രാജകീയമാണിവിടം; ആരെയും ആകർഷിക്കും പ്രിൻസസ് ദ്വീപുകൾ
Mail This Article
ലോകത്തിലെ മഹാനഗരങ്ങളിൽ ഒന്നായ തുർക്കിയിലെ ഇസ്തംബൂളിന്റെ തീരത്ത് നിന്ന് 17 കിലോമീറ്റർ അകലെ, മർമര കടലിലാണ് പ്രിൻസസ് ദ്വീപുകൾ. ഒമ്പത് ചെറിയ ദ്വീപുകളുടെ ഒരു കൂട്ടമാണിത്. ബൈസന്റൈൻ, ഒട്ടോമൻ കാലഘട്ടങ്ങളിൽ രാജകുടുംബത്തിൽപ്പെട്ടവരെ ഇവിടേയ്ക്ക് നാടുകടത്തിയിരുന്നതിനാൽ ഈ ദ്വീപുകളെ ടർക്കിഷ് ഭാഷയിൽ ‘അലദർ’ എന്നും വിളിക്കുന്നു. ഇതിന് പ്രിൻസസ് (Princes') എന്നാണ് ഇംഗ്ലിഷ് തർജിമ. ഇസ്തംബൂളിലെയും ഗ്രീസിലെയും ധനികർ തങ്ങളുടെ വേനൽക്കാല അവധികൾക്കായി ഈ ദ്വീപുകൾ കൈവശപ്പെടുത്തുകയും മനോഹരമായ വിക്ടോറിയൻ ശൈലിയിലുള്ള മരവീടുകൾ നിർമിക്കുകയും ചെയ്തു. സുന്ദരമായ പ്രിൻസസ് ദ്വീപു സമൂഹത്തിലെ ബയുകുട ദ്വീപ് സന്ദർശിച്ചതിന്റെ വിശേഷങ്ങൾ ആകട്ടെ ഇന്ന്.
താമസിച്ചിരുന്ന പൂൾമാൻ ഹോട്ടലിൽ നിന്നു രാവിലെ 9 മണിയോടെ ടാക്സിയിൽ ഇസ്തംബൂൾ യൂറോപ്യൻ ഭാഗത്തുള്ള എമിനോനു ഫെറി സ്റ്റേഷനിൽ എത്തി. പബ്ലിക് ഫെറിയിലാണ് പ്രിൻസസ് ദ്വീപിലേക്കുള്ള ടിക്കറ്റ് എടുത്തത്. സെഹിർ ഹത്‌ലാരി കമ്പനി നടത്തുന്ന കുറച്ചു പഴകിയതാണെങ്കിലും ഭംഗിയായി പരിപാലിക്കുന്ന ഫെറി യാത്രയ്ക്ക് തയാറായി അവിെടയുണ്ടായിരുന്നു. രണ്ടു നിലയുള്ള ആ ബോട്ടിന്റെ ഓപ്പൺ അപ്പർ ഡെക്കിലാണ് ഞാൻ ഇരുന്നത്. 90 മിനിറ്റ് യാത്രയുണ്ട് ദ്വീപിലെത്താൻ, യാത്ര ആരംഭിച്ചു. ബോസ്ഫറസ് കടലിടുക്കിലൂടെയുള്ള അവിസ്മരണീയമായ യാത്ര, ഇസ്തംബൂളിലെ മനോഹരമായ കാഴ്ചകള്‍ തീരത്തിനിരുവശവും.
കടൽക്കാക്കൾ കൂട്ടത്തോടെ ഞങ്ങളുടെ ബോട്ടിനെ പിന്തുടരുന്നുണ്ട്. ആദ്യം എനിക്ക് അത് എന്തിനാണെന്ന് മനസ്സിലായില്ല. എങ്കിലും സഹയാത്രികർ ആഹാരസാധനങ്ങൾ നൽകിയപ്പോൾ അത് ബോട്ടിനോട് കൂടുതൽ അടുത്ത് വന്നുകൊണ്ടിരുന്നു. ഇട്ടുകൊടുക്കുന്ന ആഹാരം നമ്മുടെ കയ്യിൽ നിന്നോ അല്ലെങ്കിൽ വെള്ളത്തിൽ വീഴുന്നതിനു മുൻപ് തന്നെയോ അവ കൊത്തിയെടുക്കുന്നുണ്ടായിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അകലെ പച്ചത്തുരുത്തുകൾ കണ്ടു തുടങ്ങി. കിനാലിയഡ, ബര്‍ഗാസ്, ഹേബെലിയാഡ, ബയുകുട എന്നീ നാല് ദ്വീപുകളാണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കുമായി തുറന്നിരിക്കുന്നത്.
വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്നിടം
പ്രിൻസസ് ദ്വീപുകളിൽ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന വലുതും ജനപ്രിയവുമായ ദ്വീപാണ് ബയുകുട. 5.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപ് സന്ദർശകർക്ക് ധാരാളം വിനോദങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തെ മൂന്ന് ദ്വീപുകളും ഒഴിവാക്കി ബയുകുട ദ്വീപ് സന്ദർശനത്തിനായി ഞാൻ തിരഞ്ഞെടുത്തു. പ്രിൻസസ് ദ്വീപുകളുടെ ഒരു സവിശേഷത, ഇവിടം പൂർണമായും ഇന്ധന മോട്ടോർ വാഹനരഹിതമാണ് എന്നതാണ്. ദ്വീപുകളിലെ ഗതാഗതമാർഗം ഇലക്ട്രിക് വാഹനങ്ങളും സൈക്കിളുകളുമാണ്. കുതിരവണ്ടികൾ മുൻപ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത് നിരോധിച്ചിരിക്കുകയാണ്. ബോട്ട് തീരത്തോട് അടുത്തു, ബോട്ടിൽ നിന്ന് ഇറങ്ങി ഞാൻ കാഴ്ചകളിലേക്ക് നടന്നു. മഴക്കാറുണ്ടെങ്കിലും നല്ല തണുപ്പുള്ള സുന്ദരമായ കാലാവസ്ഥ. ധാരാളം വിനോദസഞ്ചാരികൾ. മനോഹരമായ തെരുവുകളിലും ഇടവഴികളിലും ചുറ്റിക്കറങ്ങുക എന്നതാണ് ആദ്യ ലക്ഷ്യം. എല്ലായിടത്തും വർണാഭമായ പൂക്കളും തണൽ വിരിച്ച് മരങ്ങളും നമ്മെ സ്വാഗതം ചെയ്യും, കായ്ച്ചു നിൽക്കുന്ന ഓറഞ്ച് മരങ്ങൾ, സുന്ദരികളായ പൂച്ചകൾ കാഴ്ചകൾ നിരവധിയാണ്.
അത്താതുർക്കിന്റെ ഒരു പ്രതിമ തീരത്തായി കണ്ടു. സൈക്കിളുകൾക്കും ഇലക്ട്രിക് സ്കൂട്ടർ വാടകയ്ക്കെടുക്കുന്നതിനുമായി നിരവധി കടകൾ. ധാരാളം സുവനീർ ഷോപ്പുകൾ, കൂടാതെ സുന്ദരമായ പൂക്കളുടെ ഹെഡ്ബാൻഡുകളും കടൽ ചിപ്പികളും മറ്റും വിൽക്കുന്ന കടകളും. ദ്വീപിലേക്കുള്ള വിവിധ വഴികൾ ആരംഭിക്കുന്ന ഒരു ചെറിയ ക്ലോക്ക് ടവർ ഉള്ള സ്ഥലമുണ്ട്. ഞാൻ നടന്ന് അവിടെയെത്തി. ഇവിടെ നിന്ന് 15 ലിറ നൽകിയാൽ ദ്വീപ് മുഴുവൻ ഒരു ബഗ്ഗിയിൽ കയറ്റി കൊണ്ടു കാണിക്കും. ടിക്കറ്റെടുത്ത് അതിൽ യാത്ര ആരംഭിച്ചു. ബയുകുടയിലെ വളരെ പ്രശസ്തമായ രണ്ട് തെരുവുകളാണ് കങ്കായ കദ്ദേസിയും യർമ്യൂക് കദ്ദേസിയും.
