സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ഹോട്ടലുകളില്‍ 13 പോലെ 420 നമ്പർ മുറികളും കാണാതെ പോകുന്നതിന്റെ രഹസ്യം!

Mail This Article
വിദേശ രാജ്യങ്ങളിലെ ഹോട്ടലുകളില്‍ ഇന്ത്യക്കാരായ അതിഥികളെ അത്ര മതിപ്പില്ലെന്ന് യാത്രികര്‍ പറഞ്ഞു തന്നെ നിങ്ങള്‍ കേട്ടിരിക്കും. ചിലരെങ്കിലും ഹോട്ടല്‍ മുറി പരമാവധി അലമ്പാക്കിയിടുന്നതും ടവ്വലുകളും സോപ്പും വരെ അടിച്ചു മാറ്റുന്നതുമൊക്കെയാണ് ഇന്ത്യക്കാര്‍ക്ക് മൊത്തത്തില്‍ പേരുദോഷമുണ്ടാക്കിയിട്ടുള്ളത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചിലയിടത്തെങ്കിലും ഹോട്ടലുകളില്‍ 420 നമ്പര്‍ മുറിയുണ്ടാവില്ല. ഇതിനു പിന്നിലും ചില 'അലമ്പ്' കാരണങ്ങളുണ്ട്.
ഹോട്ടലുകള്‍ക്ക് 13ാം നമ്പര്‍ മുറിയില്ലാത്തതിനെക്കുറിച്ച് നേരത്തേ കേട്ടിട്ടുണ്ടാവും. 13ാം നമ്പര്‍ ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിന് പല കാരണങ്ങളും ഭാഗ്യവിശ്വാസികള് നിരത്താറുണ്ട്. 12 കഴിഞ്ഞാല്‍ 14 ആണ് പല ഹോട്ടലുകളും മുറികള്‍ക്ക് നല്‍കുന്നത്. ഇത് വിശ്വാസത്തിന്റെ പേരിലാണെങ്കില്‍ 420 നെ ഒഴിവാക്കുന്നത് മറ്റൊരു തലവേദന ഒഴിവാക്കാനാണ്.

420 എന്ന നമ്പറിനെ കുപ്രസിദ്ധമാക്കുന്നത് അതിന്റെ കഞ്ചാവുമായുള്ള ബന്ധമാണ്. കഞ്ചാവ് വലിക്കുക എന്നു പറയുന്നതിന് നേരിട്ട് ബന്ധമുള്ള അക്കമാണ് 420. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. നിലവില്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 24 എണ്ണത്തില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാണ്.
ലോകമെങ്ങുമുള്ള കഞ്ചാവ് പ്രേമികള്‍ കഞ്ചാവിനെ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തുകൂടുന്ന ദിവസമാണ് ഏപ്രില്‍ 20. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ 4/20. അങ്ങനെയാണ് 420 എന്ന നമ്പര്‍ കഞ്ചാവിന്റെ പര്യായമായി മാറിയത്. ഇങ്ങനെയൊരു കൂട്ടായ്മയ്ക്ക് ഹോട്ടലുകളില്‍ ഏറ്റവും യോജിച്ച മുറിയാവുമല്ലോ 420. അങ്ങനെ കഞ്ചാവിനു വേണ്ടി വാദിച്ച് മുറിയെടുത്ത് പാര്‍ട്ടി നടത്തി പിരിഞ്ഞു പോവുന്നവരില്‍ പലരും മുറി അലങ്കോലമാക്കുന്നതും പതിവായി. ഇതോടെയാണ് കഞ്ചാവ് പ്രേമികളെ ആകര്‍ഷിക്കുന്ന 420 എന്ന നമ്പര്‍ തന്നെ ഒഴിവാക്കാന്‍ ഹോട്ടലുകളില്‍ പലരും തീരുമാനിച്ചതും.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പല ഹോട്ടലുകളും 419 കഴിഞ്ഞാല്‍ 421 ആണ് ഹോട്ടല്‍ മുറിയുടെ നമ്പറായി നല്‍കുന്നത്. 420ാം നമ്പര്‍ മുറിയില്‍ ഏപ്രില്‍ 20ന് ആഘോഷവും കഴിഞ്ഞു പോവുന്നവരില്പലരും 420 എന്ന ഹോട്ടല്‍ നമ്പര്‍ വരെ അഴിച്ചു മാറ്റിയാണ് പോയതെന്നതും ഈ നമ്പര്‍ ഒഴിവാക്കാന്‍ ഹോട്ടലുടമകളെ പ്രേരിപ്പിച്ചു. 13 വിശ്വാസത്തിന്റേയും ഭാഗ്യദോഷത്തിന്റേയും പേരിലെങ്കില്‍ 420 ദുരനുഭവങ്ങളുടെ പേരിലാണ് ഹോട്ടലുകള്‍ ഒഴിവാക്കുന്നത്.