ഗ്രേറ്റ്, ഗ്രേറ്റ് ഈസ്റ്റേൺ: കൊൽക്കത്തയുടെ കോഹിനൂർ...

Mail This Article
ഈ വീഥികൾ പണ്ട് രാജകീയമായിരുന്നു. പണ്ടെങ്ങോ വായിച്ചറിഞ്ഞത് കിനാവു പോലെ മനസ്സിൽ തെളിയുമ്പോൾ ഈ നിരത്തിന് ഇത്ര ആധുനികതയുണ്ടായിരുന്നില്ല, പകരം കല്ലുകൾ പാകിയതിന്റെ ചാരുതയായിരുന്നു. നിരത്തിനു മറുവശത്ത് ആൽമരങ്ങൾ ഭിത്തിയിൽനിന്നു മുളച്ചു പൊന്തിയ, പൊളിഞ്ഞു വീഴാറായ ചുവന്ന കെട്ടിടങ്ങൾ അന്ന് രമ്യഹർമ്യങ്ങളായിരുന്നില്ലേ? അവിടെയൊക്കെ മുന്തിയ കച്ചവടസ്ഥാപനങ്ങൾ തിരക്കിട്ടു പ്രവർത്തിക്കയായിരുന്നില്ലേ?

∙ കൊൽക്കത്തയുടെ തിലകക്കുറി
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തലസ്ഥാനമായിരുന്ന കൊൽക്കത്തയുടെ തിലകക്കുറിയായിരുന്നു ഗ്രേറ്റ് ഈസ്റ്റേൺ. 1840 മുതൽ വാതിലുകൾ തുറന്നിട്ട, ദക്ഷിണേഷ്യയിലെ ഏറ്റവും പുരാതന ഹോട്ടൽ. ആധുനികതയും പൗരാണികതയും സമന്വയിക്കുന്ന ആ അപൂർവതയിലേക്ക് കാലെടുത്തു വച്ചപ്പോൾ മനസ്സൊന്നു പിടഞ്ഞു. എത്രയോ ദശകങ്ങളുടെ കഥകൾ പറയാനുണ്ടാവും ഈ ചുവരുകൾക്ക്. ഈ മതിൽക്കെട്ടിനുള്ളിൽ എന്തൊക്കെ ആഹ്ലാദങ്ങൾ പങ്കിട്ടിട്ടുണ്ടാവും. എത്രയോ മനോഹര സായാഹ്നങ്ങൾ ഇവിടെ പാട്ടായും മേളമായും നൃത്തമായും പാതിരാവിലേക്കും പിന്നെ പുലർച്ച വരെയും പടർന്നു പന്തലിച്ചിട്ടുണ്ടാവും...

∙ മനോഹാരിതയിലേക്കൊരു വാതിൽ
മുഖ്യ റോഡിനു വശത്തായുള്ള ചെറു വഴിയിലൂടെ ഹോട്ടലിന്റെ പോർച്ചിലെത്തി. കൊളോണിയലിസത്തിന്റെ ബാക്കിപത്രമായ ചുവന്ന വസ്ത്രവിധാനവും തെല്ലധികം ഉയരവുമുള്ള വാതിൽകാവൽക്കാരന്റെ കൂപ്പുകൈ സന്തോഷത്തോടെ സ്വീകരിച്ച് ലോബിയിലേക്ക്. ഈ ലോബി ആയിരുന്നില്ലല്ലോ കിനാവിലെ ലോബി. കാരണം, ഇതു പിന്നീടു പണിതുണ്ടാക്കിയതാണ്. എന്നാൽ പഴമയുടെ പ്രതീകമായി ആ വലിയ മുറിയുടെ അങ്ങറ്റത്ത് വലിയൊരു പിയാനോ. ഏഷ്യയിലെ ഏറ്റവും പഴയ പിയാനോകളിലൊന്നാണിത്. ജർമൻ കമ്പനിയായ എംഎഫ് റാഷൽസ് ഹാംബർഗിൽ നിർമിച്ചതാണിത്. ഇപ്പോഴും പ്രവർത്തിക്കും.

