കോവിഡ് രോഗമുക്തരിൽ ബെൽസ് പാൾസി കേസുകള്‍ പെരുകുന്നതായി ഡോക്ടര്‍മാര്‍
Mail This Article
ശ്വാസകോശ, ഹൃദ്രോഗ പ്രശ്നങ്ങള്‍ മാത്രമല്ല നാഡീവ്യൂഹ സംബന്ധമായ സങ്കീര്‍ണതകള്‍ക്കും കോവിഡ് കാരണമാകാറുണ്ട്. ഓര്‍മക്കുറവ്, മസ്തിഷ്കവീക്കം, മ്യൂക്കോര്‍മൈകോസിസ് തുടങ്ങിയ നാഡീ രോഗങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതുതായി എത്തുകയാണ് മുഖത്തിന് താത്ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം. ഇത് ബാധിച്ച് കോവിഡ് രോഗമുക്തരില്‍ പലരും ചികിത്സ തേടിയെത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
കോവിഡ് അണുബാധയെ തുടര്‍ന്ന് മുഖത്തെ ഞരമ്പുകള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് ബെല്‍സ് പാൾസിയിലേക്ക് നയിക്കുന്നത്. മുഖത്തെ പേശികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഞരമ്പുകളാണ്. അണുബാധയെ തുടര്‍ന്ന് ഈ ഞരമ്പുകള്‍ മുഖത്തെ പേശികളിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നത് നിര്‍ത്തും. ഇത് മുഖത്തെ പേശികളുടെ തളര്‍ച്ചയ്ക്കും മുഖം കോടലിനും കാരണമാകും. മുഖത്തിന്‍റെ ഏത് വശം വേണമെങ്കിലും ഇത്തരത്തില്‍ ബാധിക്കപ്പെടാം.
ബെല്‍സ് പാൾസി ബാധിച്ച് ഫിസിയോതെറാപ്പി വകുപ്പില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ചെമ്പുർ സെന്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ. വിനീത് കാരാന്ത് പറയുന്നു. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് വന്നവരില്‍ പോലും രോഗമുക്തിക്ക് ശേഷം ബെല്‍സ് പാൾസി കണ്ടുവരുന്നുണ്ടെന്ന് ഡോ. വിനീത് ചൂണ്ടിക്കാട്ടി. കോവിഡ് രോഗമുക്തി നേടി ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷമാണ് ബെല്‍സ് പാൾസി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
മുഖത്തിന്‍റെ ഒരു ഭാഗം ദുര്‍ബലമാകല്‍, വായുടെ ഭാഗം കോടല്‍, മുഖത്ത് വേദന, രുചിയില്ലായ്മ, സംസാരിക്കാന്‍ ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാനും ചവയ്ക്കാനുമുള്ള ബുദ്ധിമുട്ട്, കണ്ണുകള്‍ പൂര്‍ണമായും അടയ്ക്കാനുള്ള ബുദ്ധിമുട്ട്, കണ്ണുകള്‍ക്ക് അണുബാധ എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഒരു നാഡീരോഗവിദഗ്ധനെ കണ്‍സല്‍ട്ട് ചെയ്യേണ്ടതാണ്. മരുന്നുകളും ഫിസിയോതെറാപ്പിയും ഉള്‍പ്പെട്ട ചികിത്സയിലൂടെ മൂന്നാഴ്ച കൊണ്ട് മുഖം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുമെന്നും നേരത്തെയുള്ള രോഗനിര്‍ണയം പ്രധാനമാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
English Summary : Cases of Facial Paralysis in Post-Covid Patients Increasing