ADVERTISEMENT

മാറിടം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട സ്ത്രീകള്‍ക്ക് പതിറ്റാണ്ടുകളോളം നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ വിജയം. മനുഷ്യരില്‍ ഉപയോഗപ്രദമല്ലാത്ത, അനാരോഗ്യ വസ്തുക്കള്‍ക്കൊണ്ടാണു മാറിടം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതെന്നു തെളിഞ്ഞതിനെത്തുടര്‍ന്നാണ് ഫ്രാന്‍സിലെ അപ്പീല്‍ കോടതി കേസില്‍ ഇരകള്‍ക്ക് അനുകൂലമായി വിധി പറഞ്ഞത്. ഉത്തരവ് പ്രകാരം 2500ല്‍ അധികം സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നു കണക്കാക്കപ്പെടുന്നു.

ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചു

ശസ്ത്രക്രിയ നടത്താന്‍ ഉപയോഗിച്ച വസ്തുക്കള്‍ക്ക് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ജര്‍മന്‍ കമ്പനി ടിയുവി റെയ്ന്‍ലാന്‍ഡിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായും കോടതി കണ്ടെത്തി. കോടതി പരിഗണിച്ച കേസില്‍ 540 സ്ത്രീകള്‍, വര്‍ഷങ്ങള്‍ക്കു ശേഷവും തങ്ങള്‍ അനുഭവിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി തെളിവു നല്‍കാന്‍ എത്തിയിരുന്നു.

2001 നും 2010 നും ഇടയിലാണ് ഫ്രഞ്ച് കമ്പനി ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് ശസ്ത്രക്രിയയ്ക്കു വേണ്ട വസ്തുക്കള്‍ ഉല്‍പാദിപ്പിച്ചത്. 2010 ല്‍ കമ്പനി ഇല്ലാതായി. കമ്പനി സ്ഥാപിച്ച വ്യക്തിക്ക് ജയില്‍ ശിക്ഷയും ലഭിച്ചു. ലോക വ്യാപകമായി 4 ലക്ഷം സ്ത്രീകള്‍ ഈ കമ്പനി നിര്‍മിച്ച വസ്തുക്കളുടെ ദോഷഫലങ്ങള്‍ അനുഭവിക്കുന്നതായാണു കണക്ക്. ബ്രിട്ടനിലും ജര്‍മനിയിലുമുള്ളവര്‍ക്കും പുറമെ കൊളംബിയ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുള്ള സ്തീകളും ശസ്ത്രക്രിയ നടത്തുകയും ഇപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്.

കാന്‍സർ രോഗം തന്നതിനേക്കാൾ വിഷമം

കാന്‍സര്‍ ഗുരുതരമായതിനെത്തുടര്‍ന്ന് മാറിടം നീക്കേണ്ടിവന്ന ജാന്‍ സ്പിവേ എന്ന സ്ത്രീ ഈ ശസ്ത്രക്രിയ നടത്തിയിരുന്നു. സന്ധികളില്‍ കടുത്ത വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ജാന്‍ പരിശോധനയ്ക്കു വിധേയയായത്. ഗുണനിലവാരമില്ലാത്ത സിലിക്കോണ്‍ ഉപയോഗിച്ചാണു ശസ്ത്രക്രിയ നടത്തിയതെന്നു കണ്ടെത്തി. കൂടാതെ സിലിക്കോണ്‍ ശരീരത്തില്‍ പ്രവേശിച്ചെന്നും കണ്ടെത്തുകയുണ്ടായി. 20 വര്‍ഷം മുന്‍പാണ് ജാനിന് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ഓരോ ദിവസവും താന്‍ ബുദ്ധിമുട്ട് സഹിക്കുകയാണെന്നും അവര്‍ പറയുന്നു. സ്വയം ശപിക്കാത്ത ഒരു ദിവസവും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ വേദനയോടെ പറയുന്നു.

jan-spivey
ജാന്‍ സ്പിവേ വിധി അറിഞ്ഞ സന്തോഷത്തിൽ

ശസ്ത്രക്രിയ നടത്തിയത് മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ജാന്‍ പറയുന്നത് കോടതി വിധി തങ്ങളുടെ വിജയമാണെന്നാണ്. തങ്ങള്‍ ആവേശഭരിതരാണെന്നും ആരോഗ്യ പ്രശ്നങ്ങള്‍ക്കു പുറമെ വര്‍ഷങ്ങളായി തങ്ങള്‍ കോടതി മുറികള്‍ കയറിയിറങ്ങുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. രോഗികളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം എത്രമാത്രം ബുദ്ധിമുട്ടുള്ളതാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.

നിക്കോള മേസന്‍ എന്ന സ്ത്രീയും കോടതി വിധി വലിയ വിജയമാണെന്ന് അവകാശപ്പെട്ടു. ഗര്‍ഭിണിയായ ശേഷമാണു ശസ്ത്രക്രിയ തന്റെ ശരീരത്തോട് ചെയ്ത ദ്രോഹം അവര്‍ മനസ്സിലാക്കുന്നത്. വര്‍ഷങ്ങളായി താന്‍ ദുരിതക്കിടക്കയിലാണെന്നും അവര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com