∙ കാലം മാറിയിട്ടും കോലം...
കൊൽക്കത്ത വല്ലാതെ മാറിപ്പോയെങ്കിലും പുതിയ കെട്ടിടങ്ങൾ കൂട്ടിച്ചേർത്തതൊഴിച്ചാൽ ഹോട്ടലിനു കാര്യമായ മാറ്റങ്ങളില്ല. പഴയ കെട്ടിടം അതേ പ്രതാപത്തിൽ നിൽക്കുന്നു. പ്രധാന റോഡിൽ നിന്നായിരുന്നു ആദ്യകാലത്ത് പ്രവേശനം. ഈ റോഡിന് അന്ന് വാട്ടർലൂ സ്ട്രീറ്റെന്നും ഇപ്പോൾ ഹേമന്ദ ബസു സരണി എന്നുമാണ് പേര്. കാസ്റ്റ് അയൺ ജാലികളുമായി യൂറോപ്യൻ ശൈലിയിലുള്ള മനോഹര കവാടം. അതായിരുന്നു അന്നത്തെ മുഖ്യ വാതിൽ. ഇന്നത് പുനരുദ്ധാരണത്തിലാണ്.

∙ കുതിരവണ്ടികളും യൂറോപ്യൻ തരുണികളും
ഈ ലോബിയിൽ നിന്ന് കണ്ണടച്ചാൽ പഴയ കെട്ടിടം മനസ്സിലെത്തും. അന്ന് ആ കവാടത്തിനു മുന്നിലെത്തിയിരുന്നത് കുതിരവണ്ടികളിൽ വന്നിറങ്ങുന്ന ഗാംഭീര്യമുള്ള പ്രഭുക്കന്മാരും പ്രഭ്വികളും. നീണ്ട് നിലത്തു മുട്ടുന്ന അവരുടെ വർണാഭമായ വസ്ത്രങ്ങൾ. ഓച്ഛാനിച്ചു നിൽക്കുന്ന പരിചാരകവൃന്ദം. നിരയായി നിൽക്കുന്ന ആ കുതിരവണ്ടികളുടെ ‘പാർക്കിങ് ലോട്ടാ’ണ് ഇന്നത്തെ ലോബി. പിന്നീടെപ്പോഴോ പണിതു ചേർത്തതെങ്കിലും ചേരാഴികയില്ല. ഈ ഹോട്ടലിനൊരു വലിയ കഥയുണ്ട്, ഇന്ത്യയിൽ ഒരു ഹോട്ടലിനും പറയാനാവാത്ത, വ്യത്യസ്തമായ കഥ.

∙ കോഹിനൂർ പോലെ കൊണ്ടു പോകാമോ?
ഇന്ത്യയിൽനിന്നു കടത്തിയ കോഹിനൂർ ബ്രിട്ടിഷ് രാജാവിന്റെ തിലകക്കുറിയാണെങ്കിൽ, അതിലും മഹത്തരമായ എത്രയോ നിധികൾ ഇവിടെയുപേക്ഷിച്ച് അവർക്കു പോകേണ്ടി വന്നു. അത്തരമൊരു നിധിയല്ലേ ഈ ഹോട്ടൽ? പക്ഷേ, അന്നിവിടെ ‘ഇന്ത്യക്കാർക്കും പട്ടികൾക്കും’ പ്രവേശനമില്ലായിരുന്നു. അന്തസ്സോടെ ആ ലോബിയിൽ തെല്ലു ഞെളിഞ്ഞുതന്നെ ഇരുന്നു. തൊട്ടടുത്തിരിക്കുന്ന വെള്ളക്കാരുടെ ചെറുസംഘത്തിൽ ബ്രിട്ടിഷുകാരുണ്ടോ? ഉണ്ടെങ്കിൽ സലാം... വേറൊന്നും പറയാനില്ല...