പൈൻ മരങ്ങൾ തിങ്ങി വളരുന്ന പ്രദേശങ്ങളും അവിടവിടെയായി കുന്നിൻചെരുവുകളിൽ പാർക്കുകളും കാണാം. ദ്വീപിൽ ഒരു മ്യൂസിയവും, പള്ളികളും, റഷ്യൻ വിപ്ലവകാരിയായിരുന്ന ട്രോട്സ്കി ഒളിവിൽ താമസിച്ചിരുന്ന മാളികയും, പിന്നീട് കാസിനോ ആക്കി മാറ്റിയ ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട ഗ്രീക്ക് ഡോർമെട്ടറിയും പ്രധാന കാഴ്ചകളാണ്. സുന്ദരമായ ഒരു ബീച്ച് ഇവിടെയുണ്ടെങ്കിലും തണുപ്പായതിനാൽ വെള്ളത്തിൽ ഇറങ്ങിയില്ല. ദ്വീപിലെ ഏറ്റവും ഉയർന്ന കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഹാഗിയോസ് ജോർജിയോസ് മൊണാസ്ട്രിയാണ് (St. George Monastery) ബയുകുടയിലെ ഏറ്റവും പ്രശസ്തമായ സ്ഥലം. ആശ്രമം നിർമിച്ചിരിക്കുന്ന കുന്നിലേക്ക് പ്രധാന ജെട്ടിയിൽ നിന്ന് 30 മിനിറ്റ് ബൈക്ക് യാത്രയുണ്ട്. ഷോപ്പിങ്, സൈക്ലിങ്, ഹൈക്കിങ് കൂടാതെ പ്രിൻസസ് ഐലൻഡിലേക്കുള്ള യാത്രയിൽ എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ ആണ് ഒരു സീ–ഫ്രണ്ട് റസ്റ്റോറന്റിൽ നിന്ന് രുചികരമായ മത്സ്യ വിഭവങ്ങളും ടർക്കിഷ് ഭക്ഷണവും കഴിക്കുക, മനോഹരമായ അനവധി കഫേകളിൽ ഒന്നില്‍ നിന്നു ടർക്കിഷ് കോഫി കുടിക്കുക എന്നതും. മറ്റൊന്ന് ഇവിടുത്തെ ടർക്കിഷ് ഡിലൈറ്റുകൾ ആണ്. ഇവിടം പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറിയതിനാൽ എല്ലാ മികച്ച ടർക്കിഷ് ഡിലൈറ്റുകളും മധുരപലഹാരങ്ങളും ഇപ്പോൾ ഇവിടെയും സുലഭമാണ്.
ഇസ്തംബൂളിൽ നിന്ന് പ്രിൻസസ് ദ്വീപുകളിലേക്കുള്ള യാത്ര നഗരത്തിലെ തിരക്കിൽ നിന്നും മലിനീകരണത്തിൽ നിന്നും രക്ഷപ്പെടാനും പ്രകൃതിയുടെ ശാന്തതയിൽ സമയം ചെലവഴിക്കാനുമുള്ള മികച്ച മാർഗമാണ്. സന്ദർശകർക്ക് കാണാൻ ഒരുപാടു കാഴ്ചകൾ ബയുകുടയിൽ ഇല്ല, പക്ഷേ സാവധാനത്തിൽ ആഡംബര സൗധങ്ങൾ കണ്ടുകൊണ്ട് ബോഗെയ്ൻ വില്ലകള്‍ നിറഞ്ഞ പാതകളിലൂടെയും പൈൻ മരങ്ങൾ നിറഞ്ഞ കുന്നുംചരുവുകളിലും ദ്വീപിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ള വിസ്മയിപ്പിക്കുന്ന അന്തരീക്ഷം അനുഭവിക്കുകയാണ് പ്രധാനം. തിരിച്ചു പോകാനുള്ള ബോട്ടിന്റെ സമയം ആയിരിക്കുന്നു. നേവയ്ക്ക് വേണ്ടി പൂക്കളും ചിപ്പികളും കൊണ്ട് അലങ്കരിച്ച ഒരു ഹെഡ്ബാന്റും, നീലിനായി ഒരു ഫ്രിഡ്ജ് മാഗ്നെറ്റും വാങ്ങി, ഒരു ടർക്കിഷ് ഡോണ്ടൂർമ ഐസ്ക്രീം കഴിച്ചുകൊണ്ട് ബോട്ട് ജെട്ടിയിലേക്കു നടന്നു. നാലു മണിക്കുള്ള ഫെറിയിൽ തിരികെ ഇസ്താംബൂളിലേക്ക്. പ്രിൻസസ് ദ്വീപുകളിലെ സമ്പന്നമായ കാഴ്ചകളും മനം കുളിർപ്പിക്കുന്ന പ്രശാന്തസുന്ദരമായ അന്തരീക്ഷവും സ്വച്ഛശീതളമായ കാലാവസ്ഥയും തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് സന്ദർശകരെ കൊണ്ടു പോകുന്നത്.
English Summary: Visit Princes' Islands, Istanbul, Turkey