വ്യാജന്മാരെ തിരിച്ചറിയാം, ഗവണ്‍മെന്റ് ആപ്പുകള്‍ പ്ലേസ്റ്റോറില്‍ തിരിച്ചറിയാം; തട്ടിപ്പ് തടയാം

Mail This Article
വിവിധ സേവനങ്ങള്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ വ്യാപകമായി ആപ്പുകളെ ആശ്രയിക്കുന്ന കാലമാണിത്. അതിനാല്‍തന്നെ വ്യാജ ആപ്പുകള്‍ സജീവമായി വിലസുന്നുമുണ്ട്. ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍. കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നപ്ലേ സ്റ്റോറില്‍ കൊണ്ടുവരുന്നിരിക്കുന്ന പുതിയ മാറ്റം ആന്‍ഡ്രോയിഡ് വളരെ ഗുണപ്രദമാണ്. ഇന്ത്യയില്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട ഔദ്യോഗിക ആപ്പുകള്‍ക്കൊക്കെ 'ഗവണ്‍മെന്റ്' എന്ന മുദ്ര കൂടെ ചാര്‍ത്തിയിരിക്കും എന്നതാണ് പുതിയ മാറ്റം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യാജ ആപ്പുകള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇന്ത്യയിലടക്കം ലോകമെമ്പാടുമായി 14 ഗവണ്‍മെന്റുകളുമായി സഹകരിച്ച് തങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കിയതുപോലെയുള്ള മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്ന് ഗൂഗിള്‍ പറഞ്ഞു. ഡിജിലോക്കര്‍, എംആധാര്‍, നെക്‌സ്റ്റ്‌ജെന്‍എംപരിവാര്‍, വോട്ടര്‍ ഹെല്‍പ്‌ലൈന്‍ തുടങ്ങിയ ആപ്പുകളിലാണ് ഇപ്പോള്‍ ഗവണ്‍മെന്റ് എന്ന മുദ്രണം കാണാനാകുന്നത്.

ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി അവയില്‍ ക്ലിക് ചെയ്യുമ്പോള്‍ ഇത് ഔദ്യോഗിക ആപ്പ് തന്നെയാണ് എന്ന് അറിയിക്കാന്‍ സന്ദേശവും പ്രത്യക്ഷപ്പെടും--Play verified this app is affiliated with a government enttiy, എന്നായിരിക്കും സന്ദേശം. വ്യാജ വിവരണങ്ങളുമായി പ്ലേസ്റ്റോറിലെത്തുന്ന ആപ്പുകള്‍ നീക്കംചെയ്യാനും പലപ്പോഴും ഗൂഗിള്‍ മുന്‍കൈ എടുക്കാറുണ്ട്.
ജമ്മു കശ്മീരില്‍ എഐ-കേന്ദ്രീകൃത ഫേസ് ഡിറ്റെക്ഷനുമായി പൊലിസ്
തീവ്രവാദികളെയും, ക്രിമിനലുകളെയും അടക്കം തിരിച്ചറിയാന്‍ ജമ്മു കശ്മീര്‍ പൊലിസ് എഐ-കേന്ദ്രീകൃത ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്. മുഖംതിരിച്ചറിയല്‍ ഫീച്ചര്‍ അടക്കമുള്ള ക്യമാറകള്‍ റംബാന്‍ ജില്ലയിലെ ടണലിന് അടുത്താണ് വിന്യസിച്ചിരിക്കുന്നത്. ഉന്നത ഫോക്കസിങ് ശേഷിയുള്ള സിസിടിവി ക്യാമറകള്‍ അടക്കമാണ് എഐ സിസ്റ്റത്തില്‍ ഉള്ളത്.
ഇതിന്റെ ഡേറ്റാ ബേസില്‍ തീവ്രവാദികളുടെയും കുറ്റവാളികളുടെയും ഫോട്ടോകള്‍ ഫീഡ് ചെയ്തിരിക്കുന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കുന്നത്. ഇതാദ്യമായല്ല ഇന്ത്യന്‍ പൊലിസ് എഐ ക്യാമറകളെ ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
ഇന്ത്യന്‍ കമ്പനി ടെസ്‌ലാ നാമം ഉപയോഗിക്കുന്നതിനെതിരെ കേസ്
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ പ്രാരംഭ നടപടികളിലേക്ക് കടക്കാന്‍ തുടങ്ങുകയാണ് ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെസ്‌ലാ കമ്പനി. അതിനിടയിലാണ് ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്കെതിരെ മസ്‌കിന്റെ സ്ഥാപനം ഡെല്‍ഹി ഹൈക്കോടതിയില്‍ കേസു കൊടുത്തിരിക്കുന്നത്.