∙ചരിത്രത്തിന്റെ ശേഷിപ്പ്
ഗാംഭീര്യത്തിനു ലാളിത്യമേകുകയാണ് ലളിത് ഗ്രേറ്റ് ഈസ്റ്റേൺ. കാരണം ബ്രിട്ടിഷുകാരുടെ മാത്രം ഇടമായിരുന്ന ഈ ഹോട്ടലിൽ ഇന്ന് ആർക്കും രാപാർക്കാം. ഇപ്പോഴത്തെ ഉടമകളുടെ ചിത്രങ്ങൾ, പ്രപിതാമഹൻമാരെ പണ്ട് ആട്ടിയോടിച്ചവരോടു കൊഞ്ഞനം കുത്തുന്നതുപോലെ ഭിത്തിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഹോട്ടൽ ഇപ്പോൾ ലളിത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. അതുകൊണ്ട് ലളിത് ഗ്രേറ്റ് ഈസ്റ്റേൺ എന്നാണ് നാമകരണം.

∙ കിഴക്കിന്റെ ആഭരണം
ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടൽ ആരംഭിക്കുംമുൻപ് അവിടെയൊരു ബേക്കറിയുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. മാത്രമല്ല, ഈ ബേക്കറിയിലെ ആദ്യകാല പാത്രങ്ങളും ഉപകരണങ്ങളുമൊക്കെ ഹോട്ടലിന്റെ ഇടനാഴികളിൽ കാഴ്ചവസ്തുക്കളായി വച്ചിട്ടുമുണ്ട്. കൊൽക്കത്തയിലെ ആദ്യ ആഡംബര ഹോട്ടൽ ജോൺസ് സ്പെൻസ് ഹോട്ടലാണ്. 1830 ൽ ആരംഭിച്ച ഹോട്ടൽ ഇന്നില്ല. എന്നാൽ 10 കൊല്ലം കഴിഞ്ഞ് ഓക്‌ലൻഡ് ഹോട്ടൽ എന്ന പേരിൽ ഡേവിഡ് വിൽസൺ എന്ന വ്യവസായി സ്ഥാപിച്ച ഹോട്ടലാണ് ഇപ്പോഴും പ്രവർത്തിക്കുന്ന ഗ്രേറ്റ് ഈസ്റ്റേൺ. ‘കിഴക്കിന്റെ ആഭരണം’ എന്നറിയപ്പെട്ടിരുന്ന ഹോട്ടലിൽ അന്ന് 100 മുറികളുണ്ടായിരുന്നു. ബേക്കറിക്കു പുറമെ താഴത്തെ നിലയിൽ ഒരു സൂപ്പർമാർക്കറ്റും പ്രവർത്തിച്ചിരുന്നു.

∙ കൊൽക്കത്തയുടെ ഹൃദയം
പ്രതാപ കാലത്തും ഇന്നും എസ്പ്ലനേഡ് ആണ് കൊൽക്കത്തയുടെ ഹൃദയം. ബ്രിട്ടിഷ് ആധിപത്യത്തിൽ സർക്കാർകെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചു. അക്കൂട്ടത്തിൽപ്പെടുന്ന മുഖ്യ ഇടമായിരുന്നു ഹോട്ടൽ. കച്ചവടത്തിനും ഭരണത്തിനു മൊക്കെയായെത്തിയിരുന്ന ഇംഗ്ലിഷ് ധനാഢ്യൻമാരുടെ ഇടത്താവളം. 1859 ൽ മാതൃസ്ഥാപനത്തിന്റെ പേര് ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടൽ വൈൻ ആൻഡ് ജനറൽ പർവേയിങ് കമ്പനി എന്നായെങ്കിലും ഓക്‌ലൻഡ് പ്രഭുവും ഇന്ത്യയുടെ ഗവർണർ ജനറലുമായിരുന്ന ജോർജ് ഈഡനോടുള്ള ബഹുമാനം മൂലം പേരു മാറ്റിയില്ല. 1915 ലാണ് കൂടുതൽ നവീകരണങ്ങൾ നടത്തിയ ഹോട്ടലിന് ഗ്രേറ്റ് ഈസ്റ്റേൺ എന്ന പേരു വീണത്.

