ADVERTISEMENT

ജന്മനക്ഷത്രത്തിന് ഒരു മനുഷ്യന്റെ സ്വഭാവത്തെയും ഭാഗ്യാനുഭവങ്ങളെയും ഒരു പരിധിവരെ സ്വാധീനിക്കാൻ സാധിക്കും. ചില ജന്മനക്ഷത്രത്തിലുള്ള സ്ത്രീകൾ ഭർത്താവിന് ഭാഗ്യമായി മാറും എന്നൊരു വിശ്വാസമുണ്ട്.

അശ്വതി
ആത്മവിശ്വാസികളും ധൈര്യശാലികളുമാണിവർ. അറിവു സമ്പാദിക്കുന്നതിനുളള താല്പര്യം, ധൈര്യം, ബുദ്ധിശക്തി, ഗാംഭീര്യമുളള മുഖഭാവം, വലിയ നെറ്റി, നീണ്ട മൂക്ക് ,തുളച്ചു കയറുന്ന നോട്ടം എന്നിവയെല്ലാം ഇവരുടെ പ്രത്യേകതയാണ്. ദൃഢനിശ്ചയവും സ്ഥിരോത്സാഹവും കൂടിച്ചേരുമ്പോൾ താനുദ്ദേശിക്കുന്ന ലക്ഷ്യ സ്ഥാനത്ത് നിഷ്പ്രയാസം എത്തിച്ചേരുന്നവരാണ് ഇക്കൂട്ടർ. കുടുംബവും ജീവിതവും സന്തോഷകരമായ അന്തരീക്ഷവും വേണമെന്ന് ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിച്ച് നല്ലത് തിരഞ്ഞെടുക്കാൻ അസാമാന്യ കഴിവുള്ളവരാണ്. അശ്വതി നക്ഷത്രക്കാരായ സ്ത്രീകൾ ജീവിത പങ്കാളിക്ക് ഭാഗ്യമാണ്. സൗന്ദര്യമുള്ളവരും ധനസ്ഥിതിയുള്ളവരുമായിരിക്കും. ഇവരോട് സംസാരിക്കുന്നതും ഇവരുമായുള്ള കൂട്ടുകെട്ടും ഐശ്വര്യപ്രദമായിരിക്കും. ശുദ്ധമനസും ഈശ്വര ഭക്തിയും ഗുരുഭക്തിയുമുള്ളവരാണിവർ. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും രാഷ്ട്രീയ രംഗത്തും നല്ലപോലെ ശോഭിക്കുവാൻ കഴിയും.

രോഹിണി
ഈ നക്ഷത്രജാതർ സ്ഥിരചിത്തരും സൗന്ദര്യമുളളവരും ആയിരിക്കും.രോഹിണി നക്ഷത്രക്കാരുടെ സാമീപ്യം ഗൃഹത്തിന് ഐശ്വര്യമാണ്. വിട്ടു വീഴ്ചയോടെ പെരുമാറുന്ന സ്വഭാവക്കാരിയാണ്. സൗന്ദര്യമുള്ളവരും, സ്വഭാവഗുണമുള്ളവരും, ആഡംബരപ്രിയരും ആയിരിക്കും. ജീവിതത്തിൽ ഒരു നല്ല അടിത്തറ പണിതുയർത്താൻ ഇവർക്കു കഴിയും. ലൗകിക സുഖത്തിലും സമ്പത്തിലും പ്രതിപത്തിയുളളവരാകയാൽ ഭാവിയിലേക്കുളള സമ്പാദ്യത്തിനു വളരെ പ്രാധാന്യം കൊടുക്കും.രോഹിണി നക്ഷത്രാധിപനായ ചന്ദ്രനും രാശ്യാധിപനായ ശുക്രനും സ്ത്രീ ഗ്രഹങ്ങളായതിനാൽ രോഹിണിക്കാരിൽ സ്ത്രീകളിൽ കൂടുതലായി കാണാറുളള ശിശുവാത്സല്യം, മുഖപ്രസാദം, പരോപകാര പ്രവണത, ആകർഷകമായ പെരുമാറ്റം, ലാളിത്യം എന്നീ ഗുണങ്ങൾ ഉണ്ടായിരിക്കും. രോഹിണി നക്ഷത്രക്കാരുടെ വിവാഹജീവിതം പൊതുവേ നന്നായിരിക്കും. രോഹിണിയിൽ ജനിച്ച സ്ത്രീകൾ സ്നേഹനിധികളായ ഭാര്യമാരും വാത്സല്യമുളള അമ്മമാരും ആയിരിക്കും. ക്ഷമയുള്ള നല്ല പങ്കാളി ആയിരിക്കും. ഇവരുടെ പ്രവൃത്തികൾ മറ്റുളളവരെ ആകർഷിക്കും.

