കുട്ടികളെ എടുത്തു കൊണ്ട് തൂക്കം വഴിപാട് നടത്തുന്ന ക്ഷേത്രം
Mail This Article
തെക്കൻ കേരളത്തിൽ ചരിത്ര പ്രസിദ്ധമായ തൂക്ക വഴിപാട് നടക്കുന്ന ക്ഷേത്രമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഭദ്രകാളി ക്ഷേത്രമായ പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ദേവീ ക്ഷേത്രം. ഇവിടെ തൂക്ക വഴിപാടിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മാർച്ച് 1, 2 തീയതികളിലാണ് നര ബലിയുടെ ഓർമ ഉണർത്തുന്ന തൂക്ക വഴിപാട് നടക്കുന്നത്. അടൂരിൽ നിന്ന് 6 കി.മീ അകലെ പത്തനംതിട്ട റോഡരികിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തൂക്ക വഴിപാട്
സന്താന ലബ്ദിക്കായി ഏഴംകുളം ക്ഷേത്രത്തിൽ നടത്തുന്ന പ്രധാന വഴിപാടാണ് നേർച്ച തൂക്കം. ഇതൊരു ബലി സമർപ്പണമാണ്. പുരാതന കാലത്തെ നര ബലിയെയും കാളി–ദാരിക സംഘടനത്തെയും ഓർമിക്കുന്നു. കുട്ടികളെ എടുത്തു കൊണ്ടുള്ള തൂക്കം ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ആൺകുട്ടികളെ മാത്രമെ എടുത്തു തൂങ്ങാറുള്ളൂ.
തൂക്കവില്ല്
തടിയിൽ തീർഥ ഒരു രഥമാണ് തൂക്ക വില്ല്. ഉയർത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന നീണ്ട തൂക്കച്ചട്ടം, വലിയ നാലു രഥചക്രങ്ങൾ എന്നിവയുമുണ്ട്.
തൂക്കവില്ലിലേറുന്നവർ
ഏഴംകുളം ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട പത്തു കരകളിൽ താമസിക്കുന്നവർക്ക് മാത്രമെ തൂക്കവില്ലിലേറാൻ അനുവാദമുള്ളൂ.
തൂക്കക്കാരുടെ വേഷം
തൂക്കക്കാരുടെ വേഷത്തിനു തൂക്കച്ചമയം എന്നാണ് പറയുക. ചുവന്ന പട്ട് ഞൊറിഞ്ഞുടുത്ത് മുഖത്ത് അരിമാവു കൊണ്ട് ചുട്ടികുത്തി ചന്ദനക്കുറിയണിയും. പിന്നീട് പച്ചത്തുണിയിൽ ചുട്ടിത്തോർത്തു പിരിച്ചുണ്ടാക്കിയ തലപ്പാവ് അണിഞ്ഞ് ചുവന്ന പട്ടു കൊണ്ടുള്ള ഉടുത്തു കെട്ടിനു മുകളിൽ നേര്യത് ഞൊറിഞ്ഞുണ്ടാക്കിയ കച്ചവാലും കച്ചപ്പുറവും അരയിൽ മുറുക്കി സ്വർണാഭരണങ്ങൾ അണിഞ്ഞുള്ളതാണ് വേഷം.