∙ പ്രഭ ചൊരിയും ഈസ്റ്റേൺ
ഇന്ത്യയിലെ ആദ്യം വൈദ്യുതീകരിച്ച ഹോട്ടൽ ഗ്രേറ്റ് ഈസ്റ്റേണാണ്. 1883 മുതൽ ഹോട്ടലും പരിസരവും രാത്രിയിൽ പ്രഭാപൂർണമായി. ഈ പ്രഭാപൂരം കാണാൻ രാത്രിയിൽ കൊളംബസ് സ്ട്രീറ്റിൽ ജനം കൂടി നിന്നിരുന്നു. അങ്ങു ഹൂഗ്ലി തീരം വരെ ഈ പ്രഭ കാഴ്ചയിൽ തെളിഞ്ഞിരുന്നത്രേ. ഹോട്ടലിന്റെ പേര് കടൽ കടന്നു സഞ്ചരിച്ചു. അങ്ങനെ, സൂയസ് കനാലിനു കിഴക്കുള്ള ഏറ്റവും നല്ല ഹോട്ടലെന്ന് ഇതിനെ വിശേഷിപ്പിച്ചത് അമേരിക്കൻ എഴുത്തുകാരനായ മാർക് ട്വെയ്‌നാണ്. കൊൽക്കത്തയിലെ ആദ്യ ട്രാം 1900 കളുടെ തുടക്കത്തിൽ ഈ ഹോട്ടലിനു മുന്നിലൂടെ മണിമുഴക്കി നീങ്ങിയിരുന്നത് അടക്കം, പിൽക്കാലത്തെ പല ആധുനികതകളിലും പഴയ രൂപത്തിൽനിന്നു മാറാതെ ഗ്രേറ്റ് ഈസ്റ്റേൺ തലയുയർത്തി നിന്നു.

∙ കിപ്ലിങ് മുതൽ ഗാന്ധി വരെ
‘സിറ്റി ഓഫ് ഡ്രെഡ് ഫുൾ നൈറ്റ്’ എന്ന ചെറുകഥയിൽ റുഡ്‌യാർഡ് കിപ്ലിങ് ഹോട്ടലിനെ പരാമർശിക്കുന്നുണ്ട്. ഗ്രേറ്റ് ഈസ്റ്റേൺ ഹോട്ടലിന്റെ അതിഥിപ്പട്ടികയിൽ സ്ഥിര സന്ദർശകനായ കിപ്ലിങിനു പുറമെ, മഹാത്മാ ഗാന്ധി, എലിസബത്ത് രാജ്ഞി, നികിത ക്രുഷ്ചേവ്, നിക്കോളായ് ബുൾഗാനിൻ, മാർക് ട്വെയ്‌ൻ, ഹോ ചിമിൻ തുടങ്ങിയ വലിയ പേരുകൾ. എഴുപതുകളിൽ ദേശീയവൽക്കരണത്തിനു ശേഷം 30 കൊല്ലം നടത്തി ‘നശിപ്പിച്ച’ ഹോട്ടൽ 2005 ൽ സർക്കാർ ലളിത് ഹോട്ടൽസിനു വിറ്റു. വർഷങ്ങൾ നീണ്ട പുനരുദ്ധാരണത്തിനു ശേഷം 2013 ൽ വീണ്ടും തുടങ്ങിയ ഹോട്ടലിൽ ഇപ്പോഴും പണികൾ തുടരുകയാണ്. പഴയ മുഖ്യ കവാടം അടങ്ങുന്ന കെട്ടിടത്തിലാണ് ഇപ്പോൾ പണികൾ. മൂന്നു ബ്ലോക്കുകളിലായി മൂന്നു കാലഘട്ടത്തെ ഹോട്ടൽ പ്രതിനിധാനം ചെയ്യുന്നു. വിക്ടോറിയൻ കാലം (ബ്ലോക്ക് ഒന്ന്, 1837-1901), എഡ്വേഡിയൻ കാലം (രണ്ട്, 1901-10), ആധുനിക കാലം (ന്യൂ ബ്ലോക്ക് -2006). ഇപ്പോഴത്തെ റിസപ്ഷനാണ് ഈ വിവിധ കാലഘട്ടങ്ങളെ കൂട്ടിയിണക്കുന്നത്.

