ഇഷ്ടകാര്യസിദ്ധിക്കായി ദേവിക്ക് വെറ്റില പറത്തുന്ന അപൂർവക്ഷേത്രം
Mail This Article
മൂലസ്ഥാനത്തു 'വെറ്റില പറത്തൽ' എന്ന വിശേഷ ആചാരമുള്ള ഭാരതത്തിലെ ഏക ക്ഷേത്രമെന്ന ഖ്യാതിയുള്ളയിടമാണ് കുറക്കാവ് ദേവി ക്ഷേത്രം. ഇവിടെ ശ്രീപരമേശ്വരൻ "കിരാതമൂർത്തിയായും" ആദിപരാശക്തിയായ ശ്രീഭദ്രകാളി "കുറക്കാവിൽ അമ്മയായും" ആരാധിക്കപ്പെടുന്നു. 'കാര്യസിദ്ധി പൂജയും , 'വെറ്റിലപറത്തല്‍ ' വഴിപാടുകളും കൊണ്ട് ഏറെ വിശിഷ്ടമാണ് കുറക്കാവില്‍ ദേവിക്ഷേത്രം. ആലപ്പുഴ ജില്ലയുടെ തെക്ക് കൃഷ്ണപുരം എന്ന സ്ഥലത്തെ കാപ്പിൽ ഗ്രാമത്തിലാണ് കുറക്കാവ് ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പന്തളം രാജ്യവും പിന്നീട് കായംകുളം രാജ്യവും ഉള്ളപ്പോള്‍ തന്നെ ക്ഷേത്രത്തില്‍ പൂജകള്‍ നടന്നിരുന്നു എന്നാണ് ചരിത്രം. യോഗീശ്വരനായ ഒരു ബ്രാഹ്മണന്റെ പൂജാദേവതയായിരുന്ന സൗമ്യരൂപത്തിലുള്ള ഭദ്രകാളി പ്രതിഷ്ഠയായിരുന്നു പണ്ട്. കാലാന്തരത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതെ ക്ഷേത്രത്തില്‍ പൂജകള്‍ മുടങ്ങി എന്നും പിന്നീട് ക്ഷേത്രപുന:രുദ്ധാരണത്തിനു ശേഷം ഇവിടെ പൂജാദികര്‍മ്മങ്ങള്‍ മുടങ്ങാതെ നടക്കാന്‍ തുടങ്ങി എന്നുമാണ് വിശ്വാസം.
ഗിരിദേവതാ ബന്ധത്തോടു കൂടിയ ശ്രീപരമശിവനെ കിരാതമൂര്‍ത്തി ഭാവത്തിലും സൗമ്യസ്വരൂപയായ ശ്രീഭദ്രകാളിയേയും തുല്യ പ്രാധാന്യത്തോടു കൂടി ഇവിടെ ആരാധിക്കുന്നു. ശ്രീഭദ്രകാളി കിഴക്കോട്ട് ദര്‍ശനമായും കിരാതമൂര്‍ത്തി പടിഞ്ഞാറോട്ട് ദര്‍ശനമായുമുള്ള ഇവിടെ ഗണപതി, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരന്‍, അഖില സര്‍പ്പങ്ങള്‍ എന്നിവരും ഇവിടെ കുടികൊള്ളുന്നു. മൂലസ്ഥാനമായ ഗിരിദേവത ആസ്ഥാനത്താണ് (കുറക്കാവില്‍) വെറ്റിലപറത്ത് എന്ന പ്രധാന വഴിപാടുള്ളത്.ക്ഷേത്രത്തിനു സമീപം വെറ്റില ലഭിക്കുന്ന അനേകം കടകളുണ്ട്. ഇവടെ നിന്നും വാങ്ങുന്ന വെറ്റില ഭക്തര്‍ തലയ്ക്കുഴിഞ്ഞു കാവിലേക്ക് ആഗ്രഹം പറഞ്ഞു പറത്തുകയാണ് ചെയ്യുന്നത്. പതിനൊന്നു മുതല്‍ എത്ര വെറ്റില വേണമെങ്കിലും ഭക്തര്‍ക്ക് പറത്താം.
