ഈ സ്ത്രീകൾ ചോദിക്കും: ഓഫ് റോഡ് റൈഡിങ്ങൊക്കെ ഈസിയല്ലേ?
Mail This Article
കണ്ണൂർ ∙ റൈഡിങ്ങും ഓഫ് റോഡും സ്റ്റൻഡിങ്ങുമൊക്കെ ഈസിയാണെന്നു പറയുകയാണു കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം പെണ്ണുങ്ങൾ. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ പ്രവർത്തിക്കുന്ന സിആർഎഫ് വുമൺ ഓൺ വീൽസ് എന്ന വനിതാ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വേറിട്ടതാവുകയാണ്. കേരളത്തിൽ നിന്നുള്ള 200 സ്ത്രീകളാണു കൂട്ടായ്മയ്ക്കുള്ളത്. കേരളത്തിനു പുറമേ, 5 സംസ്ഥാനങ്ങളിലും സിആർഎഫ് വുമൺ ഓൺ വീൽസ് പ്രവർത്തിക്കുന്നുണ്ട്. എല്ലായിടത്തുമായി 400 അംഗങ്ങളുമുണ്ട്.
2013ൽ കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച കാലിക്കറ്റ് റൈഡേഴ്സ് ഫാമിലിയിൽ നിന്നാണു വുമൺ ഓൺ വീൽസിന്റെ തുടക്കം. ഫെയ്സ്ബുക് കൂട്ടായ്മ ക്ലബ്ബായി മാറിയപ്പോൾ ചില വനിതകൾ റൈഡിങ് താൽപര്യവുമായി മുൻപോട്ട് എത്തുകയായിരുന്നു. പെൺകുട്ടികൾക്കു മാത്രമായി റൈഡിങ് ഉണ്ടോയെന്ന അന്വേഷണമെത്തിയതോടെ സിആർഎഫ് വുമൺ ഓൺ വീൽസ് ആരംഭിച്ചു. എങ്കിലും തുടക്കകാലത്ത് പത്തിൽ താഴെ സ്ത്രീകൾ മാത്രമാണു കൂട്ടായ്മയുടെ ഭാഗമായതെന്നു സ്ഥാപകൻ ഫായിസ് പറയുന്നു.
ആദ്യകാലത്തൊക്കെ റൈഡിങ് ചെയ്യുന്നവരെ കണ്ടെത്തി കൂട്ടായ്മയുടെ ഭാഗമാക്കുകയായിരുന്നു. ചിലർ മുന്നോട്ടു വന്നു. താൽപര്യമില്ലെന്നു പറഞ്ഞു ചിലർ മുഖം തിരിച്ചു. പിൻകാലത്ത് റൈഡിങ്ങിനായി ഇവർ സ്വയം അന്വേഷിച്ചെത്തുകയും ചെയ്തെന്നു ഭാരവാഹികൾ പറയുന്നു. രക്തദാനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ഇത്തവണ വനിതാ ദിനത്തിൽ ഗോവയിലേക്കൊരു ട്രിപ്പ് പോയിരിക്കുകയാണു കേരളത്തിൽ നിന്നുള്ള സംഘം. ബൈക്കിലായിരുന്നു യാത്ര. കേരളത്തിൽ നിന്നുള്ള 16 പേരെയും കർണാടകയിൽ നിന്നുള്ള ഒരാളെയും സ്വീകരിച്ചത് ഗോവയിൽ കൂട്ടായ്മയുടെ ഭാഗമായ 18 പെണ്ണുങ്ങളാണ്. 19 മുതൽ 35 വയസ്സു വരെ പ്രായമുള്ളവരാണു ഗോവയിലേക്കുള്ള യാത്രയിൽ പങ്കെടുത്തത്.