ചൈനയെ ഉപേക്ഷിക്കാൻ ആപ്പിൾ, ഐഫോൺ 17 ഇന്ത്യയിൽ നിർമിച്ചേക്കും
Mail This Article
'മേഡ് ഇൻ ഇന്ത്യ' ഐഫോൺ!. ങേ ഇപ്പോഴും കിട്ടുമല്ലോ എന്നു ചിലർ പറയും. പക്ഷേ മേയ്ഡ് ഇൻ ഇന്ത്യ എന്നുപറഞ്ഞാലും ഈ ഐഫോണുകളുടെ പ്രധാന ഭാഗങ്ങളെല്ലാം ചൈനയിൽ നിന്നുമാണെന്നു നമുക്കറിയാം. പക്ഷേ ഇനി അങ്ങനെ ആയിരിക്കുകയില്ല. ലോകത്തെവിടെയും നിർമാണം ആരംഭിക്കുന്നതിനു മുന്‍പ് ചൈനയ്ക്കു പുറമെ ഒരു നിർമാണ കേന്ദ്രം ആപ്പിൾ തുടങ്ങുക ഇന്ത്യയിലായിരിക്കുമെന്നു പ്രശസ്ത അനലിസ്റ്റ് മിംഗ് ചി കുവോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ ടിം കുക്ക് അടുത്തിടെ ഇന്ത്യയിൽ സമയം അധികം ചെലവഴിച്ചിരുന്നു. കാരണം കഴിഞ്ഞ 15 വർഷമായി ആപ്പിളിന്റെ ബിസിനസ്സിൽ ചൈന വഹിച്ച പങ്ക് ഇനി പ്രതിഫലിപ്പിക്കാൻ കഴിയുക ഇന്ത്യൻ വിപണിക്കായിരിക്കുമെന്നതിനാൽ ആപ്പിൾ ഇന്ത്യയോടു അടുക്കുന്നതെന്നും റിപ്പോർട്ടുകൾ.
പ്രതിപക്ഷനേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഐഫോണുകളിലെ വിവരങ്ങൾ സർക്കാർ സ്പോൺസേഡ് ഹാക്കർമാർ ചോർത്താൻ ശ്രമിച്ചിട്ടുണ്ടാകുമെന്ന ആപ്പിൾ മുന്നറിയിപ്പ് അടുത്തിടെ കത്തിപ്പടർന്നിരുന്നു. ലോഞ്ച് ഇവന്റുകൾക്കുശേഷം ആപ്പിൾ മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടായി മാറിയത് ഈ മുന്നറിയിപ്പോടെയാണ്. എന്നാൽ ഇത്തരം വിവാദങ്ങളിൽ മാത്രമല്ല ഇന്ത്യയിൽ ഒരുകൈ നോക്കാനും ആപ്പിൾ തുനിഞ്ഞിറങ്ങുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോത്സാഹനങ്ങളും ചൈനയെതന്നെ ആശ്രയിക്കാതെ പുറത്തേക്ക് പോകാനുള്ള ആപ്പിളിന്റെ തന്ത്രവും ഇന്ത്യക്ക് അനുകൂലമായി മാറി. ടാറ്റയെ ഇന്ത്യയിൽ അസംബ്ലർ ആക്കി മാറ്റിയതോടെ ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആപ്പിൾ ആരംഭിച്ചു.
2022ൽ ഇന്ത്യയിൽനിന്ന് 5 ബില്യൻ ഡോളറിന്റെ (ഏകദേശം 41,200 കോടി രൂപ) ഉപകരണങ്ങളാണ് ആപ്പിൾ കയറ്റുമതി ചെയ്തത്. ആപ്പിൾ കമ്പനിയുടെ മൊത്തം ഉൽപാദനത്തിന്റെ കാൽശതമാനത്തോളം ഇന്ത്യൻ വിപണിയിൽ നിർമിക്കുമെന്നു കേന്ദ്ര ഐടി മന്ത്രി പറഞ്ഞിരുന്നു. അതേപോലെ ടാറ്റയും ഇന്ത്യയിൽ ഐഫോൺ നിർമിക്കാനുള്ള പദ്ധതിയുമായും മുന്നോട്ടു പോകുകയാണ്. ആപ്പിൾ വിതരണക്കാരായ വിസ്ട്രോൺ കോർപറേഷന്റെ പ്രവർത്തനങ്ങൾ ടാറ്റ ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്തിരുന്നു.
ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകളുടെ അനുപാതം 2024 ഓടെ ആഗോള ഉൽപ്പാദനത്തിന്റെ 25 ശതമാനമായി വർധിക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ അഭിപ്രായപ്പെട്ടിരുന്നു, ഇത് നിലവിൽ 14 ശതമാനമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐഫോൺ ഉൽപ്പാദന ശേഷിയുള്ള ഫോക്‌സ്‌കോൺ, അടുത്ത വർഷം അവസാനത്തോടെ ചൈനീസ് പ്ലാന്റുകളിൽ 45 ശതമാനവും സെങ്‌ഷൂവിലെയും തായ്‌യുവാനിലെയും 85 ശതമാനവും ഉത്പാദനം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം ആദ്യം ആപ്പിൾ ഇന്ത്യയിൽ ഐഫോൺ 15, 15 പ്ലസ് എന്നിവയുടെ ഉത്പാദനം ആരംഭിച്ചിരുന്നു. ലോഞ്ച് ചെയ്ത ദിവസം മുതൽ ഇന്ത്യയിൽ അസംബിൾ ചെയ്ത iPhone 15, iPhone 15 Plus എന്നിവ വിൽക്കാൻ അമേരിക്കൻ ടെക്‌നോളജി ഭീമനെ ഇത് അനുവദിച്ചു. പഴയ മോഡലുകൾ രാജ്യത്തെ വിൽപ്പനയുടെ ഭൂരിഭാഗവും നയിക്കുന്നതിനാൽ ആപ്പിൾ ഐഫോൺ 13, 14, 14 പ്ലസ് മോഡലുകളും നിർമിച്ചു.
രാജ്യത്തെ ഐഫോൺ ഉൽപ്പാദനത്തിന്റെ 75-80% വിഹിതമുള്ള ഫോക്‌സ്‌കോണുമായി മത്സരിക്കാൻ ടാറ്റ ഇന്ത്യയിൽ ഐഫോൺ 17 പൂർണ്ണമായും നിർമ്മിക്കാനുള്ള ഉയർന്ന സാധ്യതയുണ്ട്. ഇന്ത്യയിൽ ഐഫോൺ വികസനം സംഭവിക്കുകയാണെങ്കിൽ, ഇത് ഉപയോക്താക്കൾക്ക് കുറച്ച് ആശ്വാസം നൽകും, കാരണം ചെലവ് ഒടുവിൽ കുറയും. നിലവിൽ, ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഏകദേശം 40% നികുതി (കസ്റ്റംസും ജിഎസ്ടിയും ഉൾപ്പെടെ) നൽകണം, ഇത് കുറഞ്ഞേക്കാം.