തങ്ങളുടെ ബ്രാന്‍ഡ് നെയിം ടെസ്‌ല പവര്‍ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഉപയോഗിക്കുന്നു എന്നു കാണിച്ചാണ് കേസ്. ടെസ്‌ല പവര്‍, ടെസ്‌ല പവര്‍ യുഎസ്എ തുടങ്ങിയ പേരുകളാണ് ഗുരുഗ്രാം കമ്പനി 2022 മുതല്‍ ഉപയോഗിച്ചുവരുന്നതെന്നും അത് അനുവദിക്കരുതെന്നും പരാതിയില്‍ പറയുന്നു.
മാന്ദ്യം മറികടക്കാന്‍ കച്ചകെട്ടി ആപ്പിള്
ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി ആയിരുന്ന ആപ്പിളിന് കഴിഞ്ഞ ഏതാനും മാസങ്ങളായി അത്ര നല്ല കാലമല്ലായിരുന്നു. മുന്‍ പാദങ്ങളിലെ മാന്ദ്യം മറികടക്കാനായി പല നീക്കങ്ങളും നടത്തുകയാണ് കമ്പനി. ഓഹരിയുടമകള്‍ക്ക് 4 ശതമാനം ലാഭവിഹിതം നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചു. കൂടാതെ, 110 ബില്ല്യന്‍ ഡോളറിന്റെ ആപ്പിള്‍ ഷെയറുകള്‍ കൂടെ കമ്പനി തിരിച്ചു വാങ്ങിക്കുമെന്നും പ്രഖ്യാപിച്ചു. തങ്ങളുടെ ഉപകരണങ്ങളില്‍ എഐ സജീവമാകാന്‍ പോകുന്നതിനെക്കുറിച്ചുള്ള പ്രചരണങ്ങളും ആപ്പിള്‍ ആരംഭിച്ചു. ഇതെല്ലാം ഓഹരിവിപണിയില്‍ പ്രതിഫലിച്ചു എന്നും ആപ്പിളിന്റെ മൂല്യം 160 ബില്ല്യന്‍ വര്‍ദ്ധിച്ചു എന്നും റോയിട്ടേഴ്‌സ്
ഇന്ത്യയിലെ പ്രകടനത്തില്‍ 'വളരെ, വളരെ' സംതൃപ്തിയെന്ന് ആപ്പിള്‍
വികസിത രാജ്യങ്ങളില്‍ വളര്‍ച്ച മുറ്റിയ ആപ്പിള്‍ കമ്പനി ഇപ്പോള്‍ മറ്റിടങ്ങളിലേക്കും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. പൊതുവെ കമ്പനിയുടെ ഉപകരണങ്ങള്‍ അധികം വിറ്റുപോകാത്ത രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ 2024 മാര്‍ച്ചില്‍ അവസാനിച്ച ആദ്യ പാദത്തില്‍ കമ്പനിക്കുണ്ടായവളര്‍ച്ചയില്‍, തങ്ങള്‍ 'വളരെ വളരെ സന്തുഷ്ടരാണെന്ന്' അറിയിച്ചിരിക്കുകയാണ് ആപ്പിള്‍ മേധാവി ടിം കുക്ക്.

ആദ്യ പാദത്തില്‍ കമ്പനിക്ക് ലഭിച്ച വരുമാനം 90.8 ബില്ല്യന്‍ ഡോളറാണ്. ഇത് തലേ വര്‍ഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറവാണ്. ഉപകരണ വില്‍പ്പനയ്ക്കു പുറമെ, ആപ്പിള്‍ ഇപ്പോള്‍ വിവിധ സേവനങ്ങളും നല്‍കുന്നുണ്ട്. ആപ്പിള്‍ സര്‍വിസസ് ആണ് റെക്കോഡ് വരുമാനം ഇന്ത്യയില്‍ നിന്ന് കമ്പനിക്ക് സമ്മാനിച്ചിരിക്കുന്നത്.
നോക്കിയ 3210ന്റെ പുതിയ പതിപ്പിറക്കുമോ?
നോക്കിയ ബ്രാന്‍ഡ് നെയിമിന്റെ ഉടമയായ എച്എംഡി ഗ്ലോബല്‍ 1999ല്‍ പുറത്തിറക്കിയ ഒരു മോഡലിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയേക്കുമെന്ന് സൂചന. ഇതു ശരിയാണെങ്കില്‍ നോക്കിയ 3210 മോഡലായിരിക്കും പുനര്‍ജനിക്കുക. ബ്ലൂടൂത്, 4ജി, 1,450എംഎഎച് ബാറ്ററി തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം യുഎസ്ബി-സി വരെ ഉള്‍ക്കൊള്ളിച്ചായിരിക്കും പുതിയ മോഡല്‍ എത്തുക.
.jpg)
ചന്ദ്രന്റെ മറുവശത്തു നിന്ന് സാംമ്പിള്‍ ശേഖരിക്കാന്‍ ചരിത്ര ദൗത്യവുമായി ചൈന
ഒരിക്കലും ഭൂമിക്ക് അഭിമുഖമായി വരാത്ത ചന്ദ്രന്റെ സൗത് പോള്‍-അറ്റികെന്‍ ബേസിനില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കാന്‍ ചരിത്ര ദൗത്യവുമായി ചൈന. ചാങ്ജെ-6 (Chang'e-6) എന്ന പേരിലുള്ള മിഷന്‍ ആണ് സാംപിള്‍ ഭൂമിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം ദൗത്യങ്ങളില്‍ ചൈനയുമായി സഹകരിക്കുന്നത് അമേരിക്ക അവസാനിപ്പിച്ചിരുന്നു. എന്നാല്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ഫ്രാന്‍സ്, ഇറ്റലി, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ ലോഞ്ച് പ്രോഗ്രാമിന് എത്തിയിരുന്നു.