12ലക്ഷം മുടക്കിയ ചിത്രം; ഷക്കീല എന്ന താരത്തിനാൽ തിരിച്ചു പിടിച്ചത് 4 കോടി: എന്താണ് അവരുടെ തെറ്റ്?
Mail This Article
പണ്ട് സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് നാട്ടിലൊരു തിയറ്ററുണ്ടായിരുന്നു– വേണുഗോപാൽ. ഹൈവേയുടെ ഒരു വശത്താണ്, അവിടെ വരുന്ന സിനിമകളാവട്ടെ, ‘എ’ ബോർഡുകൾ മാത്രം തൂങ്ങുന്നവയും. വേണുഗോപാല്‍ തിയറ്ററിന്റെ ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രം ഒരുപക്ഷേ ഷക്കീലയുടെതായിരിക്കണം; കൂടുതലോടിയ ചിത്രം കിന്നാരത്തുമ്പിയും. റോഡ് സൈഡ് ആയതിനാല്‍ത്തന്നെ പലരും ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നത് റോഡിലേക്കു മുഖംതിരിക്കാതെ മാത്രമായിരുന്നു എന്നോര്‍മയുണ്ട്. ഇന്നിപ്പോള്‍ ‘എ’ സര്‍ട്ടിഫിക്കറ്റ്
കിട്ടുന്ന സിനിമകളുടെ രീതികള്‍ മാറിയിരിക്കുന്നു. എല്ലാത്തരം ചിത്രങ്ങളും ജനപ്രിയം എന്ന ലേബലിൽ സ്ത്രീകളുള്‍പ്പെടെ കാണുന്ന തരത്തിലേക്കു മാറ്റപ്പെട്ടിരിക്കുന്നു. കിന്നാരത്തുമ്പി പോലെയുള്ള ചിത്രങ്ങള്‍ ഇറങ്ങുന്നില്ലെങ്കിലും അത്തരം കണ്ടന്റുമായി ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകള്‍ മലയാളത്തിലും എത്തിയിരിക്കുന്നു. ആ കാലത്താണ് ഷക്കീലയെ പോലെയൊരു സ്ത്രീക്ക് പൊതുമധ്യത്തില്‍ അപമാനിതയായും അവഗണിക്കപ്പെട്ടവളായും നില്‍ക്കേണ്ടി വരുന്നത്.
‘‘ഇരുപതു വര്‍ഷത്തിനു ശേഷവും ഇവിടെയൊന്നും മാറിയിട്ടില്ല. ഇത്രയും വര്‍ഷത്തിനു ശേഷം വരുമ്പോള്‍ ഹൃദ്യമായ ഒരു സ്വീകരണമാണ് പ്രതീക്ഷിച്ചത്. പക്ഷേ അത് കിട്ടിയില്ല, അതില്‍ വേദനയുണ്ട്’’ –ഷക്കീല താന്‍ നേരിട്ട അപമാനത്തില്‍ ഇങ്ങനെ പ്രതികരിക്കുമ്പോള്‍ അതില്‍ മലയാളികള്‍ ലജ്ജിക്കുക തന്നെ വേണം. ഒരു മലയാള സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു കോഴിക്കോട്ടെ പ്രശസ്തമായ മാളില്‍ എത്തിയതായിരുന്നു ഷക്കീല. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞു ഷക്കീലയെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ മാള്‍ അധികൃതര്‍ അനുവദിച്ചില്ല. എന്താണ് ഇത്ര വലിയ സുരക്ഷാ കാരണങ്ങള്‍ എന്നാണു മലയാളികൾ മാള്‍ അധികൃതരോടു ചോദിക്കുന്നത് .
