ഗുരുവായൂരപ്പൻ സന്താനഗോപാല മൂർത്തീ ഭാവത്തിൽ കുടികൊള്ളുന്ന ഇടം

Mail This Article
പല നേർച്ചകളും വഴിപാടുകളും ചെയ്തിട്ടും
കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്രയം ആണ് തൃശ്ശൂർ ജില്ലയിൽ കേച്ചേരിക്ക് അടുത്ത് വേലൂർ പഞ്ചായത്തിൽ വടക്കാഞ്ചേരി പുഴക്കരയിൽ ഉള്ള ചതുർബാഹുവായ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള കുറുവണ്ണൂർ ക്ഷേത്രം. പഞ്ചലോഹം പൊതിഞ്ഞ കൃഷ്ണശിലാ വിഗ്രഹത്തിന് മൂന്ന് അടിയോളം ഉയരം ഉണ്ട്. സന്താന ഗോപാല മൂർത്തി സങ്കല്പത്തിൽ ആണ് പൂജ. നിത്യവും രാവിലെ ആറ് മണി മുതൽ ഒൻപതര വരെയും വൈകീട്ട് അഞ്ചര മുതൽ ഏഴര വരെ നട തുറന്നിരിക്കും. ഗണപതിയും ധർമശാസ്താവും ( പ്രഭ- സത്യക സമേതൻ) ബ്രഹ്മരക്ഷസ്സും ഉപദേവൻമാരാണ്. ആയിരത്തി ഒരുനൂറിലധികം വർഷത്തെ പഴക്കം ഉണ്ടെന്ന് കരുതുന്ന ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് പല കഥകളും ഉണ്ട്. മക്കൾ ഇല്ലാതിരുന്ന ബ്രാഹ്മണ ദമ്പതികൾക്ക് പതിവായുള്ള ഭജനം ഇരിക്കാൻ ഗുരുവായൂരിൽ പോകാൻ കഴിയാതെ വന്നപ്പോൾ അവർക്ക് ദർശനം നൽകിയ ഭഗവാൻ ഇനി താൻ ഇവിടെ ഇരുന്നു കൊള്ളാം എന്ന് അറിച്ചു എന്നാണ് ഐതിഹ്യം.
സന്താന ഗോപാല പൂജ ഇവിടത്തെ വിശേഷ വഴിപാട് ആണ്. വെണ്ണയും, ത്രിമധുരവും പാൽപ്പായസവുമാണ് നിവേദ്യങ്ങൾ. മറ്റു ക്ഷേത്രങ്ങളിൽ പതിവില്ലാത്ത സന്താന ഗോപാല ഹോമം ഇവിടെ നടത്തുന്നു. അരയാൽ ചമത, നെയ്യ്, ഹവിസ്സ് എന്നിവയാണ് ഇതിന് ഹോമിക്കുന്നത്. തൊട്ടിലും കിഴിയും കെട്ടുന്നതും ചന്ദനമുട്ടി നടയിൽ വയ്ക്കുന്നത് ഐശ്വര്യം ഉണ്ടാകുവാനും നല്ലതാണ്. രാവിലെ സന്താന ഗോപാല മൂർത്തിയും ഉച്ചയ്ക്ക് ലക്ഷ്മി നാരായണനും വൈകിട്ട് നരസിംഹ സങ്കൽപത്തിലും ദർശനം നൽകുന്നു.

തൃശ്ശൂർ -ഗുരുവായൂർ റൂട്ടിലുള്ള കേച്ചേരിയിൽ നിന്ന് വടക്കാഞ്ചേരി റോഡിലേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ മുന്നോട്ടു പോയാൽ തലക്കോട്ടുകര എന്ന സ്ഥലത്തെത്തും. ഇവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാഴിയോട്ടുമുറിയിലേക്കുള്ള റോഡിലൂടെ പോയാൽ പുലിയന്നൂരിലെത്തും.

പുലിയന്നൂർ ബസ് സ്റ്റോപ്പിൽ നിന്ന്
ഒന്നര കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം. തൃശ്ശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിൽ
നിന്ന് ഇരുപത്തൊന്നു കിലോമീറ്റർ ദൂരം ഉണ്ട് . അടുത്ത റെയിൽവേ സ്റ്റേഷൻ വടക്കാഞ്ചേരി ആണ്. നൂറ്റെട്ട് മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ്. പ്രകൃതി രമണീയമായ ക്ഷേത്ര പരിസരത്ത് ധാരാളം മയിലുകളെയും കാണാം.
ക്ഷേത്രം തന്ത്രി പേരാമംഗലം കീഴ്മണ്ടൂർ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയും മേൽ ശാന്തി കുറുവന്നൂർ കപ്പിയൂർ ഇല്ലത്ത് രാമചന്ദ്രൻ നമ്പൂതിരിയും ആണ്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട പുതുമന ശാസ്താ ക്ഷേത്രം,ഭദ്രകാളി ക്ഷേത്രം, തണ്ടിലം കാർത്ത്യായനി ക്ഷേത്രം എന്നിവയും ഉണ്ട്.

ലക്ഷ്മി നാരായണ പൂജ ഐശ്വര്യം, മംഗല്യ സൗഖ്യം എന്നിവയ്ക്കായും നരസിംഹ പൂജ ആഭിചാര ദോഷം, ബാധാ ഉപദ്രവങ്ങൾ ഒക്കെ മാറാനും ഉത്തമമാണ്.
ചിങ്ങമാസത്തിലെ ഉത്രാടം നാളിൽ ഇല്ലം നിറ, കാഴ്ചക്കുല സമർപ്പണം, തിരുവോണത്തിന് പാൽപായസം നിവേദ്യം എന്നിവ വളരെ വിശേഷമാണ്.
ഭഗവാന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണി, കന്നിയിലെ പൗർണ്ണമിക്ക് സന്താന ഗോപാലവ്രതം , തുലാത്തിലെ നവരാത്രി , വൃശ്ചികത്തിലെ മണ്ഡലകാലം , ധനുവിലെ മണ്ഡലസമാപനം, കുചേലദിനം , മകരവിളക്ക്, കുംഭത്തിലെ രോഹിണിയിൽ പ്രതിഷ്ഠാദിനം , മേടത്തിൽ വിഷു, വൈശാഖ പൂണ്യകാലം , ബലരാമ ജയന്തി , ഇടവത്തിലെ കൂർമാവതാര ജയന്തി, കർക്കിടകത്തിൽ നിത്യവും രാമായണ പാരായണം ഒക്കെ ആചരിക്കുന്നു. mob:9544693509, 9846444431.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
English Summary : Significance of Karuvannur Santhanamoorthy Temple