വെറ്റിലപറത്തല്‍ വഴിപാടു പോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു സവിശേഷചടങ്ങാണ് ക്ഷേത്രത്തില്‍ എല്ലാ മലയാള മാസവും രണ്ടാമത്തെയും അവസാനത്തെയും ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ 11 മണി വരെ നടത്തപെടുന്ന കാര്യസിദ്ധി പൂജ. 21 ഞായറാഴ്ചകളിൽ കാര്യസിദ്ധി പൂജയിൽ പങ്കുകൊണ്ടാൽ ഉദ്ദിഷ്‌ടകാര്യസിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. അത് ശരി വെയ്ക്കുന്ന വണ്ണം ഓരോ തവണയും ഇവിടെ കാര്യസിദ്ധി പൂജയ്ക്ക് എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്യുന്നു. കാര്യസിദ്ധി പൂജയ്ക്കായി ക്ഷേത്രത്തിനു സമീപനം വലിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു തൂശനില, ഒരു പിടി പൂവ്, രണ്ടിതള്‍ വേപ്പില, ഒരു നാണയം, കര്‍പ്പൂരം തുടങ്ങിയ പൂജാസാമഗ്രികളും കുറഞ്ഞത് ഒരു ദിവസത്തെ വ്രതാനുഷ്ഠാനത്തോടുകൂടി വേണം പൂജയില്‍ പങ്കെടുക്കുവാന്‍. ഒരാഴ്ച 25000 പേരോളം ഇതില്‍ പങ്കുചേരാറുണ്ട്.
എല്ലാ മാസവും അത്തം നക്ഷത്രത്തിൽ ദേവിഭാഗവത പാരായണം, നാരങ്ങാ വിളക്ക്, വിശേഷാൽ പൂജ, അന്നദാനം എന്നിവ നടത്തപ്പെടുന്നു. എല്ലാ മലയാളമാസം ഒന്നാം തീയതിയും തിരക്ക് വർധിതോടെ എല്ലാ വെള്ളിയാഴ്ചകളിലും നേർച്ചപ്പറയും നടത്തപ്പെടുന്നു. കൂടാതെ മൂലസ്ഥാനത്ത് കോഴിയെപ്പറത്ത്, അടുക്ക് സമര്‍പ്പണം, തെരളി നിവേദ്യം, പട്ടുംമാലയും എന്നിങ്ങനെ വഴിപാടുകളും പ്രധാനമാണ്. ക്ഷേത്രത്തിലെ പ്രധാന തിരുവുത്സവം ധനുമാസത്തിലെ തിരുവാതിരപൊങ്കാലയും പുണര്‍തം നക്ഷത്രത്തിലെ തിരുവുത്സവവുമാണ്. മഹാശിവരാത്രി വ്രതാനുഷ്ഠാനത്തോടും എതിരേല്‍പ്പോടും ആചരിക്കുന്നു. തിരുവുത്സവത്തോടനുബന്ധിച്ച് പറയ്‌ക്കെഴുന്നള്ളത്ത് പതിനായിരത്തോളം ഗ്യഹങ്ങളില്‍ എത്തുന്നു. ഇവിടെ വിളക്ക്, അന്‍പൊലി വഴിപാടും പ്രധാനമായും നടക്കുന്നു. എല്ലാ മാസവും നാരങ്ങാവിളക്ക് പൂജയുമുണ്ട്. മഹാശിവരാത്രിക്ക് അഹോരാത്രജലധാരയും, അഖണ്ഡനാമജപവും നടക്കുന്നു. വിനായകചതുര്‍ത്ഥി, രാമായണ മാസാചരണം, മണ്ഡലകാല വ്രതാനുഷ്ഠാനം, വിദ്യാരംഭം, നവരാത്രി ആഘോഷം, ശ്രീമതദ് സപ്താഹം, നിറപുത്തരി പൂജയും, കാവില്‍ ആയില്യത്തിന് നൂറുംപാലും നടത്താറുണ്ട്.
കായംകുളം കൊല്ലം പാതയിൽ കൃഷ്ണപുരത്തുനിന്നും ഒന്നരകിലോമീറ്റര്‍ കിഴക്കാണ് കുറക്കാവ് ദേവി ക്ഷേത്രം. കൃഷ്ണപുരം സിപിസിആര്‍ഐ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ അവിടെ നിന്നും ക്ഷേത്രത്തിലേക്ക് ബസ്സും ഓട്ടോയും ലഭിക്കും.
English Summery : Importance of Kurakkavu Bhagavathy Temple Alappuzha