തൂക്കവഴിപാട് ഇങ്ങനെ
കുംഭ മാസത്തിലെ ഭരണി നാളിലെ കെട്ടുകാഴ്ച കഴിഞ്ഞ് കാർത്തിക നാളിൽ രാവിലെ 6 മുതലാണ് തൂക്ക വഴിപാട് ക്ഷേത്രത്തിൽ ആരംഭിക്കുന്നത്. ആദ്യമായി തൂക്കവില്ലിലേറുന്നവർ മകര ഭരണി നാളു മുതലും മുൻപ് തുക്കവില്ലിലേറിയവർ ശിവരാത്രി ദിനം മുതലും വ്രതം അനുഷ്ഠിച്ച് തൂക്കാശാൻമാരുടെ കീഴിൽ പയറ്റുമുറകൾ അഭ്യസിക്കണം. ഗണപതിപ്പയറ്റും ക്ഷേത്രത്തിനു വലം വയ്ക്കുമ്പോഴുള്ള ഒറ്റയിലെ പയറ്റും അഭ്യസിച്ച ശേഷം കുംഭ മാസത്തിലെ രേവതി നാളിൽ തൂക്കക്കാർ മണ്ണടി കാമ്പിത്താൻ കടവിൽ പോയി കുളി കഴിഞ്ഞ് മണ്ണടി ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി രക്ഷയണിഞ്ഞ് തിരികെ ഏഴംകുളം ദേവീ ക്ഷേത്രത്തിൽ എത്തും. ഇതിനു പിന്നിലെ ഐതീഹ്യം തൂക്കവില്ല് വലിക്കുന്നതിനു വേണ്ടി ആനയടവി എന്ന ശക്തിസ്വരൂപനെ കൂട്ടി കൊണ്ടു പോരുക എന്നതാണ്.
കാർത്തിക നാളിൽ പുലർച്ചെ തൂക്കക്കാർ എല്ലാവരും ക്ഷേത്രത്തിൽ എത്തി തൂക്കച്ചമയങ്ങൾ അണിഞ്ഞ് ക്ഷേത്രം ദർശനം നടത്തി മേൽശാന്തി നൽകുന്ന കളഭം അണിഞ്ഞ് ക്ഷേത്രത്തിൽ തയാറാക്കിയ തൂക്കവില്ലിനടുത്തേക്ക് എത്തും. തൂക്കാശാന് ദക്ഷിണ നൽകി വാളമ്പും വില്ലുമേറ്റു വാങ്ങി കഴിഞ്ഞ് തൂക്കക്കാരുടെ മുതുകിൽ ചൂണ്ട കൊരുത്ത് താങ്ങുമുണ്ടിൽ വില്ലോടു ചേർത്തു ബന്ധിക്കും. ഈ സമയം തപ്പുതാള മേളങ്ങൾ, വായ്ക്കുരവകൾ മുഴങ്ങുന്നതോടെ തൂക്കുവില്ലുയരും. ഈ സമയം തൂക്കക്കാർ വില്ലിൽ കിടന്ന് തപ്പുതാള മേളങ്ങൾക്കനുസരിച്ച് പയറ്റുമുറകൾ കാട്ടി അന്തരീക്ഷത്തിൽ നൃത്തം വയ്ക്കും.
വഴിപാടുകാരും ബന്ധപ്പെട്ട കരക്കാരും ചേർന്ന് തൂക്കവില്ല് ക്ഷേത്രത്തിനു ചുറ്റിനും വലിച്ച് ഒരു വലം വച്ച് തിരുനടയുടെ മുൻപിൽ എത്തിച്ച് തൂക്കവില്ല് താഴ്ത്തും. അപ്പോൾ തൂക്കക്കാർ തൂക്കവില്ലിൽ നിന്നിറങ്ങി ക്ഷേത്രത്തിനു ചുറ്റും ഒരു വട്ടം കൂടി നടന്ന് പയറ്റുമുറകൾ കാട്ടി കഴിയുന്നതോടെയാണ് തൂക്ക വഴിപാട് പൂർത്തിയാകുന്നത്.
കന്നി തൂക്കക്കാർ ജനുവരി 30നു മുൻപ് റജിസ്റ്റർ ചെയ്യണം
ഏഴംകുളം ദേവീ ക്ഷേത്രത്തിൽ തൂക്കവില്ലിലേറാനുളള കന്നി തൂക്കക്കാർ ജനുവരി 30ന് മുൻപ് ക്ഷേത്രത്തിൽ 100 രൂപ അടച്ച് റജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം ക്ഷേത്രവുമായി ബന്ധപ്പെട്ട 10 കരകളിൽ ജനിച്ചു വളർന്നവരാണെന്ന സത്യവാങ്ങ് മൂലം ദേവസ്വം ഓഫിസിൽ നൽകുകയും വേണം.
English Summery : Thookam Vazhipadu in Ezhamkulam Devi Temple