കണ്ടൽക്കാട്, രുചിയൂണ്, ക്ഷേത്രോത്സവം, ബീച്ച്...കടലോളം കാഴ്ചകളുടെ കടലുണ്ടി

Mail This Article
ആദ്യമായി കാണുന്ന കുറച്ചു പേർ. പെണ്ണുങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ അതിന് വേറെ തന്നെ ഒരു ചന്തമാണ്. കടലുണ്ടി പുഴയുടെ ഓളങ്ങളെ തഴുകി, കണ്ടൽക്കാടുകൾക്ക് ഇടയിലൂടെ ബോട്ട് തുഴഞ്ഞൊരു യാത്രയോടെ ആയിരുന്നു ആ മനോഹരമായ ദിവസം ആരംഭിച്ചത്. കണ്ടൽക്കാടുകൾക്ക് ഇടയിലൂടെ ബോട്ട് പതിയെ നീങ്ങുമ്പോൾ റെയിൽപാളത്തിലൂടെ തീവണ്ടി ചൂളം വിളിച്ചു പായുന്നു. എത്ര മനോഹരമായ കാഴ്ച.

കടലുണ്ടി തീവണ്ടിയപകടത്തിന്റെ ഓർമകൾ പെട്ടെന്ന് ചിന്തകളിലേക്ക് ഇരച്ചു വന്നു. ആ തീവണ്ടിയപകടത്തിൽ നിന്ന് അദ്ഭുതകരമായ രക്ഷപ്പെട്ട ഗോപാലകൃഷ്ണൻ മാഷ് ആ ഓർമകൾ പങ്കുവച്ചു. പുഴയിലെ ഓളങ്ങളെ തഴുകിയും തലോടിയും ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ബോട്ട് യാത്ര. ബേപ്പൂർ സംയോജിത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കേരള റെസ്പോൺസിബിൾ ടൂറിസം മിഷനാണ് സ്ത്രീകൾക്കായി ഫെമിലിയറൈസേഷൻ യാത്ര സംഘടിപ്പിച്ചത്. കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ രൂപേഷ് കുമാർ, ജില്ല കോ-ഓർഡിനേറ്റർ ശ്രീകല ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു യാത്ര.

വീട്ടിലെ ഊണ്
കടലുണ്ടി പുഴയോട് ചേർന്നുള്ള കേരള റെസ്പോൺസിബിൾ ടൂറിസം മിഷന്റെ യൂണിറ്റിൽ നിന്ന് ആയിരുന്നു ഉച്ചഭക്ഷണം. സാധാരണക്കാരെ കൂടി ചേർത്ത് പിടിച്ച് സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. വീടിനോട് ചേർന്ന് കുടുംബം നടത്തുന്ന 'തനിമ രുചി'യിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് നല്ല നാടൻരുചിയുള്ള ഭക്ഷണമാണ്. 60 രൂപയ്ക്ക് ഇവിടെ നിന്ന് സാധാരണ ഊണ് ലഭിക്കും. പച്ചടി, അച്ചാർ, ഉപ്പേരി, മീൻ കറി, സാമ്പാർ, പപ്പടം എന്നീ വിഭവങ്ങളോടെയാണ് സാധാരണ ഊണ് ഇവിടെ നിന്ന് ലഭിക്കുക.

ഇത് കൂടാതെ 250 രൂപയ്ക്ക് ചട്ടിച്ചോറും ലഭിക്കും. കപ്പ, ഞണ്ട്, ചെമ്മീൻ, പച്ചടി, അവിയൽ, ഉപ്പേരി, അച്ചാറ്, സാമ്പാറ്, മീൻകറി, ഓംലെറ്റ്, പപ്പടം, പൊരിച്ച മീൻ ഇവയെല്ലാം ഉൾക്കൊള്ളുന്നതാണ് ചട്ടിച്ചോറ്. കരിമീൻ വേണമെങ്കിൽ അതിന് അധികമായി പണം നൽകണം. നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഏതൊക്കെ വിഭവങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്ന് അറിയിച്ചാൽ അത് അനുസരിച്ച് ആയിരിക്കും ഭക്ഷണം തയ്യാറാക്കുക. മത്സ്യവിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ചട്ടിച്ചോറിന്റെ വിലയെയും ബാധിക്കും. കടലുണ്ടിയിൽ വന്ന് ഈ മനോഹരമായ ചട്ടിച്ചോറ് ആസ്വദിക്കണമെന്നുള്ളവർക്ക് 9605555185 ഈ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

