മുഖവും ചുണ്ടും കോടിപ്പോകുന്ന ‘ബെൽസ് പാൾസിയെ’ പേടിക്കണോ?
Mail This Article
പെട്ടെന്ന് ചുണ്ടും മുഖവുമൊക്കെ ഒരു വശത്തേക്കു കോടിപ്പോകുന്ന അവസ്ഥ ആരിലും കടുത്ത മാനസിക സംഘർഷമുണ്ടാക്കും. പ്രശ്നം ‘ബെൽസ് പാൾസി’യാണ്. വലിയ മുന്നറിയിപ്പുകളൊന്നും തരാതെ പെട്ടെന്നു കടന്നുവന്നു മുഖത്തിന്റെ ആകാരം തന്നെ മാറ്റുന്ന രോഗാവസ്ഥ. മുഖപേശികളെയും കണ്ണിന്റെ പോളകളെയും ചലിപ്പിക്കുകയും നാവിന്റെയും ചെവിയുടെയും കുറച്ചു ഭാഗത്തെ പേശികളെയും നിയന്ത്രിക്കുന്നത് ഏഴാമത്തെ ശിരോനാഡി അഥവാ ഫേഷ്യൽ നെർവാണ്. തലച്ചോറിന്റെ ഉള്ളിൽ നിന്നു ചെറിയൊരു സുഷിരത്തിലൂടെ മധ്യകർണത്തിലൂടെ ഇറങ്ങിവന്നു പലശാഖകളായി പിരിഞ്ഞു മുഖത്തെ പേശികൾക്കു ചലനം നൽകുകയാണു ഇതു ചെയ്യുന്നത്.
ഈ ഫേഷ്യൽ നെർവിനുണ്ടാകുന്ന തളർവാതമാണു ബെൽസ് പാൾസി (Bell's palsy). നാഡിയ്ക്കുള്ളിൽ ഏതെങ്കിലും തരത്തിലുള്ള വൈറസ് ബാധയോ നീർക്കെട്ടോ കാരണം തടസ്സമുണ്ടാകുന്നതാണു കാരണം. തണുത്ത കാറ്റടിച്ചു ദീർഘദൂരം യാത്ര ചെയ്യുക, ചെവിയിൽ തണുപ്പ് ഏറെ നേരം അടിക്കുക തുടങ്ങിയ സാഹചര്യങ്ങൾ പോലും ബെൽസ് പാൾസിയിലേക്കു നയിച്ചേക്കാം. മുഖം കോടിപ്പോകുന്നതിനാൽ രോഗിക്കു കടുത്ത മാനസിക സംഘർഷമുണ്ടാക്കുമെങ്കിലും ഈ അസുഖം വളരെ സാധാരണമാണ്. കീഴ്ച്ചുണ്ടിലാണ് ആദ്യ ലക്ഷണങ്ങൾ പ്രകടമാകുക. ചുണ്ടിന്റെ ഒരു വശത്തെ പേശികൾ പ്രവർത്തിക്കാത്തതു മൂലം തുപ്പുമ്പോൾ ആ വശത്തു കൂടി വെള്ളം ഒലിച്ചിറങ്ങും. കണ്ണടയ്ക്കാനുള്ള പ്രയാസമാണ് മറ്റൊരു ലക്ഷണം. കൺപോളകളുടെ പേശികളെ ബാധിക്കുന്നതിനാൽ ഉറങ്ങുമ്പോൾ പോലും കണ്ണ് തുറന്നിരിക്കും.
ലക്ഷണങ്ങൾ കണ്ട് 2–3 ദിവസം കൊണ്ടു മുഖപേശികളെ പൂർണമായി ഇതു ബാധിക്കും. കണ്ണടയ്ക്കാനുള്ള ബുദ്ധിമുട്ട്, ചുണ്ടും മുഖപേശികളും ഒരു വശത്തേക്കു കോടിപ്പോകുക, തലയിൽ പെരുപ്പ് തോന്നുക, രുചി നഷ്ടപ്പെടുക, ശബ്ദം കൂടുതൽ തോന്നുക തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. ബെൽസ് പാൾസി മുൻകൂട്ടി പ്രതിരോധിക്കാനാകില്ല. എന്നാൽ രോഗം തിരിച്ചറിഞ്ഞാൽ വേഗം ചികിത്സ തേടണം.
Read Also : പ്രമേഹം ഈ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും; കരുതിയിരിക്കാം
സ്റ്റിറോയ്ഡ് ചികിത്സയിലൂടെയും ആന്റി വൈറൽ മരുന്നുകൾ വഴിയും നീർക്കെട്ട് ഒഴിവാക്കാനും പൂർവ സ്ഥിതിയിലേക്ക് എത്തിക്കാനുമാകും. ബെൽസ് പാൾസി ബാധിച്ച 85% പേർക്കും 3–6 ആഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകും. മരുന്ന് 10–15 ദിവസത്തേക്കു മതിയാകും. പിന്നീട് ഫിസിയോതെറപ്പിയിലൂടെ മുഖപേശികൾ സാധാരണ നിലയിലേക്ക് എത്തിക്കാനാകും. എന്നാൽ നാഡിക്കേറ്റ ക്ഷതം ഗുരുതരമായ കുറച്ചു പേരിൽ പൂർണമായും പൂർവ സ്ഥിതി കൈവരിക്കാൻ പ്രയാസമാണ്.
കൺപോളകളെ ബാധിച്ചു സ്ഥിരമായി കണ്ണടയ്ക്കാതിരുന്നാൽ പൊടിപടലങ്ങൾ വീണു കോർണിയ്ക്കു കേടുപാടു പറ്റുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാൻ കണ്ണിൽ തുള്ളിമരുന്ന് സ്ഥിരമായി ഒഴിക്കുകയും ഉറങ്ങുമ്പോൾ മരുന്നു പുരട്ടുകയും വേണം.
(വിവരങ്ങൾ: ഡോ. വിവേക് നമ്പ്യാർ, സ്ട്രോക്ക് ഡിവിഷൻ മേധാവി, ന്യൂറോളജി വിഭാഗം, അമൃത ആശുപത്രി, കൊച്ചി)
Content Summary : Bell's palsy : Causes, treatment and symptoms