ADVERTISEMENT

പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഷോർട് ലിസ്റ്റിൽ വ്യാപക വെട്ടിനിരത്തൽ. മുൻ ഷോർട് ലിസ്റ്റിൽ 2465 പേരെ ഉൾപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 813 പേരെ മാത്രം ഉൾപ്പെടുത്തി പിഎസ്‌സി ലിസ്റ്റ് മൂന്നിലൊന്നായി വെട്ടിച്ചുരുക്കി. കട്ട് ഓഫ് മാർക്ക് 55.33.
കഴിഞ്ഞ തവണത്തെ മെയിൻ ലിസ്റ്റിൽ 1518 പേരെ ഉൾപ്പെടുത്തിയപ്പോൾ ഇത്തവണത്തെ മെയിൻ ലിസ്റ്റിൽ 560 പേരേയുള്ളൂ. മുൻ സപ്ലിമെന്ററി ലിസ്റ്റിൽ 947 പേരുണ്ടായിരുന്നിടത്ത് ഇത്തവണ 253 പേർ മാത്രം. മുൻ റാങ്ക് ലിസ്റ്റിൽ നിന്നു 1035 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

കഴിഞ്ഞ തവണ പുരുഷന്മാർക്കു മാത്രമായിരുന്നു ഈ തസ്തികയിൽ അവസരമുണ്ടായിരുന്നത്. ഇത്തവണ വനിതകൾക്കും അവസരം നൽകിയതിനാൽ ഷോർട് ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുമെന്നായിരുന്നു ഉദ്യോഗാർഥികളുടെ പ്രതീക്ഷ.
എന്നാൽ വെട്ടിച്ചുരുക്കൽ നടപടിയിലൂടെ പിഎസ്‌സി പരീക്ഷയെഴുതിയവരെ തീർത്തും നിരാശരാക്കി. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാക്കി കുറച്ചതാണു ലിസ്റ്റിൽ ആളെ കുറയ്ക്കാൻ കാരണമെന്നാണ് അറിയുന്നത്.

ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇനി ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ് എന്നിവകൂടി നടത്തിയ ശേഷമായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. നിലവിൽ ഷോർട് ലിസ്റ്റിലുള്ള പകുതിയിലധികം പേരും ഇതോടെ പുറത്താകും. ഈ സാഹചര്യത്തിൽ 400ൽ താഴെ ഉദ്യോഗാർഥികൾ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളൂ. 17,846 പേരാണ് പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിൽ അപേക്ഷ നൽകിയിരുന്നത്. ഇതിൽ 15,671 പേർ കൺഫർമേഷൻ നൽകി. പതിനാലായിരത്തിലധികം പേർ പരീക്ഷ എഴുതിയിരുന്നു.

മുൻ ലിസ്റ്റിൽ നിന്ന്

1035 നിയമന ശുപാർശ

പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 1035 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. 2021 ജൂലൈ 15നു നിലവിൽ വന്ന ലിസ്റ്റ് കഴിഞ്ഞ ജൂലൈ 14ന് അവസാനിച്ചു. ജൂലൈ 24നായിരുന്നു അവസാന നിയമന ശുപാർശ.

നിയമനനില: ഓപ്പൺ മെറിറ്റ്–1028, ഈഴവ–സപ്ലിമെന്ററി 1, എസ്‌സി–സപ്ലിമെന്ററി 46, എസ്ടി–സപ്ലിമെന്ററി 24, മുസ്‌ലിം–സപ്ലിമെന്ററി 4, എൽസി/എഐ–സപ്ലിമെന്ററി 4, ഒബിസി–സപ്ലിമെന്ററി 1, വിശ്വകർമ–സപ്ലിമെന്ററി 8, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 1, ഹിന്ദു നാടാർ–സപ്ലിമെന്ററി 2, എസ്‌സിസിസി–സപ്ലിമെന്ററി 10, ധീവര–സപ്ലിമെന്ററി 1.

വിമുക്ത ഭടന്മാരുടെ

ലിസ്റ്റിൽ 244 പേർ

വിമുക്തഭടൻമാർക്കുള്ള പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഷോർട് ലിസ്റ്റിൽ 244 പേരെ ഉൾപ്പെടുത്തി. പ്രത്യേക കട്ട് ഓഫ് മാർക്ക് നിശ്ചയിക്കാതെ പരീക്ഷ എഴുതിയവരിൽ നിശ്ചിത യോഗ്യതയുള്ള അർഹരായവരെയെല്ലാം ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 55 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 

English Summary:

Police Driver Ranklist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com