ഐശ്വല്യലബ്ധിക്കായി ആൽമരത്തെ ഇങ്ങനെ പ്രദക്ഷിണം വച്ചോളൂ
Mail This Article
ഹൈന്ദവ വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യം നിറഞ്ഞ വൃക്ഷമാണ് ആൽമരം . ഒരു വൃക്ഷത്തിന് എന്തിനാണ് ഇത്ര പ്രാധാന്യം നൽകുന്നതെന്ന് സംശയം തോന്നാമെങ്കിലും ഇതിനു പിന്നിൽ ഒരു കാരണമുണ്ട്. ത്രിമൂർത്തീ സാന്നിധ്യം നിറഞ്ഞ വൃക്ഷമാണ് ആൽമരം. വൃക്ഷ ചുവട്ടിൽ ബ്രഹ്‌മാവും മധ്യത്തിൽ വിഷ്ണുവും മുകളിൽ ശിവനും വസിക്കുന്നു എന്നാണ് സങ്കൽപ്പം. കൂടാതെ ഓരോ ആൽമരച്ചോട്ടിലും ഗണപതി ഭഗവൻകുടികൊള്ളുന്നുവെന്നും വിശ്വാസമുണ്ട് . ആരോഗ്യപരമായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓക്‌സൈഡിനെ വലിയ തോതിൽ വലിച്ചെടുക്കുകയും ഓക്‌സിജനെ ധാരാളം പുറത്തു വിടുകയും ചെയ്യുന്ന പ്രകൃതിയുടെ 'എയർ കൂളർ' ആണ് ഈ വൃക്ഷം.
ഇത്രയധികം സവിശേഷതകൾ നിറഞ്ഞ ആൽമരത്തെ പ്രദക്ഷിണം വയ്ക്കുന്നതിലൂടെ സർവൈശ്വര്യ ലബ്ധി , ത്രിമൂർത്തീ അനുഗ്രഹം , ശനി ദോഷ ശാന്തി , ദാമ്പത്യ ഭദ്രത എന്നിവയാണ് ഫലം. കുറഞ്ഞത് 7 തവണ പ്രദക്ഷിണം വയ്ക്കുന്നതാണ് ഉത്തമം . 21 തവണ പ്രദക്ഷിണം വയ്ക്കുന്നത് ആഗ്രഹപൂർത്തീകരണത്തിന് ഉത്തമമത്രേ. ആൽമരപ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ജപിക്കുന്നത് അതീവ ഗുണകരമാണ്.
"മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണു രൂപിണേ
അഗ്രതോ ശിവ രൂപായ
വൃക്ഷ രാജായതേ നമോ നമഃ"
സാധാരണയായി പ്രഭാതത്തിലാണ് ആൽമരപ്രദക്ഷിണം നടത്തുക, ഉച്ചക്ക് ശേഷം പ്രദക്ഷിണം പതിവില്ല . ശനിദശാകാലം, കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ശനി അനുകൂലമല്ലാത്ത കാലയളവിൽ ശനിയാഴ്ച തോറും പ്രദക്ഷിണം വയ്ക്കുന്നത് ദോഷപരിഹാരമാണ് . എല്ലാമാസത്തിലെയും അമാവാസി ദിനങ്ങളിലെ ആൽമര പ്രദക്ഷിണം അതീവ ഫലദായകമാണ്.