കാർത്തിക
ദാമ്പത്യ ജീവിതം പൊതുവേ സന്തോഷകരമായിരിക്കും. താരതമ്യേന കുറഞ്ഞ പ്രായത്തിൽ വിവാഹം നടക്കും.
കാർത്തികയിൽ ജനിച്ചവർ തേജസ്വികളുടെ പ്രഭുതുല്യരും വിദ്യയോടും ധനത്തോടും കൂടിയവരും ആയിരിക്കും.വളരെയധികം സൗന്ദര്യബോധം ഉളളവരായിരിക്കും. മറ്റുളളവരോട് നല്ല രീതിയിൽ പെരുമാറാനും തന്നെപ്പറ്റി മറ്റുളളവരിൽ നല്ല അഭിപ്രായം വളർത്തുന്നതിനും ഇവർക്ക് സാധിക്കും. എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുകയും, ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി ക്രമീകരിക്കുകയും സൂക്ഷിക്കുകയും ചെയ്യും. സംഗീതത്തിലും നൃത്തത്തിലും താല്പര്യം കാണും. കുറഞ്ഞത് ആസ്വാദകരെങ്കിലും ആയിരിക്കും. സ്വന്തം പ്രവൃത്തികൊണ്ടു മാത്രമേ കാർത്തികക്കാർക്ക് ഉയർച്ച ഉണ്ടാവുകയുളളൂ. പ്രവൃത്തിയിൽ ഇറങ്ങിയാൽ ദൃഢനിശ്ചയത്തോടു കൂടി ലക്ഷ്യത്തിലെത്തിക്കും. കാര്യങ്ങൾ ആത്മാർ‌ഥതയോടെ ചെയ്യും.

പുണർതം
വിട്ടുവീഴ്ചാമനോഭാവമാണ് ഇവരുടെ പ്രത്യേകത. ക്ഷമാശീലമുള്ളവരാണ്. ഇവർ ബുദ്ധിശാലികളും വിശാല മനസ്കരും സൗമ്യതയും ഉളളവരും ആയിരിക്കും. ഓരോ കാര്യത്തിന്റെയും നന്മതിന്മകളെ തിരിച്ചറിയാൻ കഴിവുളള ഇവർ അന്യരുടെ കാര്യങ്ങളിൽ ഇടപെടാറില്ല. കാര്യങ്ങളെ ബുദ്ധിപൂർവ്വം ഗ്രഹിച്ച് എല്ലാവശവും ചിന്തിച്ച് പ്രവൃത്തിയിൽ കൊണ്ടുവരുന്നവരാണ്. ഒരു കാര്യത്തിലും എടുത്തുചാട്ടം കാണിക്കുകയില്ല. പുണർതം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ പുണ്യകാര്യങ്ങളിൽ തല്പരരും അഹന്ത ഇല്ലാത്തവരും നല്ല സ്വഭാവവും ഗാർഹിക കാര്യങ്ങളിൽ തല്പരരും ഭർതൃസാമീപ്യത്തോടു കൂടിയവരും ആയിരിക്കും.