പരസ്യമായി തള്ളിപ്പറയുകയും രഹസ്യമായി ഇരുട്ടില്‍ ആസ്വദിക്കുകയും ചെയ്യുന്ന ഒന്നാണ് പല മലയാളികൾക്കും രതി. എത്ര മനോഹരമാണ് അതെന്നു സമ്മതിക്കുമ്പോഴും പരസ്യമായി സ്വന്തം ഭാര്യയെ പോലും ചേര്‍ത്തു പിടിക്കാന്‍ പലർക്കും നാണക്കേടാണ്. രതി എന്നത് ഏറ്റവും രഹസ്യമായി ഒളിപ്പിച്ചു വയ്ക്കേണ്ടതും സംസാരിക്കാനേ പാടില്ലാത്തതും ആണെന്ന തോന്നലില്‍, ഷക്കീല എന്ന സ്ത്രീ അത്തരക്കാരുടെ രാത്രികളെയും ഏകാന്തതയെയും ഉന്മാദിപ്പിച്ച ഒരുവള്‍ മാത്രമായി തീരുന്നു. എന്നാല്‍ എന്താണ് ശരിക്കും ഷക്കീല? മലയാളികള്‍ അവരെ അറിഞ്ഞത് ഇക്കിളിപ്പടങ്ങളില്‍ ശരീരം കാട്ടി ഒരു പറ്റം പുരുഷന്മാരെ ഇളക്കുകയും ചില സ്ത്രീകളെ അസൂയപ്പെടുത്തുകയും മാത്രം ചെയ്ത വെറും ഒരു ശരീരം മാത്രമായിട്ടായിരിക്കണം. ആ കാലത്തു തന്നെ അതിന്റെ പേരില്‍ നിരന്തരം അപമാനങ്ങളും ആക്ഷേപങ്ങളും സദാചാര സമൂഹത്തില്‍നിന്ന് അവര്‍ ഏറ്റുവാങ്ങിയിട്ടുമുണ്ട്. ചെയ്തതില്‍ കുറ്റബോധമില്ലെങ്കിലും അന്നത്തെ ചെറുപ്രായത്തില്‍ അത്തരം സിനിമകളില്‍ അഭിനയിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പലതവണ അവര്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് അഭിനയത്തില്‍നിന്ന് തന്നെ മാറി തമിഴ്നാട്ടില്‍ ഒരു സ്ത്രീ എന്ന നിലയില്‍ അഭിമാനിക്കേണ്ട എത്രയോ വലിയ കര്‍മപരിപാടികള്‍ ചെയ്തു ജീവിക്കുകയായിരുന്നു അവര്‍ കാലങ്ങളോളം !
ഷക്കീല എന്നത് ഒരു അടയാളമാണ്. സദാചാര ബോധം പരസ്യമായി മാത്രം പേറുകയും രാത്രികളില്‍ നഗ്നരാക്കപ്പെടുകയും ചെയ്യുന്ന മനുഷ്യന്റെ അടയാളം. സെക്സ് സിംബല്‍ മാത്രമായി കുറിക്കപ്പെടേണ്ട ഒരാള്‍ മാത്രമല്ല ഷക്കീല. സാമൂഹിക പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൂടാതെ ഒരുപറ്റം ട്രാന്‍സ്ജെൻഡര്‍ മനുഷ്യരുടെ ആശ്രയം കൂടിയാണ് ഇപ്പോഴും അവര്‍. സമൂഹത്താല്‍ ഉപേക്ഷിക്കപ്പെടുന്ന മനുഷ്യര്‍ക്കു താങ്ങാവുക എന്നതിനേക്കാള്‍ മറ്റെന്താണ് വലുതായുള്ളത്? വെറും പന്ത്രണ്ടു ലക്ഷം രൂപ മുടക്കി തയ്യാറാക്കിയ അവരുടെ കിന്നാരത്തുമ്പി എന്ന ചിത്രം തിരിച്ചു പിടിച്ചത് നാലു കോടിയോളം രൂപയാണ്. അതിനർഥം രഹസ്യമായി അവരെ കാണാൻ ആളുകൾക്ക് ഇഷ്ടമായിരുന്നു എന്നുതന്നെയാണ്. എന്നാൽ പരസ്യമായി, അതും വർഷങ്ങൾക്കു ശേഷം ആ സ്ത്രീ നാലു പേർ കൂടുന്ന ഒരിടത്ത് വന്നാൽ അതിലെന്താണ് സ്വൈര്യക്കേട്? അനിയന്ത്രിതമായ ആൾത്തിരക്കും സുരക്ഷയുമാണ് പ്രശ്‌നമെങ്കിൽ, ഇതിനു പകരം മോഹൻലാലോ മമ്മൂട്ടിയോ ആയിരുന്നുവെങ്കിൽ മാൾ അധികൃതർ എന്ത് നിലപാടാണ് എടുക്കുക എന്നറിയാൻ താൽപര്യമുണ്ട്. മനുഷ്യനാവുക എന്നതാണ് എല്ലായ്പ്പോഴും പ്രധാനം. അത് കഴിഞ്ഞു മാത്രമാണ് ഒരാൾ അയാളുടെ ജോലിയുടെ പേരിൽ മാറ്റി നിർത്തപ്പെടുകയോ ചേർത്തു പിടിക്കപ്പെടുകയോ ചെയ്യേണ്ടത്. അങ്ങനെ നോക്കിയാൽ മറ്റാരെക്കാളും മനുഷ്യനാക്കപ്പെട്ട ഒരു വ്യക്തിയാണ് ഷക്കീല. അവരുടെ ആത്മകഥയിൽ ഇത്തരം വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ അവർ സംസാരിക്കുകയുണ്ടായിട്ടുണ്ട്. ഏറ്റവും നിശബ്ദമായല്ല, അവഗണിക്കപ്പെട്ടവർക്കു വേണ്ടി സംസാരിക്കുകയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്.
വർഷങ്ങൾക്കു ശേഷം വരുമ്പോൾ അവരെപ്പോലെയൊരു സ്ത്രീ ഇങ്ങനെ ആയിരുന്നില്ല സ്വീകരിക്കപ്പെടേണ്ടിയിരുന്നത്! മലയാളിയും ചിന്തകളും ഒരുപാട് മാറിയിട്ടുണ്ട്. വളരെ ലിബറൽ ആയി ആളുകൾ സ്വീകരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു, അവരെ കേൾക്കുകയും അനുഭാവപൂർവ്വം പരിഗണിക്കപ്പെടുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. എന്നിട്ടും ചിലർക്കു മാത്രം നേരം വെളുക്കാത്തത് അവരുടെ ബോധം നൂറ്റാണ്ടുകൾ കടന്നു സഞ്ചരിച്ചു തുടങ്ങിയിട്ടില്ലാത്തതുകൊണ്ടു മാത്രമായിരിക്കണം. ഇപ്പോഴും ഷക്കീല എന്നാൽ ശരീരം മാത്രമായി കാണുന്നതിന്റെ ബോധമില്ലായ്മയായി മാത്രം അതിനെ കാണാം. മറ്റെന്തിനേക്കാളും പ്രധാനം ഒരിക്കൽ ത്രസിപ്പിച്ച പല മനുഷ്യരുടെയും മുന്നിൽ അപമാനിതയായി, അവഗണിക്കപ്പെട്ടവളായി മുറിവേറ്റു നിൽക്കേണ്ടി വന്ന അവരുടെ മനസ്സാണ്. മനുഷ്യനെ മനുഷ്യനായി കാണാനും അനുഭവിക്കാനും ബഹുമാനിക്കാനും പഠിക്കുമ്പോൾ ഇതൊക്കെ ഇല്ലാതായി പോകേണ്ടതാണ്. ഇനിയും നേരം വെളുക്കാത്ത ചിലർക്ക് അത് ഏതു കാലത്ത് സംഭവിക്കുമെന്നത് ഇപ്പോഴും അജ്ഞാതമാണ്.
English Summary: Work And Life Story Of Shakeela