മുഖത്തിന് താത്ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന രോഗമാണ് ബെല്‍സ് പാൾസി. അണുബാധയെ തുടര്‍ന്ന് മുഖത്തെ ഞരമ്പുകള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് ബെല്‍സ് പാൾസിയിലേക്ക് നയിക്കുന്നത്. കണ്ണിന്റെ പോളകളെയും ചലിപ്പിക്കുകയും നാവിന്റെയും ചെവിയുടെയും കുറച്ചു ഭാഗത്തെ പേശികളെയും നിയന്ത്രിക്കുന്നത് ഏഴാമത്തെ ശിരോനാഡി അഥവാ ഫേഷ്യൽ നെർവാണ്. തലച്ചോറിന്റെ ഉള്ളിൽ നിന്നു ചെറിയൊരു സുഷിരത്തിലൂടെ മധ്യകർണത്തിലൂടെ ഇറങ്ങിവന്നു പലശാഖകളായി പിരിഞ്ഞു മുഖത്തെ പേശികൾക്കു ചലനം നൽകുകയാണു ഇതു ചെയ്യുന്നത്. ഈ ഫേഷ്യൽ നെർവിനുണ്ടാകുന്ന തളർവാതമാണു ബെൽസ് പാൾസി. മുഖത്തിന്‍റെ ഏത് വശം വേണമെങ്കിലും ഇത്തരത്തില്‍ ബാധിക്കപ്പെടാം.