മകം
മകം പിറന്ന മങ്ക എന്നതുപോലെ മകം സ്ത്രീകൾക്കു നല്ലതാണ്. ലക്ഷ്യബോധത്തോടെയുളള ജീവിതമായിരിക്കും. പൊതുവേ നല്ല ആരോഗ്യസ്ഥിതിയും സാമ്പത്തിക നിലയും ഇവർക്കുണ്ടാവും.ആത്മാർത്ഥതയും നിസ്വാർത്ഥ സേവനവും ഉള്ളവരാണിവർ. ഇതുകാരണം ചില അവസരങ്ങളിൽ ഇവർക്ക് ചില നേട്ടങ്ങൾ വരികയും ചെയ്യും. തന്റേടമുള്ളവരായിരിക്കും. സ്വന്തം പ്രയത്നത്തിലൂടെ സമ്പാദിക്കും. കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാൻ മിടുക്കരായിരിക്കും. മകം നക്ഷത്രക്കാരി ഒരു വീട്ടിലുണ്ടെങ്കിൽ അധികാര കേന്ദ്രം അവളിലായിരിക്കും.

ഉത്രം
ഉത്രം നക്ഷത്രത്തിലുള്ള സ്ത്രീകൾ തൊടുന്നതെല്ലാം പൊന്ന് എന്നാണ് പ്രമാണം. നേതൃപാടവവും വ്യക്തിത്വപ്രഭാവവും ഉന്നതപദവികളിലെത്തിച്ചേരുന്നവരും സുഖലോലുപതയോടു കൂടിയ ജീവിതം നയിക്കുന്നവരായിരിക്കും ഇവർ. പല കാര്യങ്ങളിലും ഭാഗ്യവാൻമാരായിരിക്കും. ശത്രുക്കളെ ജയിക്കുന്നവരും സുന്ദരിയും നല്ല സന്താനങ്ങളുള്ളവളുമായിരിക്കും. നയശീലരും വ്യവഹാര പ്രിയരും ശാസ്ത്ര താല്പര്യമുളളവരും മറ്റുള്ളവരോട് ഇഷ്ടം തോന്നുന്ന രീതിയിൽ സംസാരിക്കുന്നവളും സൽകർമ്മം ചെയ്ത് പുണ്യം നേടുന്നവളും കൃതജ്ഞതയുളളവളുമായിരിക്കും. ഇവർ ശാന്തരായിരിക്കും. സമാധാനകാംക്ഷികളായ ഇവർ നല്ല വാക്കുകൾ ഇഷ്ടപ്പെടുന്നു. കഴിവതും ആരോടും ശത്രുത പുലർത്താൻ ഇഷ്ടപ്പെടാത്തവരായിരിക്കും.

ചിത്തിര
ചിത്തിര നക്ഷത്രക്കാർ മന:ശക്തിയുള്ളവരായിരിക്കും. മിക്ക കാര്യങ്ങളും മുൻകൂട്ടികാണാനുള്ള ഒരു പ്രത്യേക കഴിവുണ്ട് . ബുദ്ധിശാലികളും സമാധാനകാംക്ഷികളുമാണ്. പ്രവർത്തന ചാതുര്യമുള്ളവരുമായിരിക്കും. എല്ലാവരോടും സ്നേഹമായി പെരുമാറും. അന്യരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുകയും അവരോടു വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യുമെങ്കിലും സ്വന്തം ഇഷ്ടത്തിന് അനുസരിച്ചേ കാര്യങ്ങൾ നടപ്പാക്കുകയുള്ളു. ഭർത്താവിനുണ്ടാവുന്ന പ്രതിസന്ധിഘട്ടങ്ങളിൽ ഉചിതമായ ഇടപെടലിലൂടെ കാര്യങ്ങൾ വരുതിയിലാക്കും. ഇക്കൂട്ടർ നൽകുന്ന മാനസിക പിന്തുണ പങ്കാളിയുടെ ഉയർച്ചക്ക് കാരണമാകും. ഉയര്‍ച്ചയില്‍ ആഗ്രഹമുള്ളവരാണ്. മറ്റുള്ളവരെയും ഇക്കാര്യത്തിൽ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ഇവര്‍ പങ്കാളിയോട് പെരുമാറ്റത്തില്‍ കണിശക്കാരായിരുന്നാലും ദയാലുക്കളായിരിക്കും.

English Summary:

Seven Birth Stars which become lucky for husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com