പേടിയാട്ട് ദേവിയും മകൻ ജാദവനും കടലുണ്ടി വാവുത്സവവും
കടലുണ്ടിയിലെ വാവുത്സവം അതിപ്രസിദ്ധമാണ്. ഇവിടുത്തെ പാത മുഴുവൻ അന്ന് ജനങ്ങളെ കൊണ്ട് നിറയും. കാരണം, ഒരു അമ്മയും മകനും വർഷത്തിൽ ഒരിക്കൽ മാത്രം കാണുന്ന ദിവസമാണ് അന്ന്. ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങൾക്കു തുടക്കമാകുന്നത് വാവുത്സവത്തോടെയാണ്. തുലാമാസത്തിലെ കറുത്ത വാവു ദിവസമാണ് വാവുത്സവം. പേടിയാട്ട് ക്ഷേത്രത്തിൽ കുടികൊള്ളുന്ന ദേവിയായ പേടിയാട്ടമ്മ മകനായ ജാദവനെ വർഷത്തിൽ ഒരിക്കൽ കാണുന്നതാണ് വാവുത്സവം. കടലുണ്ടിയിൽ അന്ന് ഉത്സവപ്രതീതിയാണ്.

ഉത്സവത്തിന് പിന്നിലെ കഥ ഇങ്ങനെ; അമ്മയുടെ വിലക്ക് ലംഘിച്ച് മദ്യകർമങ്ങൾ അടങ്ങിയ വളയനാട്ടമ്മയുടെ പൂരത്തിന് ജാതവൻ പോയി. എന്നാൽ, മദ്യവസ്തുക്കളടങ്ങിയ സൽക്കാരം സ്വീകരിക്കാൻ ജാതവൻ തയാറായില്ല. ഇതിൽ കുപിതയായ വളയനാട്ടമ്മ മദ്യവസ്തുക്കൾ ജാതവന്റെ മേൽ തെറിപ്പിച്ചു. അശുദ്ധിയോടെ തിരിച്ചെത്തിയ മകനോട് തന്നെ കാണരുതെന്ന് വിലക്കിയ പേടിയാട്ട് ദേവി വർഷത്തിൽ ഒരിക്കൽ കാണാമെന്ന് വാക്ക് നൽകി. അതാണ് വാവുത്സവത്തിന്റെ ഐതിഹ്യം. തുലാമാസത്തിലെ കറുത്ത വാവു ദിനത്തിൽ വാക്കടവിൽ ദേവി നീരാട്ടിന് പോകുമ്പോഴാണ് മകനെ കാണുക. ഇപ്പോഴും വാവുത്സവത്തിലെ പ്രധാന ചടങ്ങ് എന്ന് പറയുന്നത് അമ്മയും മകനും തമ്മിലുള്ള ഈ കൂടിക്കാഴ്ചയാണ്. കടലുണ്ടിയെ അടുത്തറിയുമ്പോൾ വിസ്മയം നിറയ്ക്കുന്ന കഥകളും ഐതിഹ്യങ്ങളുമാണ് സഞ്ചാരികളെ വരവേൽക്കുന്നത്.
കാൽവരി ഹിൽസ്
ക്രൈസ്തവരുടെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കടലുണ്ടിയിലെ കാൽവരി ഹിൽസ്. കടലുണ്ടിയിലെ കാൽവരി ഹിൽസിലുള്ള സെൻ്റ് പോൾസ് ചർച്ച് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിത രൂപം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ഇവിടെയാണ്. ഇത് കൂടാതെ കുരിശിൽ നിന്ന് താഴെ ഇറക്കി കിടത്തിയിരിക്കുന്ന ക്രിസ്തുവിന്റെ രൂപവും കുരിശിന്റെ വഴിയുമായി ബന്ധപ്പെട്ട 14 സ്ഥലങ്ങളെ സൂചിപ്പിക്കുന്ന രൂപങ്ങളും ഇവിടുത്തെ പ്രധാന ആകർഷണമാണ്.
കയർ വ്യവസായ സഹകരണ സംഘവും ഖാദി യൂണിറ്റും
ആധുനീകരണത്തിന്റെ കൈ പിടിച്ച് കയർ പിരിക്കൽ പുരോഗമിക്കുന്നുണ്ടെങ്കിലും കൈ കൊണ്ട് ചൂടി പിരിക്കുന്നവരും കടലുണ്ടി കയർ വ്യവസായ സഹകരണ സംഘത്തിലുണ്ട്. റിട്ടയർമെന്റ് പ്രായം കഴിഞ്ഞ് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും കയർ പിരിക്കുന്നതിൽ സജീവമായിട്ടുള്ള വള്ളിയമ്മയും കൂട്ടുകാരും തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. കയർ പിരിക്കൽ മേഖലയിൽ ആധുനീകരണവും ഇവിടെ ഘട്ടംഘട്ടമായി നടക്കുന്നു. റാട്ടില്‍ തുടങ്ങിയ യന്ത്ര സംവിധാനം ഇപ്പോള്‍ ഓട്ടോമാറ്റിക് സ്പിന്നിങ് മെഷിനിൽ വരെ എത്തി നിൽക്കുന്നു. കയർ ഉല്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ട്. കടലുണ്ടിയിലെ ഖാദി യൂണിറ്റാണ് മറ്റൊരു പ്രധാന കേന്ദ്രം. നൂൽ ഉണ്ടാക്കുന്നതും ഖാദി തുണികൾ കൈ കൊണ്ട് നെയ്തെടുക്കുന്നുതുമായ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

ബുദ്ധവിശ്വാസികളുടെ ശവകുടീരം
കടലുണ്ടിയിൽ അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒന്നാണ് ബുദ്ധ അനുയായികളുടെ ശവകുടീരങ്ങൾ ഉള്ള പെരിങ്ങോട്ട് കുന്ന്. ഒരു കാലത്ത് ബുദ്ധവിശ്വാസികളായവരുടെ കേന്ദ്രമായിരുന്നു ഇവിടം. അവർ അക്കാലത്ത് ഉപയോഗിച്ചിരുന്ന വലിയ കിണർ ഇപ്പോഴുമുണ്ട്. ഭജനമഠം തകർന്ന നിലയിലാണ്. ഒരു കാലത്ത് ഇതിനൊക്കെ ഉടമകളായിരുന്നവരുടെ ശവകുടീരങ്ങളും ഇവിടെ കാണാം. പിൻതലമുറ ഡെൻമാർക്കിലേക്ക് കുടിയേറിയപ്പോൾ ഇവിടുത്തെ ആരാധനകളും മറ്റും നിലച്ചു പോയി. കടലുണ്ടിയിൽ എത്തുന്നവർക്ക് വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ പഴയകാല ബുദ്ധകേന്ദ്രം.

ചാലിയം ബീച്ച്
ശാന്തവും മനോഹരവുമായ ഒരു ബീച്ചാണ് ചാലിയം. ഇവിടെ നിന്ന് ബേപ്പൂരിലേക്ക് ജംഗാർ സർവീസ് ഉണ്ട്. ഈ യാത്ര സഞ്ചാരികൾക്ക് വ്യത്യസ്തവും മനോഹരവുമായ അനുഭവമാണ് നൽകുക. കൂടാതെ ചാലിയത്ത് നിന്ന് ബേപ്പൂരിലേക്ക് ഫെറി യാത്രയും നടത്താവുന്നതാണ്. ഭാഗ്യമുണ്ടെങ്കിൽ ഡോൾഫിനുകളെയും കാണാൻ സാധിക്കും. ചാലിയം ബീച്ച് നവീകരിച്ചതോടെ ഒരു രാജ്യാന്തര ഛായയാണ് ഈ ബീച്ചിന്. നടക്കാനും സൈക്കിൾ സവാരിക്കും എല്ലാം ഈ ബീച്ച് വളരെ അനുയോജ്യമാണ്. വിനോദസഞ്ചാരികൾക്ക് ഒപ്പം തന്നെ പ്രദേശവാസികളും തങ്ങളുടെ സായാഹ്നം മനോഹരമാക്കാൻ ചാലിയം ബീച്ചിലേക്കാണ് എത്തുന്നത്. അവധിക്കാലമായതോടെ വൈകുന്നേരങ്ങളിൽ നല്ല തിരക്കാണ്. ബീച്ചിനോട് ചേർന്നുള്ള ഭാഗത്ത് ഇന്റർലോക്കുകൾ പാകിയിട്ടുണ്ട്. കടകൾക്കായി പ്രത്യേക സൗകര്യം ഒരുക്കി. വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ തയ്യാറാക്കിയിരിക്കുന്നതും ലൈറ്റുകൾ ഘടിപ്പിച്ചതും സഞ്ചാരികളെ ആകർഷിക്കുന്നതാണ്.

ചുരുക്കത്തിൽ കടലുണ്ടിയിലേക്കുള്ള ഒരു യാത്ര സമ്മാനിക്കുന്നത് വൈവിധ്യമാർന്ന നിരവധി അനുഭവങ്ങൾ ആയിരിക്കും.