∙ ഹോട്ടൽ മ്യൂസിയം
ഗ്രേറ്റ് ഈസ്റ്റേൺ ഒരു മ്യൂസിയം കൂടിയാണ്. മുഖ്യ ലോബിയിലെ പിയാനോയിൽ തുടങ്ങുന്നു കാഴ്ചകൾ. നടരാജൻ, ബുദ്ധൻ തുടങ്ങിയ ഓട്ടു വിഗ്രഹങ്ങളുടെ നിര കഴിഞ്ഞാൽ നിറപ്പകിട്ടാർന്ന മയിൽ പ്രതിമകൾ. പഴയ കാല ജഗുകൾ, ക്രോക്കറികൾ മുതൽ തേപ്പു പെട്ടികൾ വരെ കാഴ്ചവസ്തുക്കളായുണ്ട്. ഇക്കൂട്ടത്തിൽ എലിസബത്ത് രാജ്ഞി നൽകിയ ഒരു ട്രോഫിയുടെ മാതൃകയുമുണ്ട്. ഗസീബോ (ചെറു കൂരകള്‍ക്ക് താഴെയുള്ള ഇരിപ്പിടങ്ങൾ) നിറഞ്ഞ ആട്രിയം എന്ന രണ്ടാം ലോബിയിൽ സംഭാഷണത്തിൽ മതിമറന്നിരിക്കുന്നവർ. ശരിക്കും വിക്ടോറിയൻ കാലഘട്ടത്തിലേക്കു മടങ്ങിയതു പോലെ...

∙ എഡ്വേഡിയൻ കാലത്തേക്ക്
ബുക്കിങ് ലഭിച്ചത് എഡ്വേഡിയൻ ബ്ലോക്കിലാണ്. പഴയ കാലത്തെ പ്രതിനിധാനം ചെയ്യുന്ന വലിയ മുറി. ഫർണിച്ചറൊക്കെ പഴമയുടെ തനിമയിൽ. മിക്ക മുറികളിലും ആദ്യകാല ഫർണിച്ചർ. ചിലതൊക്കെ അതേ മാതൃകയിൽ പുനർനിർമിച്ചിരിക്കുന്നു. വിവിധ ബ്ലോക്കുകളിലെ മുറിവാടകയിൽ വ്യത്യാസമില്ല. വലിയ വിക്ടോറിയൻ, എഡ്വേഡിയൻ സ്വീറ്റ് റൂമുകൾക്ക് വാടക കൂടും. അവിടെയാണ് വിഐപികളും വലിയ വ്യവസായികളും തങ്ങാറ്. പഴമയൊഴിച്ചാൽ ശേഷമെല്ലാം സാധാരണ 5 സ്റ്റാർ ഹോട്ടൽ പോലെ തന്നെ. എന്നാൽ ജനാല കർട്ടൻ ഉയർത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ കാഴ്ചകൾ. ആൽമരം പടർന്നു കയറി തകർച്ചയുടെ വക്കിലെത്തിയ കെട്ടിടങ്ങളാണ് ചുറ്റും. എല്ലാം പ്രൗഢഗംഭീര വിക്ടോറിയൻ ശൈലിയിലുള്ളവ. ഇതിലൊക്കെ താമസമുണ്ടോ? സംശയമാണ്. ഇനിയുള്ള രണ്ടു രാവ് ഇവിടെയുറങ്ങാം...

