുത്താണ് ഇടിച്ചത്.612 കിലോ ഭാരവും ഒന്നരമീറ്റർ നീളവുമുള്ള പേടകമായിരുന്നു ഡാർട്ട്. ഇടിക്കു ശേഷം ഛിന്നഗ്രഹത്തിന്‌റെ നിലയിൽ മാറ്റം സംഭവിച്ചിരുന്നു. ഡൈഫോർമോസിൽ ഇടിയുടെ ഫലമായി ഗർത്തം രൂപപ്പെടുകയും അതിൽ നിന്ന് കഷണങ്ങളായി അവശിഷ്ടങ്ങൾ രൂപപ്പെടുകയും ചെയ്തു. ഏകദേശം നാൽപതിനടുത്ത് കഷണങ്ങൾ ഇങ്ങനെയുണ്ടായെന്നു കരുതപ്പെടുന്നു. 

ഒരു ഫ്രിജിന്റെ വലുപ്പമുള്ള ഇതിനെ മുന്നോട്ട് നയിച്ചത് സീനോൺ ഊർജമാണ്. 2021 നവംബർ 24നാണ് നാസയുടെ സ്‌പേസ് എക്‌സ് റോക്കറ്റിലേറി ഡാർട്ട് യാത്ര തുടങ്ങിയത്.  

Representative image. Photo Credits: Dotted Yeti/ Shutterstock.com
Representative image. Photo Credits: Dotted Yeti/ Shutterstock.com

ഭൂമിയിൽ നിന്ന് 1.1 കോടി കിലോമീറ്റർ അകലെയാണ് ഡാർട്ടിന്റെ ലക്ഷ്യമായിരുന്ന ഛിന്നഗ്രഹം ഡൈഫോർമോസ് സ്ഥിതി ചെയ്യുന്നത്. 2022 സെപ്റ്റംബർ 26ന് ഇടി നടന്നു.

മനുഷ്യവംശം പല തരം പ്രകൃതിക്ഷോഭങ്ങൾക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചുണ്ടാകുന്ന അപകടങ്ങൾ കണ്ടിട്ടുണ്ടാകില്ല.

most-dangerous-asteroid-on-course-to-hit-earth

ആറരക്കോടി വർഷം മുൻപ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതത്തിലും തുടർപ്രതിഭാസങ്ങളിലുമാണ് ദിനോസറുകൾ ഈ ഭൂമിയിൽ നിന്നു പൂർണമായി അപ്രത്യക്ഷമായത്.ഭൂമിയിൽ പല തവണ പതിച്ചിട്ടുള്ള ഛിന്നഗ്രഹങ്ങളുടെ ആഘാതം പലയിടത്തുമുള്ള വൻകുഴികളുടെ ആഴത്തിൽ നിന്നു തന്നെ മനസ്സിലാക്കാം.ഈ കാലഘട്ടത്തിൽ ഛിന്നഗ്രഹ പതനങ്ങൾ കുറവാണെന്നു കരുതി ഇതൊരിക്കലും സംഭവിക്കുകയില്ലെന്ന് പറയാൻ സാധിക്കില്ല.

English Summary:

Nasa Alert About Asteroid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com