∙ മിഷ്ടിദോയ്, ബുരാ പെഗ്
ലോകത്തെല്ലായിടത്തുനിന്നുമുള്ള ഭക്ഷണവൈവിധ്യം ലഭിക്കുന്ന റസ്റ്ററന്റുകളിൽ ആദ്യം പോയത് ആൽഫ്രസ്കോയിലാണ്. കാരണം, സൗജന്യ ബ്രേക് ഫാസ്റ്റ് അവിടെയാണ്. പൂളിന് അരികെ രണ്ടു ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന റസ്റ്ററന്റിൽ എല്ലാ 5 സ്റ്റാർ ഹോട്ടലുകളിലും ലഭിക്കുന്ന തരം വിഭവങ്ങൾ. ഇവിടെ പരീക്ഷിക്കേണ്ട ബംഗാളി വിഭവം മിഷ്ടിദോയ്. ടീ ലൗഞ്ച്, ലെഗസി ലോഞ്ച് എന്നിങ്ങനെ രണ്ടു റസ്റ്ററന്റുകൾ കൂടിയുണ്ട്. ടീ ലൗഞ്ച് പേരു സൂചിപ്പിക്കുന്നതു പോലെ പരമ്പരാഗത ബ്രിട്ടിഷ് ശൈലിയിലുള്ള ടീ, സ്നാക്ക് ബാറാണ്. ഇവിടുത്തെ പലതരം ബിസ്കറ്റുകളും ചായകളുമാണ് ശ്രദ്ധേയം.

∙ ബംഗാളി താലി മീൽസ്
വൈകിട്ട് 7 ന് തുറക്കുന്ന ലെഗസി ലോഞ്ചിൽ ബംഗാളി, നൈസാമി, ആഗ്ലോ ഇൻഡ്യൻ, ചൈനീസ് വിഭവങ്ങൾ പരീക്ഷിക്കണം. ഇവിടെനിന്ന് ഒരു പരമ്പരാഗത ബംഗാളി നോൺ വെജ് താലി മീൽ കഴിക്കാം. മത്സ്യം, ചിക്കൻ, മട്ടൻ, കബാബുകൾ, റോട്ടി, രണ്ടു ചെറിയ ബൗളുകളിൽ മധുരമുള്ളതും അല്ലാത്തതുമായ ചോറ്, ധാരാളം ബംഗാളി സ്വീറ്റ്സ് എന്നിവയാണ് താലീ മീൽ. രണ്ടു പേർക്ക് ധാരാളം. സ്ഥാപകന്റെ പേരു നിലനിർത്തുന്ന വിൽസൺസ് പബ് എന്ന നല്ലൊരു ബാറുമുണ്ട്. കിപ്ലിങ്ങിന്റെ കഥയിൽ വിശേഷിപ്പിക്കുന്ന ‘ബുരാ പെഗ്’ എന്ന ലാർജ് വിസ്കി ഇവിടെനിന്നു കഴിച്ച് നൂറ്റാണ്ടുകൾ പിന്നോട്ടു പായാം. തലമുറകളായി ലഭിക്കുന്ന ഇംഗ്ലിഷ് പേസ്ട്രികളുടെ സ്വാദറിയണമെങ്കിൽ ദ് ബേക്കറിയിലാണ് പോകേണ്ടത്. ഹോട്ടലിനും മുൻപേ ആരംഭിച്ച ഈ ബേക്കറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പഴയ ബോർമകളും ഉപകരണങ്ങളും കണ്ടുകൊണ്ട് ചരിത്രത്തിനായൊരു മധുരം നുണഞ്ഞ് വിടവാങ്ങി.